Asianet News MalayalamAsianet News Malayalam

വിഷന്‍ ഇന്‍ എസ്‌യുവി കണ്‍സെപ്റ്റ് അവതരിപ്പിച്ച് സ്‍കോഡ

സ്കോഡ ഓട്ടോ ഇന്ത്യയുടെ കോംപാക്ട് എസ് യുവി വിഷൻ ഐഎൻ കൺസെപ്റ്റ് മോഡൽ ദില്ലിയിൽ പ്രദർശിപ്പിച്ചു

Skoda Vision IN concept unveiled
Author
Mumbai, First Published Feb 4, 2020, 4:30 PM IST

ചെക്ക് ആഡംബര വാഹന നിര്‍മ്മാതാക്കളായ സ്കോഡ ഓട്ടോ ഇന്ത്യയുടെ കോംപാക്ട് എസ് യുവി വിഷൻ ഐഎൻ കൺസെപ്റ്റ് മോഡൽ ദില്ലിയിൽ പ്രദർശിപ്പിച്ചു. സ്കോഡ ഓട്ടോ, ഫോക്സ് വാഗൻ ഇന്ത്യ ലിമിറ്റഡ് സഹകമ്പനികളുടെ നാലു മോഡലുകളുമാണ് അവതരിപ്പിച്ചത്. പുതുവിപണനതന്ത്രങ്ങളുമായി വിപണി പിടിക്കാനുള്ള ഇന്ത്യ 2.0 പ്രോജക്ടിന്റെ ഭാഗമായാണ് വിഷൻ ഐഎൻ. 

ഫോക്സ് വാഗൻ തങ്ങളുടെ കോംപാക്ട് എസ്‌യുവി ടൈഗുൻ അവതരിപ്പിച്ചപ്പോൾ വാഹനഗ്രൂപ്പിലെ മറ്റുള്ളവർ നിലവിലെ മോഡലുകളുടെ പുതുരൂപങ്ങളാണ് പ്രദർശിപ്പിച്ചത്. ഔഡി എ 8 ലോങ് വീൽബേസ്, പോർഷേ 911കരീര എസ് കാബ്രിയോ എന്നിവയും പ്രദര്‍ശിപ്പിച്ചു. ലംബോർഗിനി യുറാകാൻ ഇവോയും പ്രദർശനത്തിലുണ്ടായിരുന്നു.

ഫോക്സ് വാഗൻ MQB A0 IN പ്ലാറ്റ്ഫോമിലാണ് വിഷൻ ഐഎൻ എത്തുക. റീസൈക്കിൾഡ് പ്ലാസ്റ്റിക് ഉപയോഗിച്ച് റൂഫ് ലൈൻ തുടങ്ങി പ്രകൃതിയോട് ഇണങ്ങിയ നിർമാണരീതികൾ ഉള്ള വിഷൻ ഐഎൻ നാലുപേർക്കു സഞ്ചരിക്കാവുന്ന ചെറു എസ് യുവിയാണ്.

സ്‌കോഡയുടെ MQB AO IN  പ്ലാറ്റ്‌ഫോമില്‍ മിഡ് സൈസ് ഫാമിലി എസ്‌യുവിയായാണ് വിഷന്‍ ഇന്‍ എത്തുന്നത്. ഈ വാഹനത്തിന്റെ പ്രൊഡക്ഷന്‍ രൂപം 2021-ഓടെ നിരത്തുകളിലെത്തിക്കും. ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, നിസാന്‍ കിക്‌സ് എന്നീ വാഹനങ്ങളാണ് വിഷന്‍ ഇന്നിന്റെ എതിരാളികള്‍.

148 ബിഎച്ച്പി പവര്‍ ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ ടിഎസ്‌ഐ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുക. ആറ് സ്പീഡ് മാനുവല്‍ ഏഴ് സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും ഇതില്‍ നല്‍കും. 4256 എംഎം നീളവും 2671 എംഎം വീല്‍ബേസുമാണ് ഈ വാഹനത്തിനുള്ളത്.

സ്‌കോഡ പുറത്തിറക്കിയിട്ടുള്ള കാമിക് എസ്‌യുവിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഡിസൈനാണ് വിഷന്‍ ഇന്നിനുള്ളത്. സ്‌കോഡ സിഗ്നേച്ചര്‍ ഗ്രില്ല്, ട്വിന്‍ പോഡ് എല്‍ഇഡി ഹെഡ്‌ലാമ്പ്, ഇതിന് തൊട്ടുതാഴെയായി ഫോഗ്‌ലാമ്പ്, ഡ്യുവല്‍ ടോണ്‍ ബമ്പര്‍, സ്‌കിഡ് പ്ലേറ്റ് എന്നിവയാണ് മുന്‍വശത്തുള്ളത്. 

വാഹനത്തിന് ചുറ്റിലും നീളുന്ന ക്ലാഡിങ്ങ്, ബ്ലാക്ക് ബി-പില്ലര്‍, വീതി കുറഞ്ഞ റിയര്‍വ്യു മിറര്‍, ക്രോം ഫ്രെയിമുകളുള്ള വിന്‍ഡോ, ക്രോം റൂഫ് റെയില്‍, 19 ഇഞ്ച് അലോയി വീലുകള്‍ എന്നിവയാണ് വശങ്ങളിലെ കാഴ്ച. ഡ്യുവല്‍ ടോണ്‍ ബമ്പറും, എല്‍ഇഡി ലൈറ്റ് സ്ട്രിപ്പ്, നേര്‍ത്ത ടെയ്ല്‍ ലാമ്പ് എന്നിവയാണ് പിന്‍ഭാഗത്തെ അലങ്കരിക്കുന്നത്. 

