ചെക്ക് വാഹന നിര്‍മാതാക്കളായ സ്‌കോഡ 125ആം  വാർഷികം ആഘോഷിക്കുന്നു. ആഗോളതലത്തില്‍ ഏറ്റവും പഴക്കംചെന്ന വാഹന നിര്‍മാതാക്കളിലൊന്നായ സ്‌കോഡ 1895 ല്‍ ബൈസൈക്കിളുകള്‍ നിര്‍മിച്ചുകൊണ്ടാണ് തുടങ്ങിയത്. സ്കോഡയുടെ കാർ ഉൽപ്പാദനത്തിന്റെ  115ആം  വാർഷികം കൂടിയാണ് 2020. 

1895ലാണ് സ്കോഡ വാഹന നിർമ്മാണ മേഖലയിലേക്ക് കടക്കുന്നത്. സൈക്കിളുകൾ നിർമ്മിച്ചു കൊണ്ടായിരുന്നു സ്കോഡയുടെ തുടക്കം. 1899 ഓടു കൂടി ഇത് മോട്ടോർസൈക്കിളുകൾ നിർമ്മിക്കുന്ന കമ്പനി ആയി മാറി. 1900ൽ സ്കോഡയുടെ ആദ്യത്തെ കാർ നിരത്തിലെത്തി. 'വോയിറ്ററെറ്റ് എ'എന്ന പേര് നൽകിയ ആ വാഹനം അക്കാലത്തെ ഒരു ഹിറ്റ് വാഹനമായിരുന്നു. 

പിന്നാലെ സ്കോഡ മോട്ടോർസൈക്കിൾ ഉൽപ്പാദനം നിർത്തി കാർ നിർമ്മാണത്തിലേക്ക് മുഴുവൻ ശ്രദ്ധയും നൽകി. 1930ന്റെ തുടക്കകാലത്ത് സ്‌കോഡക്ക് വിപണിയിൽ വളരെയധികം വെല്ലുവിളികൾ നേരിടേണ്ടി വന്ന ഒരു കാലഘട്ടമായിരുന്നു. 1950ൽ  സ്‌കോഡ 440 എന്നൊരു മോഡലുമായി വിപണിയിലേക്ക് ഗംഭീരമായി തിരിച്ചുവരവ് നടത്തി. 

1959ൽ ഈ വാഹനത്തെ അടിസ്ഥാനപ്പെടുത്തി ഒക്ടാവിയ എന്ന മോഡലിനെ വിപണിയില്‍ അവതരിപ്പിച്ചു. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം സ്കോഡ അവതരിപ്പിക്കുന്ന എട്ടാമത്തെ വാഹനമായിരുന്നു ഒക്ടാവിയ. അതുകൊണ്ടാണ് ഇങ്ങനെയൊരു പേര് നൽകിത്. പിന്നീട് ഒക്ടാവിയ,  സ്കോഡ 110R, ഫെലീഷ്യ റോഡ്സ്റ്റർ മുതലായ നിരവധി മോഡലുകൾ സ്കോഡ നിരത്തിൽ എത്തിച്ചു.

1990 ഡിസംബറിൽ ഫോക്സ്‌വാഗൻ ഗ്രൂപ്പ് സ്കോഡയെ സ്വന്തമാക്കി. ഇതോടെ ഫോക്‌സ് വാഗണ്‍, ഔഡി, സിയറ്റ് എന്നിവ കൂടാതെ ഫോക്‌സ് വാഗണ്‍ ഗ്രൂപ്പിലെ നാലാമത്തെ ബ്രാന്‍ഡായി സ്‌കോഡ മാറി. ഫോക്‌സ് വാഗണ്‍ ഗ്രൂപ്പിനു കീഴില്‍ ചെക്ക് ബ്രാന്‍ഡ് അഭിവൃദ്ധി നേടി. മൂന്ന് പതിറ്റാണ്ടിനുള്ളില്‍ സ്‌കോഡയുടെ ഉല്‍പ്പാദനം ആറ് മടങ്ങായി വര്‍ധിച്ചു. സൂപ്പര്‍ബ്, ഒക്ടാവിയ, ഫാബിയ മോഡലുകള്‍ക്ക് ആവശ്യക്കാര്‍ ഏറി.

2020 ലോക വിപണിയിലേക്ക് എൻയാക്ക് എന്ന ഇലക്ട്രിക് എസ്‌യുവി അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് സ്കോഡ ഇപ്പോൾ. കോഡിയാക്ക്, കറോക്ക്, കാമിക്ക് മോഡലുകള്‍ ഉള്‍പ്പെടുന്നതാണ് സ്‌കോഡയുടെ എസ് യുവി കുടുംബം. ചെക്ക് ബ്രാന്‍ഡില്‍നിന്നുള്ള ആദ്യ വൈദ്യുത വാഹനത്തിന് ഇനിയാക്ക് എന്നാണ് നല്‍കിയിരിക്കുന്ന പേര്. ഫോക്‌സ് വാഗണ്‍ ഗ്രൂപ്പിന്റെ മോഡുലര്‍ ഇലക്ട്രിക് പ്ലാറ്റ്‌ഫോം (എംഇബി) അടിസ്ഥാനമാക്കുന്ന ആദ്യ സ്‌കോഡ വാഹനമായിരിക്കും ഇനിയാക്ക് എസ് യുവി. 2022 അവസാനിക്കുന്നതിനുമുമ്പ് പത്തിലധികം പൂര്‍ണ/ഹൈബ്രിഡ് ഇലക്ട്രിക് കാറുകള്‍ വിപണിയില്‍ എത്തിക്കുകയാണ് സ്‌കോഡയുടെ ലക്ഷ്യം.