ട്രാഫിക് സിഗ്നലിൽ യുവതി സഞ്ചരിച്ചിരുന്ന സ്‍കൂട്ടറിനെ ഇടിച്ചു തെറിപ്പിക്കുന്ന വാഹനത്തിന്‍റെ ദൃശ്യങ്ങള്‍ വൈറലാകുന്നു. വിയറ്റ്നാമില്‍ നടന്ന അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. 

സിഗ്നലില്‍ ചുവപ്പു ലൈറ്റ് കണ്ട് സ്‍കൂട്ടർ നിർത്തിയതായിരുന്നു യുവതി. നിമിഷങ്ങൾക്കകം പിന്നാലെ എത്തിയ എസ്‍യുവി സ്‍കൂട്ടറിനെ ഇടിച്ചു തെറിപ്പിച്ചു. അമിത വേഗതയിൽ എസ്‍യുവി പാഞ്ഞു വരുന്നത് കണ്ട യുവതി ക്ഷണനേരം കൊണ്ട് സ്‍കൂട്ടറില്‍ നിന്നും ചാടിയിറങ്ങി. ഇതിനിടെ എസ്‍യുവി സ്‍കൂട്ടറിനെ ഇടിച്ചുതെറിപ്പിച്ചു.

തലനാരിഴയ്‍ക്കാണ് യുവതി രക്ഷപ്പെട്ടത് എന്ന് ഈ വീഡിയോ വ്യക്തമാക്കുന്നു. ഇടിയുടെ ആഘാതത്തില്‍ ഉയര്‍ന്നു പൊങ്ങിയ സ്‍കൂട്ടര്‍ ഏറെ മുന്നിലാണ് ചെന്ന് വീണത്.  എസ്‍യുവി ഡ്രൈവറുടെ അശ്രദ്ധയാണ് അപകട കാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തിനു ശേഷം എസ്‍യുവിയില്‍ നിന്നും ഡ്രൈവര്‍ ഇറങ്ങി വരുന്നതും വീഡിയോയില്‍ കാണാം.  സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളാണ് യൂ ടൂബിലും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. നിരവധി പേര്‍ ഇതുവരെ ഈ വീഡിയോ കണ്ടു കഴിഞ്ഞു.