Asianet News MalayalamAsianet News Malayalam

എതിരാളികളെ ഞെട്ടിക്കുന്ന വിലയില്‍ ചക്രവര്‍ത്തികുമാരന്‍ എത്തി!

പേരുപോലെ തന്നെ സകല എതിരാളികളെയും ഞെട്ടിക്കുന്ന വിലയിലാണ് ഈ വാഹനം എത്തിയിട്ടുള്ളത്

Skoda Kushaq Launched In India
Author
Mumbai, First Published Jun 28, 2021, 1:34 PM IST
  • Facebook
  • Twitter
  • Whatsapp

ഏറെക്കാലമായി, ചെക്ക് ആഡംബര വാഹന നിര്‍മ്മാതാക്കളായ സ്‌കോഡയുടെ കോംപാക്ട് എസ്‍യുവി കുഷാഖിനുള്ള കാത്തിരിപ്പിലായിരുന്നു ഇന്ത്യയിലെ വാഹനപ്രേമികള്‍.  ഇപ്പോഴിതാ ഇന്ത്യയില്‍ അവതരിച്ചിരിക്കുകയാണ് ഈ മോഡല്‍. സംസ്‍കൃതത്തിലെ കുഷാക് എന്ന വാക്കാണ് ഈ പേരിന് ആധാരം. രാജാവ്, ചക്രവർത്തി എന്നൊക്കെയാണ് ഈ പേരിന്‍റെ അർത്ഥം. പേരുപോലെ തന്നെ സകല എതിരാളികളെയും ഞെട്ടിക്കുന്ന വിലയിലാണ് ഈ വാഹനം എത്തിയിട്ടുള്ളത്. രണ്ട് എന്‍ജിന്‍ ഓപ്ഷനൊപ്പം ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്‍സ്മിഷനില്‍ ആക്ടീവ്, അംബീഷന്‍, സ്റ്റൈല്‍ എന്നീ മൂന്ന് വേരിയന്റുകളില്‍ എത്തുന്ന കുഷാഖിന് 10.49 ലക്ഷം രൂപ മുതല്‍ 17.59 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറും വില എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 95 ശതമാനവും പ്രാദേശികമായി നിര്‍മിച്ചതിനാലാണ് കുഷാക്കിനെ ഈ ശ്രേണിയില്‍ തന്നെ ഇത്രയും കുറഞ്ഞ വിലയ്ക്ക് വിപണിയില്‍ എത്തിക്കാന്‍ സാധിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഇന്ത്യ 2.0 പ്രോജക്‌ടിന്റെ ഭാഗമായി സ്‌കോഡ ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ആദ്യത്തെ കാറായ കുഷാഖിനെ ഈ മാര്‍ച്ചിലാണ് കമ്പനി ആദ്യമായി അവതരിപ്പിക്കുന്നത്. ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ പൂനെയിലെ ചകാന്‍ പ്ലാന്‍റിലാണ് ഈ വാഹനം നിര്‍മിക്കുന്നത്.  സ്‌കോഡ-ഫോക്‌സ്‌വാഗണ്‍ കൂട്ടുക്കെട്ടില്‍ വികസിപ്പിച്ചിട്ടുള്ള MQB-AO-IN പ്ലാറ്റ്‌ഫോമില്‍ ആദ്യമായി ഒരുങ്ങുന്ന സ്‌കോഡ വാഹനമാണ് കുഷാക്ക്. 4225 എം.എം. നീളവും 1760 എം.എം. വീതിയും 1612 എം.എം. ഉയരവും 2651 എം.എം. വീല്‍ബേസും 188 എം.എം. ഗ്രൗണ്ട് ക്ലിയറന്‍സുമാണ് കുഷാക്കില്‍ നല്‍കിയിട്ടുള്ളത്. 

