ചെക്ക് ആഡംബര വാഹന നിര്‍മ്മാതാക്കളായ സ്‌കോഡയുടെ ഒക്‌ടേവിയ സെഡാന്റെ സ്‌പോർട്ടി വകഭേദം ആർഎസിനെ അടുത്തിടെയാണ് ഇന്ത്യയില്‍ വീണ്ടും അവതരിപ്പിച്ചത്. ഇപ്പോള്‍ ഒക്‌ടാവിയ RS 245-ന്റെ ഡെലിവറികൾ ആരംഭിച്ചതായി കമ്പനി അറിയിച്ചു. 

വാഹനത്തിന്റെ 200 CBU യൂണിറ്റുകൾ മാത്രമാണ് ഇന്ത്യൻ വിപണിയിൽ ലഭ്യമാക്കിയത്. അവയെല്ലാം കഴിഞ്ഞ മാസം തന്നെ വിറ്റുതീർന്നതായി കമ്പനി അറിയിച്ചിരുന്നു. ഇപ്പോൾ, ലോക്ക് ഡൌൺ ഭാഗികമായി പിൻവലിച്ചതോടെ ഒക്‌ടാവിയ RS 245-ന്റെ ഡെലിവറികൾ തുടങ്ങാൻ കമ്പനിക്ക് സാധിച്ചു.

അതിന്റെ ഭാഗമായി ആദ്യ യൂണിറ്റ് ഗോവയിൽ കമ്പനി എത്തിച്ചു. റേസ് ബ്ലൂ ഷേഡിൽ ഒരുങ്ങിയിരിക്കുന്ന മോഡലിനെയാണ് കമ്പനി ആദ്യ ഡെലിവറിക്കായി തയാറാക്കിയത്. 35.99 ലക്ഷം രൂപയാണ് പെർഫോമൻസ് ഒക്‌ടാവിയയുടെ എക്സ്ഷോറൂം വില.

 മുൻപ് വിപണിയിലുണ്ടായിരുന്ന ഒക്‌ടേവിയ ആർഎസ്സിനേക്കാൾ 10 ലക്ഷം രൂപ കൂടുതലാണ് പുത്തൻ വേർഷന്.  പെര്‍ഫോമന്‍സ് സെഡാന്റെ 200 യൂണിറ്റ് മാത്രമായിരിക്കും ഇന്ത്യയില്‍ വില്‍ക്കുന്നത്. റാലി ഗ്രീന്‍, റേസ് ബ്ലൂ, കൊറീഡ റെഡ്, മാജിക് ബ്ലാക്ക്, കാന്‍ഡി വൈറ്റ് എന്നീ അഞ്ച് കളര്‍ ഓപ്ഷനുകളില്‍ ലഭിക്കും.

നിലവില്‍ ഇന്ത്യയില്‍ വിറ്റിരുന്ന മുന്‍ മോഡലിനേക്കാള്‍ സ്‌പോര്‍ട്ടിയായിരിക്കും ഇനി വരുന്ന ഒക്ടാവിയ ആര്‍എസ്. വാഹനം മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് ഗ്രൗണ്ട് ക്ലിയറന്‍സ് താഴ്ന്നതായിരിക്കും. 18 ഇഞ്ച് അലോയ് വീലുകളായിരിക്കും വാഹനത്തില്‍.

യൂറോ 5 പാലിക്കുന്ന 2.0 ലിറ്റര്‍ ഡയറക്റ്റ് ഇന്‍ജെക്ഷന്‍ ടര്‍ബോ-പെട്രോള്‍ എന്‍ജിനായിരിക്കും സ്‌കോഡ ഒക്ടാവിയ ആര്‍എസിന്‍റെ ഹൃദയം. ഈ മോട്ടോര്‍ 245 ബിഎച്ച്പി കരുത്തും 370 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. മുന്‍ മോഡലിനേക്കാള്‍ 15 ബിഎച്ച്പി, 20 എന്‍എം കൂടുതല്‍. 7 സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ എന്‍ജിനുമായി ചേര്‍ത്തുവെച്ചു. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗമാര്‍ജിക്കാന്‍ 6.6 സെക്കന്‍ഡ് മതി. ഏറ്റവും ഉയര്‍ന്ന വേഗത മണിക്കൂറില്‍ 250 കിലോമീറ്ററായി ഇലക്ട്രോണിക്കലായി പരിമിതപ്പെടുത്തിയിരിക്കുന്നു.

കൂടുതല്‍ സ്‌പോര്‍ട്ടിയായ സസ്‌പെന്‍ഷന്‍ സംവിധാനം, അഗ്രസീവ് ആര്‍എസ് ബോഡി കിറ്റ്, കറുത്ത എക്‌സ്റ്റീരിയര്‍ ഹൈലൈറ്റുകള്‍ എന്നിവയോടെയാണ് സ്‌കോഡ ഒക്ടാവിയ ആര്‍എസ് വരുന്നത്. എല്ലായിടത്തും എല്‍ഇഡി ലൈറ്റുകള്‍ നല്‍കി. അതായത് ഹെഡ്‌ലാംപുകള്‍, ടെയ്ല്‍ലൈറ്റുകള്‍, ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, ഫോഗ് ലാംപുകള്‍ എന്നിവയെല്ലാം എല്‍ഇഡി ആയിരിക്കും. ഇന്ത്യയില്‍ ഏറെ പ്രിയമുള്ള മോഡലാണ് ഒക്ടാവിയ ആര്‍എസ്. 2017ലും 2018ലും സ്‍കോഡ ഇന്ത്യയ്ക്ക് അനുവദിച്ച കാറുകളെല്ലാം പ്രതീക്ഷിച്ചതിലും വേഗം വിറ്റുപോയിരുന്നു.

2018ല്‍ ആദ്യം 300 ഒക്ടേവിയ ആർ എസ് ആയിരുന്നു ഇന്ത്യയ്ക്ക് അനുവദിച്ചിരുന്നത്. എന്നാൽ ആവശ്യക്കാരേറിയതോടെ അധികമായി 200 കാറുകൾ കൂടിഇറക്കുമതി ചെയ്തിരുന്നു. 2017ല്‍ ഇന്ത്യക്ക് 250 കാറുകളാണ് അനുവദിച്ചിരുന്നത്.