Asianet News MalayalamAsianet News Malayalam

മാരുതിക്ക് പണി കൊടുത്ത 'വില്ലൻ'; ഉത്പാദനത്തെ വരെ ഇടിച്ച ചിപ്പ് പ്രതിസന്ധി, നില മെച്ചപ്പെട്ടെന്ന് കമ്പനി

സാഹചര്യത്തെ നേരിടാൻ, ലഭ്യമായ ഇലക്ട്രോണിക് ഘടകങ്ങളുടെ വിതരണത്തിൽ നിന്ന് പരമാവധി ഉൽപ്പാദനം വർദ്ധിപ്പിക്കാൻ മാരുതി സുസുക്കി ഇപ്പോൾ പ്രവർത്തിക്കുകയാണെന്നും അദ്ദേഹം വെളിപ്പെടുത്തിയതായാണ് റിപ്പോർട്ടുകള്‍.

semiconductor shortage still not over for maruti suzuki
Author
First Published Jan 30, 2023, 2:03 PM IST

വാഹന വിപണിയിലെ ചില തടസങ്ങള്‍ നീങ്ങി നില മെച്ചപ്പെട്ടിട്ടുണ്ടാകാമെങ്കിലും രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയുടെ ആശങ്ക അവസാനിച്ചിട്ടില്ല എന്ന് റിപ്പോര്‍ട്ട്. മൈക്രോചിപ്പ് സപ്ലൈകൾ വെല്ലുവിളി നിറഞ്ഞതും പ്രവചനാതീതവുമായി തുടരുന്ന സാഹചര്യം ഉൽപ്പാദനത്തിൽ സ്വാധീനം ചെലുത്തുന്നത് തുടരുകയാണെന്ന് മാരുതിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ (സിഎഫ്ഒ) അജയ് സേത്ത് പറഞ്ഞതായി പിടിഐയെ ഉദ്ദരിച്ച് എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്തു. സാഹചര്യത്തെ നേരിടാൻ, ലഭ്യമായ ഇലക്ട്രോണിക് ഘടകങ്ങളുടെ വിതരണത്തിൽ നിന്ന് പരമാവധി ഉൽപ്പാദനം വർദ്ധിപ്പിക്കാൻ മാരുതി സുസുക്കി ഇപ്പോൾ പ്രവർത്തിക്കുകയാണെന്നും അദ്ദേഹം വെളിപ്പെടുത്തിയതായാണ് റിപ്പോർട്ടുകള്‍.

ഈ സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തെ അപേക്ഷിച്ച് 2022 ഡിസംബറിൽ അവസാനിച്ച നടപ്പ് സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ മൈക്രോചിപ്പ് വിതരണ സ്ഥിതി മെച്ചപ്പെട്ടു. എന്നിരുന്നാലും, ചിപ്പ് പ്രതിസന്ധി കാരണം ഒക്ടോബർ-ഡിസംബർ പാദത്തിൽ മാരുതി സുസുക്കിയുടെ ഉൽപ്പാദനം ഏകദേശം 46,000 യൂണിറ്റ് കുറഞ്ഞു. ഇലക്ട്രോണിക് ഘടകങ്ങളുടെ പരിമിതമായ ലഭ്യത തങ്ങളുടെ ഉൽപ്പാദനം ആസൂത്രണം ചെയ്യുന്നതിൽ ഒരു വെല്ലുവിളിയാണ് എന്നും ഇലക്ട്രോണിക് ഘടകങ്ങളുടെ ക്ഷാമം ഇപ്പോഴും ഉൽപ്പാദന അളവ് പരിമിതപ്പെടുത്തുന്നു എന്നും അജയ് സേത്ത് പറഞ്ഞു.

ഇലക്ട്രോണിക് ഘടകങ്ങളുടെ വിതരണ സാഹചര്യം പ്രവചനാതീതമായി തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ കുറച്ച് മാസങ്ങളായി മൈക്രോചിപ്പ് പ്രതിസന്ധിയെത്തുടർന്ന് മാരുതി സുസുക്കി ഉൾപ്പെടെ നിരവധി വാഹന നിർമ്മാതാക്കൾ വൻ പ്രതിസന്ധിക്ക് സാക്ഷ്യം വഹിച്ചിരുന്നു. വാഹന നിർമാണത്തിലെ തടസ്സം ഉപഭോക്താക്കൾക്ക് നീണ്ട കാത്തിരിപ്പ് കാലാവധി വരുത്താനും  കാരണമാകുന്നുണ്ട്. മാരുതി സുസുക്കിയുടെ തീർപ്പാക്കാത്ത ഉപഭോക്തൃ ഓർഡറുകൾ നടപ്പ് സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിന്റെ അവസാനത്തിൽ ഏകദേശം 3.63 ലക്ഷം യൂണിറ്റായി വർധിച്ചതായിട്ടാണ് റിപ്പോർട്ടുകള്‍.

നിലവിൽ, ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമ്മാണ കമ്പനിയായ മാരുതിക്ക് മനേസർ, ഗുരുഗ്രാം പ്ലാന്റുകളിലായി പ്രതിവർഷം 15 ലക്ഷം യൂണിറ്റുകളുടെ സഞ്ചിത ഉൽപ്പാദന ശേഷിയുണ്ട്. മാതൃസ്ഥാപനമായ സുസുക്കി മോട്ടോറിന്റെ ഗുജറാത്ത് സ്ഥാപനത്തിൽ നിന്ന് 7.5 ലക്ഷം യൂണിറ്റുകളും ഉല്‍പ്പാദിപ്പിക്കാൻ സാധിക്കും. എന്നിരുന്നാലും, പ്രതിവർഷം ഇത്രയും വലിയ ഉൽപ്പാദന ശേഷിയുണ്ടായിട്ടും, ചിപ്പ് ക്ഷാമം കാരണം മാരുതി സുസുക്കി ഉൽപ്പാദനത്തിൽ വളരെയധികം ബുദ്ധിമുട്ടുകൾ നേരിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

Follow Us:
Download App:
  • android
  • ios