കുഷാക്കിന്റെ 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ മോഡല്‍ ജൂലൈ 12 തിയതി മുതല്‍ ഉപയോക്താക്കള്‍ക്ക് കൈമാറി തുടങ്ങും. എന്നാല്‍, 1.5 ലിറ്റര്‍ ടി.എസ്.ഐ. ടര്‍ബോ എന്‍ജിന്‍ മോഡല്‍ ഓഗസ്റ്റ് മാസത്തോടെ മാത്രമെ വിപണിയില്‍ എത്തൂവെന്നും സ്‌കോഡ അറിയിച്ചിട്ടുണ്ട്. കുഷാക്കിന്റെ ഏറ്റവും ഉയര്‍ന്ന വകഭേദമായ സ്‌റ്റൈലില്‍ മാത്രമാണ് 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ നല്‍കിയിട്ടുള്ളത്. ഇതില്‍ ഓട്ടോമാറ്റിക്, മാനുവല്‍ ട്രാന്‍സ്മിഷന്‍ നല്‍കിയിട്ടുണ്ട്.

1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ ടി.എസ്.ഐ, 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ ടി.എസ്.ഐ. എന്നീ പെട്രോള്‍ ടര്‍ബോ എന്‍ജിനുകളാണ് കുഷാഖിന്‍റെ ഹൃദയങ്ങള്‍.  1.0 ലിറ്റര്‍ എന്‍ജിന്‍ 113 ബി.എച്ച്.പി. പവറും 175 എന്‍.എം. ടോര്‍ക്കും, 1.5 ലിറ്റര്‍ എന്‍ജിന്‍ 148 ബി.എച്ച്.പി. പവറും 250 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 1.0 ലിറ്റര്‍ മോഡലില്‍ ആറ് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക്കും 1.5 ലിറ്റര്‍ മോഡലില്‍ ആറ് സ്പീഡ് മാനുവലിനൊപ്പം ഏഴ് സ്പീഡ് ഡി.എസ്.ജിയും ട്രാന്‍സ്മിഷന്‍ ഒരുക്കും. 

ഇന്ത്യ 2.0 പ്രോജക്‌ടിന്റെ ഭാഗമായി സ്‌കോഡ ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ആദ്യത്തെ കാറാണ്‌ കുഷാഖ്‌. സ്‌മാര്‍ട്ട്‌ഫോണ്‍ ഇന്റഗ്രേഷന്‍ സാധ്യമാകുന്ന രണ്ട്‌ ആധുനിക ഇന്‍ഫോടെയ്‌ന്‍മെന്റ്‌ സംവിധാനങ്ങള്‍, രണ്ട്‌ പെട്രോള്‍ എന്‍ജിനുകള്‍, ശ്രദ്ധേയമായ ഡിസൈന്‍, ഉയര്‍ന്ന നിലവാരത്തിലുള്ള സൗകര്യങ്ങള്‍, നിരവധി സുരക്ഷാ സവിശേഷതകള്‍ എന്നിവയാണ്‌ സ്‌കോഡ കുഷാഖിന്റെ പ്രത്യേകതകള്‍.  ആറ്‌ സ്‌പീഡ്‌ മാനുവല്‍ ഗിയര്‍ബോക്‌സ്, ആറ്‌ സ്‌പീഡ്‌ ഓട്ടോമാറ്റിക്‌ ട്രാന്‍സ്‌മിഷന്‍, ഏഴ്‌ സ്‌പീഡ്‌ ഡി.എസ്‌.ജി ട്രാന്‍സ്‌മിഷന്‍ ഓപ്‌ഷനുകളും കുഷാഖിനുണ്ട്‌. ഇന്ത്യയിലെ വികസനവും ഉല്‍പാദനവും സംബന്ധിച്ച്‌ 95 ശതമാനം പ്രാദേശികവല്‍ക്കരണ നില കൈവരിക്കാന്‍ സ്‌കോഡ അതിന്റെ പൂനെ പ്ലാന്റില്‍ ഒരു പുതിയ എംക്യുബി. ഉത്‌പാദന ലൈന്‍ സ്‌ഥാപിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 

