Asianet News MalayalamAsianet News Malayalam

സ്‍കോഡ സ്ലാവിയ നിരത്തിലേക്ക്

2021 നവംബർ 18 ന് പുതിയ സ്ലാവിയ സെഡാൻ ഔദ്യോഗികമായി കവർ അനാവരണം ചെയ്യുമെന്ന് കമ്പനി അറിയിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

Skoda Slavia to be unveiled on November 18
Author
Mumbai, First Published Oct 31, 2021, 3:20 PM IST

പുതിയ 2022 സ്ലാവിയ (Slavia) മിഡ്-സൈസ് പ്രീമിയം സെഡാൻ അടുത്ത മാസം ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ചെക്ക് ആഡംബര വാഹന നിര്‍മ്മാതാക്കളായ സ്‌കോഡ (Skoda) ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ട്. 2021 നവംബർ 18 ന് പുതിയ സ്ലാവിയ സെഡാൻ ഔദ്യോഗികമായി കവർ അനാവരണം ചെയ്യുമെന്ന് കമ്പനി അറിയിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

എല്ലാ പുതിയ തലമുറ സ്‌കോഡ, ഫോക്‌സ്‌വാഗൺ കാറുകളായ കുഷാക്ക്, ടൈഗൺ എസ്‌യുവികളുമായി പങ്കിടുന്ന MQB-A0-IN പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് സ്‍കോഡ സ്ലാവിയയും. സ്‍കോഡയുടെ ജനപ്രിയ സെഡാൻ റാപ്പിഡിന്റെ പിൻഗാമിയായാണ് സ്ലാവിയയെ പ്രധാനമായും കാണുന്നത്. രണ്ട് ടിഎസ്ഐ എഞ്ചിനുകള്‍ സ്ലാവിയയ്ക്ക് ലഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒപ്പം ആറ് എയർബാഗുകളും ഉൾപ്പെടെ നിരവധി സുരക്ഷാ ഫീച്ചറുകളും ലഭിക്കും.  സ്കോഡ സ്ലാവിയയ്ക്ക് 4,541 എംഎം നീളവും 1,752 എംഎം വീതിയും 1,487 എംഎം ഉയരവുമുണ്ട്. 2,651 എംഎം വീൽബേസിലാണ് സെഡാൻ എത്തുന്നത്.

പുതിയ സ്ലാവിയയെ കുറിച്ച് ചെക്ക് കാർ നിർമ്മാതാവ് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും, അടുത്തിടെ പുറത്തിറക്കിയ സ്കോഡ കുഷാക്ക് എസ്‌യുവിക്ക് കരുത്ത് പകരുന്ന രണ്ട് ടിഎസ്‌ഐ പെട്രോൾ എഞ്ചിനുകളാണ് ഇതിന് കരുത്തേകുന്നതെന്ന് എന്നാണ് റിപ്പോര്‍ട്ടുകള്‍. 1.0 ലിറ്റർ ത്രീ സിലിണ്ടർ TSI എഞ്ചിന് 113 hp പവർ ഉത്പാദിപ്പിക്കാൻ കഴിയും. 1.5 ലിറ്റർ നാല് സിലിണ്ടർ ടിഎസ്ഐക്ക് 148 എച്ച്പി ഔട്ട്പുട്ട് സൃഷ്‍ടിക്കാന്‍ സാധിക്കും. സ്കോഡയുടെ ആറ് സ്‍പീഡ് മാനുവൽ ഗിയർബോക്സായിരിക്കും ട്രാന്‍സ്‍മിഷന്‍. കൂടാതെ 1.0 ലിറ്റർ ടിഎസ്ഐയിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനോ 1.5 ലിറ്റർ വേരിയന്റിൽ ഏഴ് സ്പീഡ് ഡിഎസ്ജി ഗിയർബോക്സോ തിരഞ്ഞെടുക്കാനുള്ള ഓപ്ഷനും ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.  1.5 ലിറ്റർ എഞ്ചിൻ വേരിയന്റിൽ ആക്റ്റീവ് സിലിണ്ടർ സാങ്കേതികവിദ്യയുമായും വാഹനം എത്തിയേക്കും.  എഞ്ചിൻ ലോഡ് കുറവായിരിക്കുമ്പോൾ രണ്ട് സിലിണ്ടറുകൾ അടച്ച് സെഡാന്റെ ഇന്ധനക്ഷമത വർദ്ധിപ്പിക്കുകയാണ് ഈ സാങ്കേതികവിദ്യ ലക്ഷ്യമിടുന്നത്.

സ്‍കോഡ കുഷാഖിൽ നിന്നുള്ള ഇന്റീരിയർ ഘടകങ്ങളും സവിശേഷതകളും സെഡാൻ കടമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിൽ ഫാക്ടറി ഫിറ്റഡ് ഇലക്ട്രിക് സൺറൂഫ്, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, മിറർലിങ്ക് കണക്റ്റിവിറ്റിയുള്ള വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് എസി, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, മൾട്ടി ഫങ്ഷണൽ സ്റ്റിയറിംഗ് വീൽ എന്നിവ ഇതിന് ലഭിക്കും.

ഇന്ത്യയില്‍ പ്രീമിയം മിഡ്-സൈസ് സെഡാനുകളിൽ മാരുതി സുസുക്കി സിയാസ്, ഹോണ്ട സിറ്റി, ഹ്യുണ്ടായ് വെർണ തുടങ്ങിയവരായിരിക്കും സ്‍കോഡ സ്ലാവിയയുടെ മുഖ്യ എതിരാളികള്‍.  ഈ വർഷം ഇന്ത്യയിൽ അവതരിപ്പിക്കുന്ന സ്‌കോഡയുടെ മൂന്നാമത്തെ മോഡലാണിത്.  
 

Follow Us:
Download App:
  • android
  • ios