ചെക്ക് ആഡംബര വാഹന നിര്‍മ്മാതാക്കളായ സ്‍കോഡയുടെ റാപ്പിഡ്  TSI ഓട്ടോമാറ്റിക് പതിപ്പുകള്‍  വിപണിയിലെത്തി. റൈഡർ പ്ലസ് വേരിയന്റിൽ എത്തിയിരിക്കുന്ന റാപ്പിഡ് ടിഎസ്ഐ ഓട്ടോമാറ്റിക്കിന് 9.49 ലക്ഷം രൂപയാണ് പ്രാരംഭ വില. എന്നാൽ ഇതൊരു ഏകദേശ വിലയായിരിക്കുമെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. പുതിയ മോഡലിനായുള്ള ബുക്കിംഗ് ഇതിനോടകം തന്നെ കമ്പനി ആരംഭിച്ചു കഴിഞ്ഞു.

110 bhp കരുത്തും 175 Nm torque ഉം വികസിപ്പിക്കുന്ന ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ 1.0 ലിറ്റർ TSI പെട്രോൾ എഞ്ചിനാണ് റാപ്പിഡ് ഓട്ടോമാറ്റിക്കിൽ തുടരുന്നത്. ഓട്ടോമാറ്റിക് വേരിയന്റുകൾ ക്വിക്ക് ഷിഫ്റ്റിംഗ് DSG യൂണിറ്റിന് പകരം ഒരു പരമ്പരാഗത ആറ്-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്ക് ഗിയർബോക്സ് ഉപയോഗിക്കും.

16.24 കിലോമീറ്റർ ഇന്ധനക്ഷമതയാണ് പുതിയ വേരിയന്റിൽ വാഗ്‌ദാനം ചെയ്യുന്നതെന്ന് സ്കോഡ അവകാശപ്പെടുന്നു. ഈ മോഡലിന് ഒരു മാനുവൽ സീക്വൻഷൽ ഷിഫ്റ്റ് ഫംഗ്ഷനും സ്പോർട്ട് മോഡും ഉണ്ട്. സ്കോഡ റാപ്പിഡ് ടിഎസ്ഐ പതിപ്പിന് പരമാവധി 195 കിലോമീറ്റർ വേഗത കൈവരിക്കാൻ സാധിക്കും.

ബ്ലാക്ക് സിഗ്നേച്ചർ ഗ്രിൽ, മോഡേൺ ക്രിസ്റ്റലിൻ എൽഇഡി, ക്വാർട്സ് കട്ട് പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, സിൽവർ ക്ലബർ അലോയ് വീലുകൾ, വിൻഡോയിൽ ക്രോം അലങ്കാരം, ബി-പില്ലറിൽ കറുത്ത അലങ്കാരം, ബോഡി കളർ ട്രങ്ക് സ്‌പോയിലർ എന്നിവയാണ് പുതിയ ഓട്ടോമാറ്റിക് വേരിയന്റിന്റെ സവിശേഷതകൾ. റാപ്പിഡ് ഓട്ടോമാറ്റിക് ഹ്യുണ്ടായി വെർണ, ഫോക്‌സ്‌വാഗണ്‍ വെന്റോ, ഹോണ്ട സിറ്റി, മാരുതി സുസുക്കി സിയാസ്, ടൊയോട്ട യാരിസ് എന്നിയുമായി വിപണിയിൽ മത്സരിക്കും.