ചെക്ക് ആഡംബര വാഹന നിര്‍മ്മാതാക്കളായ സ്‍കോഡയുടെ സെഡാന്‍ മോഡല്‍ റാപ്പിഡിന്റെ പുതിയ പതിപ്പ് വിപണിയില്‍. റാപിഡ് റൈഡർ പ്ലസ് എന്നു പേരുള്ള സെഡാന് 7.99 ലക്ഷം രൂപയാണു എക്സ് ഷോറൂം വില. 

ഒരു ലീറ്റർ ടി എസ് ഐ പെട്രോൾ എൻജിനാണ് ഈ വാഹനത്തിന്‍റെ ഹൃദയം. ഈ എൻജിന് 110 പി എസ് വരെ കരുത്തും 175 എൻ എം ടോർക്കും സൃഷ്ടിക്കാനാവും. ആറു സ്പീഡ് മാനുവൽ ഗീയർബോക്സാണു ട്രാൻസ്മിഷൻ.  ശേഷിയേറിയ 1.6 ലീറ്റർ എം പി ഐ പെട്രോൾ എൻജിനെ അപേക്ഷിച്ച് അഞ്ചു ശതമാനത്തോളം അധിക കരുത്താണ് ഈ ടി എസ് ഐ എൻജിൻ സൃഷ്ടിക്കുക. ടോർക്കിലാവട്ടെ 14% ആണു വർധന. കരുത്തും ടോർക്കും ഉയരുന്നതിനൊപ്പം ഇന്ധനക്ഷമതയും  23% കൂടി. ലീറ്ററിന് 18.97 കിലോമീറ്ററാണു റാപിഡ് റൈഡർ പ്ലസിനു സ്കോഡ ഓട്ടോ വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. 

സ്‍മാര്‍ട് ലിങ്ക് സാങ്കേതികവിദ്യയുടെ പിൻബലമുള്ള 16.51 സെന്റീ മീറ്റർ കളർ ടച് സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സംവിധാനം വാഹനത്തിലുണ്ട്. ക്ലൈമട്രോണിക് ടെക്നോളജിക്കൊപ്പം പിന്നിൽ ക്രമീകരിക്കാവുന്ന വിധത്തിലുള്ള ഇരട്ട എ സി വെന്റും 12 വോൾട്ട് പവർ സോക്കറ്റുമുണ്ട്.

അത്യാധുനിക സാങ്കേതികവിദ്യയുടെ പിൻബലമുള്ള ഒരു ലീറ്റർ ടി എസ് ഐ പെട്രോൾ എൻജിൻ സഹിതമുള്ള പുത്തൻ ‘റാപിഡ്’ ശ്രേണി വിപുലീകരിച്ചു വരികയാണെന്ന് സ്കോഡ ഓട്ടോ ഇന്ത്യ ബ്രാൻഡ് ഡയറക്ടർ സാക് ഹൊളിസ് പറയുന്നു. മികച്ച കരുത്തിന്റെയും തകർപ്പൻ ഇന്ധനക്ഷമതയുടെയും സംഗമമാണ് ഈ പുതിയ എൻജിനെന്നും അദ്ദേഹം വ്യക്തമാക്കി. 

കാൻഡി വൈറ്റ്, കാർബൺ സ്റ്റീൽ, ബ്രില്യന്റ് സിൽവർ, ടോഫി ബ്രൗൺ എന്നിങ്ങനെ നാലു നിറങ്ങളിലാണു ‘റാപിഡ് റൈഡർ പ്ലസ്’ വിപണിയില്‍ എത്തുക.