ചെക്ക് ആഡംബര വാഹനിര്‍മ്മാതാക്കളായ സ്‍കോഡ ഓട്ടോയുടെ മിഡ് സൈസ് എസ്‌യുവിയായ കരോക്ക് 2020 മെയ് മാസത്തിലാണ് ഇന്ത്യന്‍ വിപണിയിലെത്തിയത്. ഇപ്പോള്‍  ഈ വാഹനത്തിന്‍റെ 2020-ലെ യൂണിറ്റുകളുടെ വില്‍പ്പന പൂര്‍ത്തിയാക്കിയാതായാണ് റിപ്പോര്‍ട്ടുകള്‍. സ്‌കോഡ ഇന്ത്യയുടെ മേധാവിയുടെ ട്വീറ്റിനെ ഉദ്ധരിച്ച് ഇന്ത്യാ കാര്‍ ന്യൂസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‍ത്. 

സ്‌കോഡ കരോഖ് പൂര്‍ണമായും വിദേശത്ത് നിര്‍മിച്ചാണ് ഇന്ത്യയില്‍ എത്തിയിരുന്നത്. ആദ്യ ഘട്ടമായി കരോഖിന്റെ 1000 യൂണിറ്റാണ് ഇന്ത്യയില്‍ എത്തിച്ചത്. അവതരണത്തിന് മുമ്പ് തന്നെ ബുക്കിങ്ങ് ആരംഭിച്ചിരുന്നു. ഏകദേശം ഒമ്പത് മാസത്തിനുള്ളില്‍ തന്നെ ഈ വാഹനം വില്‍പ്പന പൂര്‍ത്തിയാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. 

ഒറ്റ വേരിയന്റില്‍ മാത്രം ആണ് കരോഖ് ഇന്ത്യയിൽ എത്തിയത്. 24.99 ലക്ഷം രൂപയാണ് കരോഖിന് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. ആദ്യത്തെ 1000 യൂണിറ്റുകള്‍ വിറ്റുതീരുന്നതും മലിനീകരണ മാനദണ്ഡത്തില്‍ വരാനുള്ള മാറ്റവും പരിഗണിച്ച് വാഹനത്തെ പ്രദേശികമായി നിര്‍മ്മിക്കുമെന്ന് കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു.

4382 എംഎം നീളവും 1841 എംഎം വീതിയും 1605 എംഎം ഉയരവും 2638 എംഎം വീല്‍ബേസും 200 എംഎം ഗ്രൗണ്ട് ക്ലിയറന്‍സും വാഹനത്തിനുണ്ട്. ഫോക്സ്വാഗണ്‍ ടി-റോക്കിന് അടിസ്ഥാനമൊരുക്കുന്ന MQB പ്ലാറ്റ്ഫോമിലാണ് കരോഖും ഒരുങ്ങിയിരിക്കുന്നത്. കാൻഡി വൈറ്റ്,  മാഗ്നെറ്റിക് ബ്രൗൺ, ലാവ ബ്ലൂ, മാജിക് ബ്ലാക്ക്, ബ്രില്യന്റ് സിൽവർ, ക്വാർട്സ് ഗ്രേ എന്നിവ ഉൾപ്പെടെ ആറ് കളർ ഓപ്ഷനുകളിലും വാഹനം ലഭ്യമാണ്. ഫെബ്രുവരിയില്‍ നടന്ന ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ ഈ എസ്‌യുവി പ്രദര്‍ശിപ്പിച്ചിരുന്നു. ഫോക്‌സ്‌വാഗണ്‍ ടി-റോക് നിര്‍മിച്ച അതേ പ്ലാറ്റ്‌ഫോമാണ് 4.3 മീറ്റര്‍ നീളം വരുന്ന സ്‌കോഡ കരോക്ക് അടിസ്ഥാനമാക്കുന്നത്. 

1.5 ലിറ്റർ ടിഎസ്‌ഐ പെട്രോൾ എഞ്ചിനാണ് ഈ വാഹനത്തിന് ഉപയോഗിച്ചിരിക്കുന്നത്. 148 ബിഎച്ച്പി കരുത്തും 250 എൻഎം ടോർക്കുമാണ് പുതിയ സ്‌കോഡ കരോക്കിന്റെ കരുത്ത്. ഏഴ് സ്പീഡ് ഡി എസ് ജി ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ നൽകിയിരിക്കുന്നു. ഒമ്പത് സെക്കൻഡിനുള്ളിൽ മോഡലിന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും, 202 കിലോമീറ്റർ വേഗതയാണ് ടോപ്പ് സ്പീഡ്. 

വിര്‍ച്വല്‍ കോക്പിറ്റ് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍,  എൽഇഡി ലൈറ്റിംഗ്, പനോരമിക് സൺറൂഫ്, 18 ഇഞ്ച് അലോയ് വീലുകൾ എന്നിവ സ്കോഡ കരോക്കിന്റെ പുറം ഭാഗത്തെ ഡിസൈൻ മനോഹരമാക്കുന്നു. സ്മാർട്ട് ലിങ്ക് കണക്റ്റിവിറ്റി, വെർച്വൽ കോക്ക്പിറ്റ്, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, 12- തരത്തിൽ ഇലക്ട്രോണിക് അഡ്ജസ്റ്റബിൾ ഡ്രൈവർ സീറ്റ്, ആംബിയന്റ് ലൈറ്റിംഗ് എന്നിവ ഉൾക്കൊള്ളുന്ന എട്ട് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനമാണ് മോഡലിനുള്ളിൽ കൊടുത്തിരിക്കുന്നത്. ഒൻപത് എയർബാഗുകൾ, ടിപിഎംഎസ്, പാർക്ക്ട്രോണിക് സിസ്റ്റം, എബിഎസ് വിത്ത് ഇബിഡി, ഇഎസ്‌സി തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളും ഈ വാഹനത്തിൽ ഒരുക്കിയിട്ടുണ്ട്.