വില്ലന് സൂപ്പര്‍ കാര്‍ സമ്മാനിച്ച് ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന്‍. തന്‍റെ പുതിയ ചിത്രം ദബാങ് മൂന്നിൽ തന്റെ വില്ലനായി അഭിനയിച്ച കിച്ച സുധീപിനാണ് സല്‍മാന്‍റെ സ്നേഹ സമ്മാനം. 

ബിഎംഡബ്ല്യുവിന്റെ ലക്ഷ്വറി പെർഫോമൻസ് കാർ എം5 ആണ് സൽമാൻറെ സമ്മാനം. ബിഎംഡബ്ല്യുവിന്റെ പെർഫോമൻസ് സെഡാനാണ് എം5. എം സീരിസിനെ അടിസ്ഥാനപ്പെടുത്തി നിർമിച്ച കാറിൽ വി ട്വിൻ ടർബോ ചാർജിഡ് പെട്രോൾ എൻജിനാണ് ഉപയോഗിക്കുന്നത്. 625 പിഎസ് കരുത്തും 750 എൻഎം ടോർക്കുമുള്ള കാറിന് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത്തിലെത്താന്‍ വെറും 3.3 സെക്കന്റുകൾ മാത്രം മതി. 1.55 കോടി രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.

അപ്രതീക്ഷിത സമ്മാനം ലഭിച്ച വിവരം കിച്ച സുധീപ് തന്നെയാണ് ആരാധകരെ അറിയിച്ചത്. തന്റെ വീട്ടിലെത്തിയാണ് കാർ സമ്മാനിച്ചതെന്നും അപ്രതീക്ഷതമായി ലഭിച്ച സമ്മാനത്തിലും തന്റെ വീട്ടിലേയ്ക്ക് വന്നതിനും നന്ദിയും കിച്ച സുധീപ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്.