ലോക്ക് ഡൌണ്‍ കാരണം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാതെ പോയ ബിഎസ് 4 വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ സുപ്രീംകോടതി അനുമതി നല്‍കി.

മാർച്ച്​ 31നു മുമ്പ്​ വിറ്റഴിഞ്ഞ ബിഎസ് 4 വാഹനങ്ങൾ രജിസ്റ്റർ ചെയ്യാനാണ് അനുമതി. ലോക്ക് ഡൗൺ കാരണം ഇവയുടെ രജിസ്​ട്രേഷൻ നടത്താൻ കഴിഞ്ഞില്ലെന്ന വാദം പരിഗണിച്ചാണ്​ നടപടി. ഫെഡറേഷൻ ഓഫ്​ ഓട്ടോ മൊബൈൽ ഡീലേഴ്​സ്​ അസോസിയേഷൻ നൽകിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. ഇ-വഹാൻ പോർട്ടലിൽ നടത്തിയ താൽക്കാലിക രജിസ്ട്രേഷൻ ഉൾപ്പെടെയുള്ളവ അനുവദിക്കുമെന്ന് കോടതി വ്യക്തമാക്കി. 

ബി‌എസ് 4​ വാഹനങ്ങളുടെ രജിസ്ട്രേഷൻ അനുവദിക്കാത്ത ദില്ലി-എൻ‌സി‌ആർ ഒഴികെയുള്ള പ്രദേശങ്ങളിലെ വാഹനങ്ങൾ ഇതോടെ രജിസ്​റ്റർ ചെയ്യാനാകും. സര്‍ക്കാരിന്റെ വാഹന്‍ പോര്‍ട്ടലില്‍ വിശദാംശങ്ങള്‍ അപ്‌ലോഡ് ചെയ്‍ത വാഹനങ്ങള്‍ക്കു മാത്രമായിരിക്കും ഈ വിധി ബാധകമാകുക. 

വിറ്റഴിക്കപ്പെടാത്ത ഏഴ്​ ലക്ഷത്തോളം ബി‌എസ് 4​ വാഹനങ്ങളുണ്ടെന്ന്‌ എഫ്​എഡിഎ 2020 മാർച്ചിൽ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. അതിൽ 15,000 കാറുകളും 12,000 വാണിജ്യ വാഹനങ്ങളും ഉൾപ്പെടുന്നു. ഇതിൽ 39,000 വാഹനങ്ങളുടെ വിശദാംശങ്ങൾ ഇ-വഹാൻ പോർട്ടലിൽ അപ്‌ലോഡ് ചെയ്‍തിട്ടില്ല. അതുകൊണ്ടു തന്നെ പുതിയ സാഹചര്യത്തിൽ ഈ വാഹനങ്ങളുടെ രജിസ്​ട്രേഷൻ പ്രതിസന്ധിയിലാകും. 

ഏപ്രില്‍ 1ന് കാലാവധി അവസാനിക്കുന്ന ബിഎസ് 4 വാഹനങ്ങള്‍ 10 ദിവസം കൂടി വില്‍ക്കാന്‍ മാർച്ച്​ 27ന്​ ഡീലർമാർക്ക്​ സുപ്രീം കോടതി അനുമതി നൽകിയിരുന്നു. ലോക്ക് ഡൌണിന് ശേഷം 10 ദിവസം കൂടി ബിഎസ്4 വാഹനങ്ങള്‍ വില്‍ക്കാനായിരുന്നു അനുമതി. എന്നാല്‍ പിന്നീട് ഈ​ അനുമതി കോടതി റദ്ദാക്കുകയും രജിസ്​ട്രേഷൻ തടയുകയും ചെയ്​തു. ഇളവു നല്‍കിയ ഉത്തരവ് ഡീലര്‍മാര്‍ ദുരുപയോഗം ചെയ്യുന്നുവെന്ന് കണ്ടെത്തെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. 

മാര്‍ച്ച് 31ന് ശേഷം രാജ്യത്ത് ബിഎസ്6 വാഹനങ്ങള്‍ വില്‍ക്കാന്‍ മാത്രമേ അനുമതി ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ കൊവിഡ് 19 പ്രതിരോധത്തിന്‍റെ ഭാഗമായി മാർച്ച് 25 ന് രാജ്യവ്യാപകമായി ലോക്ക് ഡൌൺ പ്രഖ്യാപിച്ചു. ഇതു കാരണം നഷ്ടപ്പെട്ട ആറ് ദിവസത്തേക്ക് വിറ്റുപോകാത്ത 10 ശതമാനം ബിഎസ് 4 വാഹനങ്ങൾ വിൽക്കാൻ കോടതി അനുമതി നൽകുകയായിരുന്നു. അടച്ചിടലിന്‍റെ പശ്ചാത്തലത്തില്‍ ഡീലര്‍മാരുടെ അപേക്ഷയെ തുടര്‍ന്നായിരുന്നു 10 ദിവസം കൂടി നീട്ടി നല്‍കിയത്. ദില്ലി ഒഴികെയുള്ള സ്ഥലങ്ങളിലായിരുന്നു ഇളവ് അനുവദിച്ചത്. ഈ വാഹനങ്ങളുടെ രജിസ്ട്രേഷൻ വാങ്ങി പത്തുദിവസത്തിൽ പൂർത്തിയാക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു.

നിലവിലെ സ്റ്റോക്കിന്‍റെ 10 ശതമാനം വച്ച് 1.05 ലക്ഷം ബിഎസ് 4 വാഹനങ്ങള്‍ വില്‍ക്കാനായിരുന്നു അനുമതി. എന്നാല്‍ ഇതുലംഘിച്ച ഡീലര്‍മാര്‍ 2.55 ലക്ഷം വണ്ടികള്‍ വിറ്റതായി കോടതി കണ്ടെത്തി. മാർച്ച് അവസാന വാരത്തിലും മാർച്ച് 31 ന് ശേഷവും ലോക്ക് ഡൌൺ സമയത്തുമൊക്കെ ബിഎസ് 4 വാഹനങ്ങൾ വിറ്റതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.  ഇതോടെയാണ് ഉത്തരവ് പിന്‍വലിക്കാന്‍ കോടതി അന്ന് തീരുമാനിച്ചത്. 

മലിനീകരണം കുറയ്ക്കുന്നതിന്‍റെ ഭാഗമായാണ് രാജ്യത്ത് ബിഎസ്4 വാഹനങ്ങള്‍ നിരോധിച്ചത്. 2020 ഏപ്രില്‍ 1 മുതല്‍ ബിഎസ് 6 ഇന്ധന മാനദണ്ഡ പ്രകാരമുള്ള വാഹനങ്ങൾ മാത്രമേ വിൽക്കാൻ സാധിക്കൂ. നഗരങ്ങളില്‍ വായു മലിനീകരണത്തിന്റെ തോത് ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ബിഎസ് 6 വാഹനങ്ങളിലേക്ക് രാജ്യം കടന്നത്.