Asianet News MalayalamAsianet News Malayalam

മാറിമാറി എക്സൈസ് വണ്ടികള്‍; പൊലീസിനെ പറ്റിച്ച് അധ്യാപികയുടെ യാത്ര ഇങ്ങനെ!

അധ്യാപിക ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ മറികടന്ന് അതിർത്തികടന്നത് എക്സൈസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ എക്സൈസിന്‍റെ ഔദ്യോഗിക വാഹനത്തില്‍. എക്സൈസ് വാഹനം ഔദ്യോഗിക ആവശ്യങ്ങൾക്കായി ഓടുകയാണെന്ന ധാരണയിൽ പോലീസ് ഈ വാഹനങ്ങൾ പരിശോധിച്ചില്ല. 

School teacher violated lock down and traveled in excise department vehicles from Trivandrum to Wayanad
Author
Trivandrum, First Published Apr 24, 2020, 10:18 AM IST

തിരുവനന്തപുരം കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപിക ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ മറികടന്ന് അതിർത്തികടന്നത് എക്സൈസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ എക്സൈസിന്‍റെ ഔദ്യോഗിക വാഹനത്തില്‍. എക്സൈസ് വാഹനം ഔദ്യോഗിക ആവശ്യങ്ങൾക്കായി ഓടുകയാണെന്ന ധാരണയിൽ പോലീസ് ഈ വാഹനങ്ങൾ പരിശോധിച്ചില്ല. ഈ വിശ്വാസത്തിൽ ചെക്‌പോസ്റ്റുകൾ എളുപ്പത്തിൽ മറികടന്നാണ് അധ്യാപിക കേരളം വിട്ടത്. കടുത്ത നിയമലംഘനങ്ങളുമായി അധ്യാപികയുടെ യാത്രാവഴികള്‍ ഇങ്ങനെ. 

മലബാർമേഖലയിൽ ജോലിചെയ്യുന്ന തിരുവനന്തപുരം സ്വദേശികളായ ഉദ്യോഗസ്ഥരാണ് അധ്യാപികയുടെ നിയമലംഘനത്തിന് സഹായകരായത്.  ഒരു ഉന്നത ഉദ്യോഗസ്ഥന്‍റെ സ്വകാര്യവാഹനത്തിലാണ്  തിരുവനന്തപുരത്തുനിന്നും ഇവര്‍ പെരിന്തൽമണ്ണ വരെ എത്തിയതെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് സര്‍ക്കാര്‍ വാഹനം തന്നെ ആയിരുന്നെന്നാണ് ഒടുവില്‍ പുറത്തുവരുന്ന സൂചന. ലോക്ക് ഡൗൺ തുടങ്ങിയ ശേഷം മലബാറില്‍ നിന്നും സ്വദേശമായ തിരുവനന്തപുരത്തേക്ക് മുങ്ങിയ ചില എക്സൈസ് ഉദ്യോഗസ്ഥരും ഈ വാഹനത്തില്‍ ഉണ്ടായിരുന്നെന്നും വിവരമുണ്ട്. 

പെരിന്തൽമണ്ണ മുതല്‍ എക്സൈസിന്റെ ഔദ്യോഗികവാഹനങ്ങൾ യാത്രയ്ക്കായി ഉപയോഗിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. പെരിന്തൽമണ്ണമുതൽ രാമനാട്ടുകരവരെ എക്സൈസിന്‍റെ സ്ക്വാഡ് വാഹനത്തിലായിരുന്നു യാത്ര. തുടര്‍ന്ന് രാമനാട്ടുകരയിൽ വച്ച് ഈ വാഹനം ഉപേക്ഷിച്ചു. ഇവിടെ നിന്നും വയനാട് ചുരത്തിലെ തകരപ്പാടിവരെ കുന്ദമംഗലം ഇൻസ്പെക്ടറുടെ ഔദ്യോഗികവാഹനം ഉപയോഗിച്ചു. ഡ്രൈവർക്ക് പകരം സിവിൽ എക്സൈസ് ഉദ്യോഗസ്ഥനെകൊണ്ടാണ് വാഹനം ഓടിപ്പിച്ചത്. 

തകരപ്പാടിയിൽനിന്ന് മുത്തങ്ങവരെ കല്പറ്റ സർക്കിൾ ഇൻസ്പെക്ടറുടെ ഔദ്യോഗിക വാഹനത്തിലേക്ക് മാറിക്കയറി. അധ്യാപികയുടെ ബന്ധു വാഹനവുമായി കാത്തുനിന്നിരുന്ന മൂലഹള്ളി വരെ എക്സൈസ് വാഹനങ്ങള്‍ ഇങ്ങനെ മാറിമാറി ഓടിക്കൊണ്ടിരുന്നു.  എക്സൈസ് വാഹനം ഔദ്യോഗിക ആവശ്യങ്ങൾക്കായി ഓടുകയാണെന്ന ധാരണയിൽ ഈ വാഹനങ്ങളൊന്നും ഒരിടത്തും പൊലീസ് പരിശോധിച്ചില്ല. അതോടെ ഇവര്‍ക്ക് ചെക്ക് പോസ്റ്റുകൾ എളുപ്പത്തിൽ മറികടക്കാനായി എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഒരാഴ്ച മുൻപ് നടന്ന  സംഭവം പുറത്തായതോടെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.  സംഭവത്തെ സംഭവിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ ജില്ലാ കളക്ടർ ജില്ലാ പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടി. കൽപറ്റ ഡിവൈഎസ്പിയാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. അധ്യാപികക്കെതിരെ കേസെടുക്കുമെന്ന് വയനാട് ജില്ലാ ഭരണകൂടം അറിയിച്ചു. അതിർത്തി കടത്തി വിടാൻ സഹായിച്ച എക്സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി ഉണ്ടായേക്കും. തിരുവനന്തപുരത്തെ ഉന്നത സർക്കാർ ഉദ്യോഗസ്ഥരുടെ അടുത്ത സുഹൃത്തായ അധ്യാപിക ദില്ലിയിലേക്കാണ് യാത്ര ചെയ്യുന്നതെന്നാണ് വിവരം. 

Follow Us:
Download App:
  • android
  • ios