പുതുക്കിയ മോട്ടോര്‍ വാഹന നിയമപ്രകാരമുള്ള കേസുകളും പിഴകളും കഴിഞ്ഞ കുറച്ചുദിവസങ്ങളായി വാര്‍ത്തകളില്‍ സജീവമാണ്.  നിയമലംഘനങ്ങള്‍ക്കുള്ള വന്‍ പിഴകള്‍ക്ക് പുറമേ നിരവധി കൗതുക വാര്‍ത്തകളും പുതിയ നിയമം പ്രാബല്യത്തില്‍ വന്നതിനു പിന്നാലെയെത്തുന്നുണ്ട്. ഹെൽമെറ്റ് ധരിക്കാത്തതിന് കാര്‍ യാത്രികന് ഉത്തര്‍പ്രദേശില്‍ പിഴ ചുമത്തിയതും സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് ഓട്ടോ ഡ്രൈവർക്ക് പിഴയിട്ടതും കാളവണ്ടി ഉടമക്ക് പൊലീസ് പിഴ ചുമത്തിയതുമൊക്കെ അത്തരം വാര്‍ത്തകളാണ്.

ഇപ്പോഴിതാ പുതിയ സ്‌കൂട്ടറിന് ഒരുലക്ഷം രൂപ പിഴ ഇട്ടിരിക്കുകയാണ് മോട്ടോര്‍ വാഹനവകുപ്പ്. ഒഡീഷയിലാണ് സംഭവം.  പുതിയ ഹോണ്ട ആക്ടീവ സ്‌കൂട്ടറിന് നമ്പറും താത്കാലിക പെര്‍മിറ്റും ഇല്ലാത്തതിനാലാണ് വാഹന ഉടമക്ക് മോട്ടോര്‍ വാഹനവകുപ്പ് ഒരു ലക്ഷം രൂപ പിഴയിട്ടത്. എന്നാല്‍ സ്‍കൂട്ടറിന് 70,000 രൂപയില്‍ താഴെ മാത്രമാണ് വിലയെന്നതാണ് കൗതുകരം. 

ഭുവനേശ്വറിലെ ഡീലര്‍ഷിപ്പില്‍ നിന്ന് ഓഗസ്റ്റ് 28ന് വാങ്ങിയ സ്‍കൂട്ടറുമായി സെപ്റ്റംബര്‍ 12-നാണ് ഉടമ വാഹന പരിശോധനയില്‍ കുടുങ്ങിയത്. രജിസ്‌ട്രേഷന്‍ കഴിയാത്ത വാഹനവുമായി നിരത്തിലിറങ്ങിയതിനാണ് ഒരുലക്ഷം രൂപ പിഴ. 

സംഭവത്തില്‍ ഡീലര്‍ഷിപ്പിന്റെ ലൈസന്‍സ് റദ്ദാക്കാനും ആര്‍ടിഒ നിര്‍ദേശിച്ചു. രേഖകളൊന്നും നല്‍കാതെ വാഹനം ഉപഭോക്താവിന് നല്‍കിയതാണ് ഡീലര്‍ക്കെതിരെയുള്ള കുറ്റം. വാഹനം ഉപഭോക്താവിന് കൈമാറുമ്പോള്‍ രജിസ്‌ട്രേഷന്‍ നമ്പര്‍, ഇന്‍ഷുറന്‍സ്, പുക പരിശോധന സര്‍ട്ടിഫിക്കറ്റ് എന്നിവ ഡീലര്‍മാര്‍ നല്‍കണമെന്നാണ് പുതിയ നിയമത്തിലെ നിര്‍ദേശം.