കൊവിഡ് 19 വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഒറ്റപ്പെട്ട ഇന്ത്യന്‍ പ്രദേശങ്ങളിലെ ശുചീകരണം ഉറപ്പാക്കാന്‍ മുന്നിട്ടിറങ്ങി അമേരിക്കന്‍ ട്രാക്ടര്‍ നിര്‍മ്മാതാക്കളായ പൊളാരിസ് ഇന്ത്യ. കമ്പനിയുടെ ഏറ്റവും പുതിയ സ്‌പോര്‍ട്‌സ്മാന്‍ 570 ട്രാക്ടറിലാണ് ശൂചീകണത്തിനിറങ്ങിയിരിക്കുന്നത്. 

ഹരിയാനയിലെ ഫരിദാബാദ് മുനിസിപ്പല്‍ കോര്‍പറേഷനിലാണ് പൊളാരിസ് സാനിറ്റൈസേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. നഗരത്തിലെ റെഡ് സോണുകളാണ് അധികൃതര്‍ പൊളാരിസിനെ ഏല്‍പ്പിച്ചിരിക്കുന്നത്. ബാദ്കല്‍, ഖോരി പോലുള്ളവ വളരെ ഇടുങ്ങിയ മേഖലകളാണ്, ഇവിടെ മറ്റ് വാഹനങ്ങള്‍ക്ക് എത്തിപ്പെടാന്‍ പ്രയാസമാണ്. എന്നാല്‍, സ്‌പോര്‍ട്‌സ്മാന്‍ ഓഫ് റോഡുകള്‍ക്ക് അനുയോജ്യമായി രൂപകല്‍പ്പന ചെയ്തിരിക്കുന്നതിനാല്‍ ഈ സ്ഥലങ്ങളില്‍ അനായാസം എത്താന്‍ സാധിക്കും.

ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്കായി മുനിസിപ്പാലിറ്റിയുടെ വാഹനങ്ങള്‍ എത്തുന്നുണ്ടെങ്കിലും ഈ വാഹനങ്ങള്‍ പ്രവേശിക്കാന്‍ സാധിക്കാത്ത ഇടുങ്ങിയ പ്രദേശങ്ങളിലേക്കാണ് പൊളാരിസിന്റെ സ്‌പോര്‍ട്‌സ്മാന്‍ അണുനാശിനികള്‍ തളിക്കാനായിറങ്ങിയത്. 

അടുത്തിടെയാണ് ഇന്ത്യയിലെ ട്രാക്ടര്‍ ശ്രേണിയിലേക്ക് കാര്‍ഷികാവശ്യങ്ങള്‍ക്കായി സ്‌പോര്‍ട്‌സ്മാന്‍ 570 ട്രാക്ടറിനെ പൊളാരിസ് പുറത്തിറക്കിയത്. 567 സിസി, 4 സ്‌ട്രോക്ക് എന്‍ജിനാണ് പോളാരിസ് സ്‌പോര്‍ട്‌സ്മാന്‍ 570 ട്രാക്ടറിന് കരുത്തേകുന്നത്. 34 കുതിരശക്തി ഉല്‍പ്പാദിപ്പിക്കും. ഇലക്ട്രോണിക് ഫ്യൂവല്‍ ഇന്‍ജെക്ഷന്‍ സംവിധാനം നല്‍കി. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ചേര്‍ത്തുവെച്ചു. 4 വീല്‍ ഡ്രൈവ് വാഹനമാണ് പോളാരിസ് സ്‌പോര്‍ട്‌സ്മാന്‍ 570. ഏറ്റവും ഉയര്‍ന്ന വേഗത മണിക്കൂറില്‍ 60 കിലോമീറ്ററായി ഇലക്ട്രോണിക്കലായി പരിമിതപ്പെടുത്തി. 280 മില്ലിമീറ്ററാണ് ഗ്രൗണ്ട് ക്ലിയറന്‍സ്. സ്വതന്ത്ര സസ്‌പെന്‍ഷന്‍ ലഭിച്ചു.

ഓള്‍ ടെറെയ്ന്‍ വാഹനമെന്ന് (എടിവി) തോന്നിപ്പിക്കുമെങ്കിലും ഫാക്റ്ററി ഫിറ്റഡ് വിഞ്ച്, പ്ലോ മൗണ്ട് പ്ലേറ്റ് എന്നിവ ‘സ്‌പോര്‍ട്‌സ്മാന്‍ 570’ വാഹനത്തില്‍ നല്‍കിയിരിക്കുന്നു. സാധാരണ ട്രാക്ടറുകളില്‍ സ്റ്റിയറിംഗ് വളയമാണ് കാണുന്നതെങ്കില്‍ ഹാന്‍ഡില്‍ബാറാണ് പോളാരിസ് നല്‍കിയത്. ഇലക്ട്രോണിക് പവര്‍ സ്റ്റിയറിംഗ് ബാക്ക്‌റെസ്റ്റോടു കൂടിയ സീറ്റ് തുടങ്ങിയവ സവിശേഷതയാണ്. 7.99 ലക്ഷം രൂപയാണ് ദില്ലി എക്‌സ് ഷോറൂം പ്രാരംഭ വില. 

രാജ്യത്തെ എല്ലാ ഡീലര്‍ഷിപ്പുകളിലും പോളാരിസ് സ്‌പോര്‍ട്‌സ്മാന്‍ 570 ലഭിക്കും. വില പിന്നീട് 8.49 ലക്ഷം രൂപയായി വര്‍ധിപ്പിക്കും. ട്രാക്ടര്‍ എന്ന നിലയില്‍ വില്‍ക്കുന്നതിന് ഇന്ത്യയിലെ മാനദണ്ഡങ്ങള്‍ പാലിച്ചതായി പോളാരിസ് വൃത്തങ്ങള്‍ വ്യക്തമാക്കി. റോഡ് അസിസ്റ്റന്‍റ് സര്‍വ്വീസ്, ഒരു വര്‍ഷം ദീര്‍ഘിപ്പിച്ച വാറന്റി എന്നിവ ലഭിക്കും.