സാനിറ്റൈസർ ഇന്ന് നമ്മുടെ നിത്യജീവിതത്തിന്‍റെ ഭാഗമാണ്. മനുഷ്യരെ മാത്രമല്ല വാഹനങ്ങളും സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കുന്നുണ്ട്. എന്നാൽ വാഹനങ്ങളിൽ സാനിറ്റൈസർ സ്പ്രേ ചെയ്യുന്നതിൽ അൽപം കരുതൽ വേണമെന്നു വ്യക്തമാക്കുകയാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോ. 

"

ഏതോ ഫാക്ടറിയിലേക്കോ ഓഫീസിലേക്കോ പ്രവേശിക്കുന്നതിന് മുമ്പ് വാഹനം സാനിറ്റൈസ് ചെയ്യുന്നതിനിടെ ബൈക്കിന് തീപിടിക്കുകയായിരുന്നു. ബൈക്കിലെത്തിയ ആളുടെ ദേഹത്തേക്കും തീ പടർന്നു എങ്കിലും പെട്ടെന്ന് ബൈക്കിൽ നിന്ന് ഇറങ്ങിയതുകൊണ്ട് അധികം പൊള്ളലേൽക്കാതെ രക്ഷപ്പെട്ടു. എൻജിനിലോ സൈലൻസറിലെ സാനിറ്റൈസർ വീണതാകാം തീ പിടിക്കാൻ കാരണമായത്. സംഭവം നടന്ന സ്ഥലം വ്യക്തമല്ലെങ്കിലും അശ്രദ്ധ മൂലമുണ്ടായ അപകടമാണിതെന്ന് മനസിലാകും. 

എന്നാല്‍ സാധാരണയായി സോഡിയം ഹൈപ്പോ ക്ലോറൈഡ് ആണ് വാഹനങ്ങള്‍ അണുവിമുക്തമാക്കാന്‍ ഉപയോഗിക്കുന്നതെന്നാണ് ഈ മേഖലയിലുള്ളവര്‍ പറയുന്നത്. വെള്ളവുമായി ചേര്‍ത്താണ് ഇത് ഉപയോഗിക്കുക. സോഡിയം ഹൈപ്പോ ക്ലോറൈഡ് ഒരിക്കലും തീ പിടിക്കില്ല. വെഹിക്കള്‍ സാനിറ്റൈസിംഗ് ചേംബറുകളിലൊക്കെ ഈ രീതിയാണ് അവംലബിക്കുന്നത്. ആല്‍ക്കഹോള്‍ കലര്‍ന്ന സാനിറ്റൈസര്‍ ഉപയോഗിച്ചതാകാം  വീഡിയോയില്‍ കാണുന്ന വാഹനത്തിന് തീ പിടക്കാന്‍ കാരണമെന്നും ഈ മേഖലയിലുള്ളവര്‍ വ്യക്തമാക്കുന്നു. ആല്‍ക്കഹോള്‍ കലര്‍ന്ന സാനിറ്റൈസര്‍ ഉപയോഗിക്കുമ്പോള്‍ എഞ്ചിന്‍ ഓഫ് ചെയ്യാതിരുന്നതും ദുരന്തത്തിന് കാരണമാകാം.