ആലപ്പുഴ: പ്ലസ്‍ടു വിദ്യാർത്ഥിയുടെ കഴുത്തിൽ കത്തിവച്ചു ഭീക്ഷണിപ്പെടുത്തി സ്‍കൂട്ടർ തട്ടിയെടുത്ത യുവാക്കളെ നാട്ടുകാര്‍ സാഹസികമായി പിടികൂടി. ആലപ്പുഴ വള്ളിക്കുന്നത്താണ് സംഭവം.  വള്ളികുന്നം തെക്കേമുറി വാളാക്കോട്ട് തെക്കതിൽ അനസ് (25), കടുവുങ്കൽ പുത്തൻപുരയിൽ ആസാദ് (22) എന്നിവരെയാണ് പിടികൂടിയത്. 

കണിയാംമുക്കിനു സമീപമുള്ള കളിസ്ഥലത്തു വച്ച് സിനിമാ സ്റ്റൈലിൽ ആണ് സംഭവം.  പ്ലസ്ടു വിദ്യാർഥി വള്ളിക്കുന്നം കടുവുങ്കൽ പികെ ഹൗസിൽ അഹമ്മദ് സിനാന്റെ സ്കൂട്ടറാണു തട്ടിയെടുത്തത്.  യുവാക്കൾ സ്കൂട്ടർ ആവശ്യപ്പെട്ടെപ്പോൾ നൽകാഞ്ഞതിനെ തുടർന്ന് പ്രതികൾ കൈയിൽ കരുതിയിരുന്ന കത്തി വിദ്യാർഥിയുടെ കഴുത്തിൽവച്ച് ഭീഷണിമുഴക്കി സ്കൂട്ടർ തട്ടിയെടുത്തു കടക്കുകയായിരുന്നു.  തുടര്‍ന്ന് നാട്ടുകാര്‍ സാഹസികമായി വളഞ്ഞിട്ടാണു പ്രതികളെ പിടികൂടിയത്. 

ഇവർ ഒട്ടേറെ കേസുകളിൽ മുൻപും പ്രതിയായിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.