റോഡ് സുരക്ഷയെക്കുറിച്ച് ഒരു രാജ്യം നടത്തിയ സര്‍വ്വേയില്‍ ഭൂരിപക്ഷം യുവാക്കളും പറഞ്ഞ അഭിപ്രായങ്ങള്‍ കേട്ടാല്‍ ജീവനില്‍ കൊതിയുള്ളവരൊക്കെ നെഞ്ചില്‍ കൈവയ്ക്കും

അബുദാബി: റോഡ് സുരക്ഷയെക്കുറിച്ച് ഒരു രാജ്യം നടത്തിയ സര്‍വ്വേയില്‍ ഭൂരിപക്ഷം യുവാക്കളും പറഞ്ഞ അഭിപ്രായങ്ങള്‍ കേട്ടാല്‍ ജീവനില്‍ കൊതിയുള്ളവരൊക്കെ നെഞ്ചില്‍ കൈവയ്ക്കും. ആ അഭിപ്രായങ്ങള്‍ എന്താണെന്നല്ലേ? സീറ്റ് ബെല്‍റ്റിട്ടാല്‍ വസ്ത്രം ചുളിയും, ഇന്‍ഡിക്കേറ്റര്‍ ഉപയോഗിക്കേണ്ട ആവശ്യമില്ല, മുന്നിലുള്ള വണ്ടിയുമായി സുരക്ഷിതമായ അകലം പാലിക്കേണ്ട കാര്യമില്ല, റഡാറുകളും സ്‍പീഡ് ക്യാമറകളും എവിടെയാണെന്ന് കൃത്യമായി അറിയാവുന്നതിനാല്‍ അമിതവേഗത ഒരു പ്രശ്നമേയല്ല! ഇങ്ങനെ പോകുന്നു അഭിപ്രായങ്ങള്‍.

റോഡ് സേഫ്റ്റി യുഎഇ നടത്തിയ ഏറ്റവും ഒടുവിലത്തെ പഠന റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്നതും കൗതുകമുണര്‍ത്തുന്നതുമായ ഈ വിവരങ്ങള്‍. അതിവേഗം, അശ്രദ്ധ, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കല്‍ തുടങ്ങിയ പ്രവണതകള്‍ യുവാക്കള്‍ക്കിടയില്‍ വര്‍ധിക്കുകയാണെന്നാണ് ഈ പഠനഫലം വ്യക്തമാക്കുന്നത്.

സര്‍വേയില്‍ പങ്കെടുത്ത യുവാക്കളില്‍ 17 ശതമാനമാണ് സീറ്റ് ബെല്‍റ്റ് ധരിച്ചാല്‍ വസ്ത്രം ചുളിയുമെന്ന് പറഞ്ഞത്. ഡ്രൈവര്‍ ഒഴിച്ചുള്ള മറ്റു യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന കാര്യം അറിയില്ലെന്ന് 30 ശതമാനം പേര്‍ വ്യക്തമാക്കുന്നു.

മുന്നിലുള്ള വണ്ടിയുമായി സുരക്ഷിതമായ അകലം പാലിക്കാറില്ലെന്ന് തുറന്നു പറഞ്ഞത് സര്‍വേയില്‍ പങ്കെടുത്ത പകുതി യുവാക്കള്‍.

സര്‍വേയില്‍ പങ്കെടുത്ത നാലിലൊന്ന് യുവാക്കളുടെയും അഭിപ്രായം ഇന്‍ഡിക്കേറ്റര്‍ ഉപയോഗിക്കേണ്ട ആവശ്യമേ ഇല്ലെന്നാണ്.

റഡാറുകള്‍ എവിടെയാണെന്ന് കൃത്യമായി അറിയാവുന്നത് കൊണ്ട് അതില്ലാത്ത സ്ഥലങ്ങളില്‍ വേഗപരിധി ലംഘിക്കാറുണ്ടെന്ന് 53 ശതമാനം പേരും വെളിപ്പെടുത്തുന്നു.

വിവിധ രാജ്യങ്ങളില്‍നിന്നുള്ള 1000-ലധികം ഡ്രൈവര്‍മാരാണ് സര്‍വേയില്‍ പങ്കെടുത്തത്. 18-നും 24-നും ഇടയില്‍ പ്രായമുള്ളവരാണ് നിയമലംഘകരില്‍ ഏറെയും. 

എന്നാല്‍ ഇത് യുഎഇയിലെ മാത്രം പ്രവണത അല്ലെന്നും ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് ലോകത്ത് വാഹനാപകടങ്ങളില്‍ മരിക്കുന്നതേറെയും യുവാക്കളാണെന്നും റോഡ് സേഫ്റ്റി യു.എ.ഇ. എം.ഡി. തോമസ് എടേല്‍മാന്‍ പറഞ്ഞു. 

സുരക്ഷിതമായ ഡ്രൈവിങ്ങിനെക്കുറിച്ച് സ്‌കൂളുകളിലും യൂണിവേഴ്സിറ്റികളിലും ഡ്രൈവിങ് സ്‌കൂളുകളിലും ബോധവത്കരണം നടത്തണമെന്നും രക്ഷകര്‍ത്താക്കളും ഇക്കാര്യം ഗൗരവമായി പരിഗണിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.