Asianet News Malayalam

സ്കോഡ കുഷാഖ് മാര്‍ച്ച് 18ന് എത്തും

വാഹനത്തിന്‍റെ ആഗോള അവതരണം മാര്‍ച്ച് 18ന് ഇന്ത്യയില്‍ നടക്കും എന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

Skoda Kushaq to debut on 2021 March 18
Author
Mumbai, First Published Feb 19, 2021, 1:03 PM IST
  • Facebook
  • Twitter
  • Whatsapp

ചെക്ക് ആഡംബര വാഹന നിര്‍മ്മാതാക്കളായ സ്‌കോഡയുടെ പുതിയ മിഡ്-സൈസ് എസ്.യു.വി കുഷാഖ് എത്താനൊരുങ്ങുകയാണ്. വാഹനത്തിന്‍റെ ആഗോള അവതരണം മാര്‍ച്ച് 18ന് ഇന്ത്യയില്‍ നടക്കും എന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

2020 ഫെബ്രുവരിയിൽ നടന്ന ഫോക്സ്‌വാഗൺ ഗ്രൂപ്പ് നൈറ്റിൽ സ്കോഡ അവതരിപ്പിച്ച വിഷൻ ഇൻ (Vision IN) കൺസെപ്റ്റ് അടിസ്ഥാനപ്പെടുത്തിയ എസ്‌യുവിയാണ് കുഷാഖ്. 2021 ജനുവരിയിലാണ് സ്കോഡ പുതിയ എസ്‌യുവിയ്ക്ക് കുഷാഖ് എന്ന് പേര് ഉറപ്പിച്ചത്. കോസ്‍മിക്ക്, ക്ലിക്ക് എന്നീ പേരുകളാണ് ആദ്യം തീരുമാനിച്ചിരുന്നത്, എന്നാൽ ഇന്ത്യയ്ക്കായുള്ള എസ്‌യുവിയ്ക്ക് ഒരു ഇന്ത്യൻ തനിമയുള്ള പേര് നൽകണമെന്ന് സ്കോഡ തീരുമാനിച്ചു. സംസ്കൃതത്തിലെ കുഷാക് എന്ന വാക്കാണ് ഈ പേരിന് ആധാരം, അർഥം രാജാവ്, ചക്രവർത്തി എന്നൊക്കെ. കാമിക്ക്, കോഡിയാക്ക്, കാറോക്ക് എന്നിങ്ങനെ സ്കോഡയുടെ എസ്‌യുവി മോഡലുകളുമായി യോജിച്ചു പോകുന്ന വിധമുള്ള പേരാണ് കുഷാഖ്.

സ്കോഡ കുഷാഖ് രണ്ട് ടർബോ പെട്രോൾ എൻജിൻ ഓപ്ഷനുകളുമായാണ് വിപണിയിലെത്തുക. 110 എച്ച്പി പവർ നിർമ്മിക്കുന്ന 1.0 ലിറ്റർ, 3 സിലിണ്ടർ ടർബോ-പെട്രോൾ എഞ്ചിനായിരിക്കും വിലക്കുറവുള്ള മോഡലുകളിലെ കരുത്ത്. സ്കോഡ റാപിഡിലുള്ള അതെ എൻജിനാണിത്. ഈ എൻജിൻ മാന്വൽ, ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സുകളിൽ ലഭ്യമാവും. 150 എച്ച്പി പവർ നിർമിക്കുന്ന, 1.5-ലിറ്റർ ടർബോ-പെട്രോൾ എൻജിൻ ആവും വിലക്കൂടുതലുള്ള വേരിയന്റുകളിൽ എന്നാണ് വിവരം. 7-സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ഈ എൻജിനൊപ്പമുള്ള ഗിയർബോക്‌സ്. റിപ്പോർട്ട് പ്രകാരം ഫോക്സ്‌വാഗൺ ഇന്ത്യയ്ക്കായി പ്രത്യേകം തയ്യാറാക്കിയ വിലക്കുറവുള്ള MQB A0-IN പ്ലാറ്റഫോമിൽ നിർമിക്കുന്ന ആദ്യ വാഹനമാണ് കുഷാഖ്.

