ദില്ലി: ചെക്ക് വാഹന നിര്‍മ്മാതാക്കളായ സ്‌കോഡയുടെ കോഡിയാക്ക് സ്‌കൗട്ട് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. അകത്തും പുറത്തും നിരവധി മാറ്റങ്ങളോടെയെത്തുന്ന എസ്‌യുവിക്ക് 34 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. 

മുന്നിലും പിന്നിലും പുതിയ സ്‌കിഡ് പ്ലേറ്റുകള്‍, പുതിയ ഡിസൈനിലുള്ള പുതിയ 18 ഇഞ്ച് അലോയ് വീലുകള്‍ എന്നിവ പുറമേ കാണുന്ന മാറ്റങ്ങളാണ്. പുറം കണ്ണാടികള്‍, റൂഫ് റെയിലുകള്‍ എന്നിവയില്‍ സില്‍വര്‍ ഫിനിഷ് നല്‍കിയിരിക്കുന്നു. ഗ്രില്ലിന് ചുറ്റും സില്‍വര്‍ ഫിനിഷ് കാണാം. പൂര്‍ണമായും കറുപ്പ് നിറത്തിലുള്ളതാണ് കാബിന്‍. കറുത്ത നിറത്തിലുള്ള തുകല്‍ പൊതിഞ്ഞിരിക്കുകയാണ് സീറ്റുകള്‍. 

സ്റ്റാന്‍ഡേഡ് സ്‌കോഡ കോഡിയാക്ക് ഉപയോഗിക്കുന്ന അതേ 2.0 ലിറ്റര്‍ ടിഡിഐ ഡീസല്‍ എന്‍ജിനാണ് സ്‌കൗട്ട് പതിപ്പിന്‍റെയും ഹൃദയം. ഈ എഞ്ചിന്‍ 147 ബിഎച്ച്പി കരുത്തും 340 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 7 സ്പീഡ് ഡിഎസ്‍ജി ഓട്ടോമാറ്റിക് ട്രാസ്‍മിഷന്‍. ഒമ്പത് എയര്‍ബാഗുകള്‍, 360 ഡിഗ്രി ക്യാമറകള്‍ തുടങ്ങിയവ സുരക്ഷാ ഫീച്ചറുകളാണ്.

അപ്രോച്ച്, ഡിപ്പാര്‍ച്ചര്‍ ആംഗിളുകളിലും മാറ്റമുണ്ട്. യഥാക്രമം 22 ഡിഗ്രി, 23.1 ഡിഗ്രിയാണ് പുതിയ അപ്രോച്ച്, ഡിപ്പാര്‍ച്ചര്‍ ആംഗിളുകള്‍. കോഡിയാക്കില്‍ ഓള്‍ വീല്‍ ഡ്രൈവ് സിസ്റ്റം സ്റ്റാന്‍ഡേഡാണ്. സ്‌കൗട്ട് വേര്‍ഷനില്‍ ഓഫ്‌റോഡ് മോഡ് അധികമായി നല്‍കിയിരിക്കുന്നു. 

ആംബിയന്റ് ലൈറ്റിംഗ്, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്റ്റിവിറ്റി സഹിതം ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, വെന്റിലേറ്റഡ് സീറ്റുകള്‍, പനോരമിക് സണ്‍റൂഫ് തുടങ്ങിയവ സ്‌കൗട്ട് വേര്‍ഷന്റെ ഫീച്ചറുകളാണ്. ഹാന്‍ഡ്‌സ് ഫ്രീ പാര്‍ക്കിംഗ് സഹിതം പാര്‍ക്ക് അസിസ്റ്റ്, ക്രൂസ് കണ്‍ട്രോള്‍, 10 സ്പീക്കര്‍ കാന്റണ്‍ സൗണ്ട് സിസ്റ്റം, അഡാപ്റ്റീവ് ലൈറ്റുകളുമുണ്ട്. 

ടാര്‍ റോഡുകളില്‍നിന്നു മാറി ചേറിലും ചെളിയിലും സാഹസിക ഡ്രൈവ് ഉദ്ദേശിക്കുന്ന ഉപയോക്താക്കളെയാണ് പുതിയ വേരിയന്റിലൂടെ സ്‌കോഡ ഓട്ടോ ഇന്ത്യ ലക്ഷ്യമിടുന്നത്. ഫോര്‍ഡ് എന്‍ഡവര്‍, ടൊയോട്ട ഫോര്‍ച്യൂണര്‍, ഇസുസു എംയു-എക്‌സ്, മഹീന്ദ്ര അള്‍ട്ടുറാസ് ജി4 തുടങ്ങിയവയാണ് വാഹനത്തിന്‍റെ മുഖ്യഎതിരാളികള്‍.