ആഡംബരം നിഴലിക്കുന്ന ഇന്റീരിയറാണ് ഈ വാഹനത്തിലുള്ളത്. ഓറഞ്ച് നിറമാണ് അകത്തളത്തെ നിറം. 12.3 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ത്രീ സ്‌പോക്ക് സ്റ്റീയറിങ് വീല്‍, കോക്പിറ്റ് മാതൃകയിലുള്ള സെന്റര്‍ കണ്‍സോള്‍ എന്നിവയാണ് ഇന്റീരിയറിന് ആഡംബര ഭാവം നല്‍കുന്നത്.

ഇന്ത്യ 2.0 പ്രോജക്ടിനായി ഒരു ബില്യൺ യൂറോ ആണ് സ്കോഡ ഓട്ടോ ഫോക്സ് വാഗൻ ഇന്ത്യ നിക്ഷേപിക്കും. ഇതിൽ 250 മില്യൺ യൂറോ ആർ ആൻഡി വിഭാഗം ശക്തിപ്പെടുത്താനാണ്.

കമ്പനിയുടെ പുതിയ വാഹനങ്ങളില്‍ ചിലത് ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന 2020 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിക്കുമെന്ന് നേരത്തേ കമ്പനി വ്യക്തമാക്കിയിരുന്നു. പുതിയ മിഡ് സൈസ് എസ്‌യുവി അടുത്ത വർഷം ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുമെന്ന് അടുത്തിടെ സ്കോഡ സഇഒ ബെർ‌ണാർഡ് മെയറും വ്യക്തമാക്കിയിരുന്നു.

ഇന്ത്യ 2.0 പ്രോജക്ടിനെ അടിസ്ഥാനമാക്കിയുള്ള ആദ്യത്തെ മോഡലാണിത്. പുതിയ ആർക്കിടെക്ചർ ഉപയോഗിച്ച് സ്കോഡ 90% പ്രാദേശികവൽക്കരണം നേടിയിട്ടുണ്ട്, ഇത് തുടക്കത്തിൽ സ്കോഡയ്ക്കും ഫോക്സ്വാഗണിനുമായി മിഡ്-സൈസ് എസ്‌യുവി സൃഷ്ടിക്കും. ഈ പതിപ്പ് സ്കോഡ കാമിക്കിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കാമിക് അടിസ്ഥാനമായുള്ള ഈ വാഹനത്തിന് പുറമെ, 2020 ന്റെ തുടക്കത്തിൽ സ്കോഡ കരോക്ക് പുറത്തിറക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.

2020 മോഡല്‍ ഒക്ടാവിയയെ അടുത്തിടെയാണ് ആഗോളതലത്തില്‍  കമ്പനി അനാവരണം ചെയ്‍തത്. നാലാം തലമുറ ഒക്ടാവിയ ആണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. ആക്റ്റീവ്, അംബീഷന്‍, സ്‌റ്റൈല്‍ എന്നീ മൂന്ന് വേരിയന്റുകളിലാണ് പുതിയ ഒക്ടാവിയ എത്തുന്നത്. കോംബി സ്‌കൗട്ട് ഓഫ്-റോഡ്, ആര്‍എസ് സ്‌പോര്‍ട്ടി വേരിയന്റുകള്‍ പിന്നീട് പുറത്തിറക്കും.

അത്യന്തം എയ്‌റോഡൈനാമിക്കാണ് പുതിയ ഒക്ടാവിയ . 0.24 ആണ് ഡ്രാഗ് കോ-എഫിഷ്യന്റ്. കൂട്ടിയിടി ഒഴിവാക്കുന്ന സംവിധാനം, സ്റ്റിയറിംഗ് വളയത്തില്‍ കൈ ഉണ്ടെന്ന് തിരിച്ചറിയുന്ന സംവിധാനം, ഡോറുകള്‍ തുറക്കുമ്പോള്‍ വാഹനങ്ങള്‍ കടന്നുപോയേക്കാമെന്ന് ഡ്രൈവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന സംവിധാനം എന്നിവയെല്ലാം പുതിയ സുരക്ഷാ ഫീച്ചറുകളാണ്. 2020 അവസാനത്തോടെ പുതിയ സ്‌കോഡ ഒക്ടാവിയ ഇന്ത്യയിലുമെത്തും.

അടുത്തിടെയാണ് ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗന്‍റെ ഇന്ത്യയിലെ ഉപസ്ഥാപനമായ ഫോക്സവാഗണ്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും ചെക്ക് വാഹന നിര്‍മ്മാതാക്കളായ സ്‌കോഡയുടെ ഉപസ്ഥാപനം സ്‍കോഡ ഓട്ടോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും ലയിച്ചത്. സ്‌കോഡ ഓട്ടോ ഫോക്‌സ്‌വാഗണ്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നാണ് പുതിയ കമ്പനിയുടെ പേര്. 

Follow Us:
Download App:
  • android
  • ios