ഈ വാഹനത്തിന്റെ പേറ്റന്റ് ചിത്രങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. കണ്‍സെപ്റ്റ് മോഡലില്‍നിന്ന് കാര്യമായ മാറ്റം വരുത്താതെയാണ് പ്രൊഡക്ഷന്‍ റെഡി കണ്‍സെപ്റ്റ് ചിത്രങ്ങള്‍ എത്തിയത്. സ്‌കോഡയുടെ ഇന്ത്യ 2.0 പദ്ധതിയുടെ കീഴില്‍ ആദ്യമായി ഇന്ത്യയിലെത്തിക്കുന്ന വാഹനമാണ് ഇത്. ഫോക്സ് വാഗൻ MQB A0 IN പ്ലാറ്റ്ഫോമിലാണ് കുഷാക്ക് എത്തുക. റീസൈക്കിൾഡ് പ്ലാസ്റ്റിക് ഉപയോഗിച്ച് റൂഫ് ലൈൻ തുടങ്ങി പ്രകൃതിയോട് ഇണങ്ങിയ നിർമാണരീതികൾ ഉള്ള വാഹനം നാലുപേർക്കു സഞ്ചരിക്കാവുന്ന ചെറു എസ്‍യുവിയാണ്.

സ്‌കോഡ പുറത്തിറക്കിയിട്ടുള്ള കാമിക് എസ്‌യുവിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഡിസൈനാണ് വാഹനത്തിന്. സ്‌കോഡ സിഗ്നേച്ചര്‍ ഗ്രില്ല്, ട്വിന്‍ പോഡ് എല്‍ഇഡി ഹെഡ്‌ലാമ്പ്, ഇതിന് തൊട്ടുതാഴെയായി ഫോഗ്‌ലാമ്പ്, ഡ്യുവല്‍ ടോണ്‍ ബമ്പര്‍, സ്‌കിഡ് പ്ലേറ്റ് എന്നിവയാണ് മുന്‍വശത്തുള്ളത്.  വാഹനത്തിന് ചുറ്റിലും നീളുന്ന ക്ലാഡിങ്ങ്, ബ്ലാക്ക് ബി-പില്ലര്‍, വീതി കുറഞ്ഞ റിയര്‍വ്യു മിറര്‍, ക്രോം ഫ്രെയിമുകളുള്ള വിന്‍ഡോ, ക്രോം റൂഫ് റെയില്‍, 19 ഇഞ്ച് അലോയി വീലുകള്‍ എന്നിവയാണ് വശങ്ങളിലെ കാഴ്‍ച. ഡ്യുവല്‍ ടോണ്‍ ബമ്പറും, എല്‍ഇഡി ലൈറ്റ് സ്ട്രിപ്പ്, നേര്‍ത്ത ടെയ്ല്‍ ലാമ്പ് എന്നിവയാണ് പിന്‍ഭാഗത്തെ അലങ്കരിക്കുന്നത്. 

ആഡംബരം നിറഞ്ഞ ഇന്റീരിയറാണ് ഈ വാഹനത്തില്‍. ഓറഞ്ച് നിറമാണ് അകത്തളത്തെ നിറം. 12.3 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ത്രീ സ്‌പോക്ക് സ്റ്റീയറിങ് വീല്‍, കോക്പിറ്റ് മാതൃകയിലുള്ള സെന്റര്‍ കണ്‍സോള്‍ എന്നിവ ഇന്റീരിയറിന് ആഡംബര ഭാവം നല്‍കും. വാഹനത്തിന്‍റെ വില പത്ത് ലക്ഷം രൂപയിലായിരിക്കും ആരംഭിക്കുക എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, നിസാന്‍ കിക്‌സ് എന്നീ വാഹനങ്ങളാകും കുഷാക്കിന്‍റെ എതിരാളികള്‍. 

Follow Us:
Download App:
  • android
  • ios