2020 ദില്ലി ഓട്ടോ എക്സ്പോയിലും ഫോക്സ്‌വാഗൺ ഗ്രൂപ്പ് നൈറ്റിലും സ്കോഡ അവതരിപ്പിച്ച വിഷൻ ഇൻ (Vision IN) കൺസെപ്റ്റ് അടിസ്ഥാനപ്പെടുത്തിയ എസ്‌യുവിയാണ് കുഷാഖ്. ആക്റ്റീവ്, അംബീഷൻ, സ്റ്റൈൽ എന്നിങ്ങനെ മൂന്ന് പതിപ്പുകളിൽ ആണ് സ്കോഡ കുഷാഖ് വില്പനക്കെത്തുക. നേർത്ത ക്രോം ബാർ വേർതിരിക്കുന്ന ലേയേർഡ് ഡാഷ്‌ബോർഡ് ആണ് കുഷാഖിന്. ഫ്രീ-സ്റ്റാൻഡിംഗ് 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ആണ് ഡാഷ്ബോർഡിൽ ആകർഷണം. ആപ്പിൾ കാർപ്ലേയ്, ആൻഡ്രോയിഡ് ഓട്ടോ, വയർലെസ്സ് മിറർലിങ്ക് കണക്ടിവിറ്റി എന്നിവ ഈ ഡിസ്‌പ്ലേയ്ക്കുണ്ട്. വെന്റിലേറ്റഡ് മുൻനിര സീറ്റുകൾ, പുറകിലേക്ക് എസി വെന്റുകൾ, എംഐഡി ഇൻസ്ട്രുമെന്റ് കൺസോൾ, ക്രൂയിസ് കൺട്രോൾ, ആംബിയന്റ് ലൈറ്റിംഗ്, സെവൻ സ്പീക്കർ മ്യൂസിക് സിസ്റ്റം എന്നിങ്ങനെ ഫീച്ചറുകളുടെ നീണ്ട നിര തന്നെയുണ്ട് വാഹനത്തില്‍. 

2021 ജനുവരിയിലാണ് സ്കോഡ പുതിയ എസ്‌യുവിയ്ക്ക് കുഷാഖ് എന്ന് പേര് ഉറപ്പിച്ചത്. കോസ്‍മിക്ക്, ക്ലിക്ക് എന്നീ പേരുകളാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ ഇന്ത്യയ്ക്കായുള്ള എസ്‌യുവിയ്ക്ക് ഒരു ഇന്ത്യൻ തനിമയുള്ള പേര് നൽകണമെന്ന് ഒടുവില്‍ സ്‍കോഡ തീരുമാനിക്കുകയായിരുന്നു. സംസ്‍കൃതത്തിലെ കുഷാക് എന്ന വാക്കാണ് ഈ പേരിന് ആധാരം. രാജാവ്, ചക്രവർത്തി എന്നൊക്കെയാണ് ഈ പേരിന്‍റെ അർത്ഥം. കാമിക്ക്, കോഡിയാക്ക്, കാറോക്ക് എന്നിങ്ങനെ സ്കോഡയുടെ എസ്‌യുവി മോഡലുകളുമായി യോജിച്ചു പോകുന്ന വിധമുള്ള പേരാണ് കുഷാഖ്. 

ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, എംജി ഹെക്ടർ, ടാറ്റ ഹാരിയർ, റെനോ ഡസ്റ്റര്‍ തുടങ്ങിയ എസ്‌യുവികളാണ് കുഷാഖിന്‍റെ എതിരാളികള്‍. ഒരു തവണ നിരത്തുകളില്‍ എത്താന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയ ഈ വാഹനം കോവിഡ് രണ്ടാം തരംഗം രൂക്ഷമായതിനെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios