സ്‍കോഡ സ്ലാവിയയുടെ വില പ്രഖ്യാപനം അടുത്ത മാസം നടക്കും. ചില ഡീലർഷിപ്പുകൾക്ക് ഇതിനകം ഡിസ്പ്ലേ വാഹനങ്ങള്‍ ലഭിച്ചിട്ടുണ്ട്. 

സ്‌കോഡ ഇന്ത്യ (Skoda India) കഴിഞ്ഞ മാസമാണ് സ്ലാവിയ സെഡാന്‍റെ നിർമ്മാണം ആരംഭിച്ചത്. ചില ഡീലർഷിപ്പുകൾക്ക് ഇതിനകം ഡിസ്പ്ലേ വാഹനങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ഫെബ്രുവരി അവസാനത്തോടെ ടെസ്റ്റ് ഡ്രൈവുകൾ ആരംഭിക്കുമെന്നും ഡീലർ വൃത്തങ്ങൾ അറിയിച്ചതായി ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. മാർച്ച് പകുതിയോടെ സ്കോഡ സ്ലാവിയയുടെ ഡെലിവറി ആരംഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്കോഡ സ്ലാവിയ: വകഭേദങ്ങളും സവിശേഷതകളും

ആക്റ്റീവ്, ആംബിഷൻ, സ്റ്റൈൽ എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിലാണ് സ്ലാവിയ ലഭ്യമാകുക. 10-ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, വെന്റിലേറ്റഡ് സീറ്റുകൾ, ഇലക്ട്രിക് സൺറൂഫ് എന്നിവ ടോപ്പ്-സ്പെക് ട്രിമ്മിലെ ചില ശ്രദ്ധേയമായ സവിശേഷതകളിൽ ഉൾപ്പെടുന്നു. ആറ് എയർബാഗുകൾ, ESC, ഇലക്ട്രോണിക് ഡിഫറൻഷ്യൽ സിസ്റ്റം (EDS), ഹിൽ-ഹോൾഡ് കൺട്രോൾ (ഓപ്ഷണൽ), പിൻ പാർക്കിംഗ് ക്യാമറ എന്നിവ സുരക്ഷാ ഫീച്ചറുകളിൽ ഉൾപ്പെടുന്നു. ഇടത്തരം സെഡാൻ സെഗ്‌മെന്റിലെ ഏറ്റവും വീതിയേറിയ മോഡലായിരിക്കും സ്ലാവിയ, ഏറ്റവും നീളമേറിയ വീൽബേസും ഇതിന് ഉണ്ടായിരിക്കും. 

സ്കോഡ സ്ലാവിയ: എഞ്ചിൻ, ഗിയർബോക്സ് ഓപ്ഷനുകൾ

രണ്ട് ടർബോ-പെട്രോൾ എഞ്ചിൻ ഓപ്ഷനുകളുമായാണ് സ്ലാവിയ എത്തുന്നത്. ആദ്യത്തേത് 1.0 ലിറ്റർ മൂന്ന് സിലിണ്ടർ യൂണിറ്റാണ്, അത് 115 എച്ച്പിയും 175 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു. 150 എച്ച്‌പി പവറും 250 എൻഎം പരമാവധി ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 1.5 ലിറ്റർ ഫോർ സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനുമുണ്ട്.

രണ്ട് എഞ്ചിനുകളിലും 6 സ്പീഡ് മാനുവൽ ഗിയർബോക്‌സ് ലഭിക്കും. ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളിൽ 1.0 ലിറ്റർ എഞ്ചിന് 6-സ്പീഡ് ടോർക്ക് കൺവെർട്ടറും 1.5 ലിറ്റർ എഞ്ചിന് 7-സ്പീഡ് ഡ്യുവൽ ക്ലച്ച് ഗിയർബോക്‌സും (DSG) ഉൾപ്പെടുന്നു.

സുരക്ഷ

സുരക്ഷാ ഫീച്ചറുകളെ സംബന്ധിച്ചിടത്തോളം, സ്‌കോഡ സ്ലാവിയയിൽ ആറ് എയർബാഗുകൾ, ISOFIX, TPMS, ഹിൽ ഹോൾഡ് കൺട്രോൾ, EBD ഉള്ള എബിഎസ്, ESC എന്നിവയുണ്ടാകും. ഒപ്പം മൾട്ടി-കൊളിഷൻ ബ്രേക്ക്, ക്രൂയിസ് കൺട്രോൾ, റിയർ പാർക്കിംഗ് ക്യാമറ തുടങ്ങിയവയോടെ കമ്പനി, സ്ലാവിയയുടെ സുരക്ഷാ വശങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കും. അപകടമുണ്ടായാൽ കാൽനടയാത്രക്കാർക്ക് കൂടുതൽ സംരക്ഷണം നൽകുമെന്നും സൈഡ് പോൾ, റിയർ ആഘാതങ്ങൾ എന്നിവ പരീക്ഷിക്കുമെന്നും സ്‍കോഡ അവകാശപ്പെടുന്നുണ്ട്.

അളവുകള്‍

പുതിയ സ്ലാവിയയ്ക്ക് 4,541 എംഎം നീളവും 1,752 എംഎം വീതിയും 1,487 എംഎം ഉയരവുമുണ്ട്, കൂടാതെ 2,651 എംഎം വീൽബേസുമുണ്ട്. റാപ്പിഡുമായി താരതമ്യപ്പെടുത്തുമ്പോൾ, ഇതിന് 128 എംഎം നീളവും 53 എംഎം വീതിയും 21 എംഎം ഉയരവുമുണ്ട്. വീൽബേസ് 99 എംഎം ഉയർത്തി. 520 ലിറ്ററിന്റെ മികച്ച ഇൻ-ക്ലാസ് ബൂട്ട് സ്പേസ് വാഗ്ദാനം ചെയ്യുമെന്ന് അവകാശപ്പെടുന്നു.

സ്കോഡ സ്ലാവിയ: പ്രീക്ഷിക്കുന്ന വിലയും എതിരാളികളും

അടുത്ത കാലത്തായി എസ്‌യുവികളുടെയും ഹാച്ച്‌ബാക്കുകളുടെയും ജനപ്രീതിയാൽ ഒരു പരിധിവരെ കീഴടക്കിയ സെഡാൻ സെഗ്‌മെന്റിനെ പുനരുജ്ജീവിപ്പിക്കാൻ ആണ് സ്ലാവിയെയും കൂട്ടുപിടിച്ചുള്ള സ്‌കോഡയുടെ ശ്രമം. 2021 നവംബറിലാണ് സ്‌കോഡ സ്ലാവിയയെ അവതരിപ്പിച്ചത്. ലോഞ്ച് ചെയ്യുമ്പോൾ ഇടത്തരം സെഡാൻ സെഗ്‌മെന്റിൽ ഹോണ്ട സിറ്റി, ഹ്യുണ്ടായി വെർണ, മാരുതി സുസുക്കി സിയാസ് എന്നിവരെ സ്ലാവിയ നേരിടും. 10 ലക്ഷം മുതൽ 17 ലക്ഷം രൂപ വരെയായിരിക്കും സ്‌കോഡ സ്ലാവിയയുടെ എക്‌സ് ഷോറൂം വില. ഇത് സ്കോഡ കുഷാക്കിനും VW ടൈഗണിനും അടിവരയിടുന്ന VW ഗ്രൂപ്പിന്റെ MQB AO IN പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. കാലപ്പഴക്കം ചെന്ന റാപ്പിഡ് സെഡാന് പകരമായി പുതിയ സ്കോഡ സ്ലാവിയ ഹോണ്ട സിറ്റി, ഹ്യുണ്ടായ് വെർണ, മാരുതി സുസുക്കി സിയാസ് എന്നിവയെ നേരിടും.