മൂടിക്കെട്ടിയ നിലയില്‍ ക്യാമറയില്‍ കുടുങ്ങി ആ വാഹനം!
പൂര്‍ണമായും മൂടിക്കെട്ടിയ നിലയിലായിരുന്നു ഈ വാഹനം നിരത്തുകളില്‍ പ്രത്യക്ഷപ്പെട്ടത്.
ചെക്ക് ആഡംബര വാഹന നിര്‍മ്മാതാക്കളായ സ്കോഡ ഓട്ടോ ഇന്ത്യ കഴിഞ്ഞ ദില്ലി ഓട്ടോ എക്സ്പോയില്‍ ആണ് കോംപാക്ട് എസ്യുവി കണ്സെപ്റ്റായ വിഷന്‍-ഇന്‍ അവതരിപ്പിച്ചത്. ഇപ്പോള്‍ വാഹനത്തിന്റെ കണ്‍സെപ്റ്റ് മോഡലിന്റെ പൊഡക്ഷന്‍ പതിപ്പിന്റെ പരീക്ഷണയോട്ട ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്.
ഓണ്‍ലൈന്‍ മാധ്യമമായ മോട്ടോര്ഒക്ടേനാണ് ഈ ചിത്രങ്ങള്‍ പുറത്തുവിട്ടത്. പൂര്‍ണമായും മൂടിക്കെട്ടിയ നിലയിലായിരുന്നു ഈ വാഹനം നിരത്തുകളില്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍, സ്കോഡയുടെ സിഗ്നേച്ചര്‍ ഗ്രില്ല്, ഹെഡ്ലൈറ്റ്, ഡി.ആര്.എല്‍ എന്നിവയുടെ ഡിസൈന്‍ പ്രൊഡക്ഷന്‍ മോഡലിലേതിന് സമാനമാണെന്നും ബ്ലാക്ക് ഫിനീഷിങ്ങിലുള്ള അഞ്ച് സ്പോക്ക് അലോയി വീലുകളും എല്‍.ഇ.ഡിയില്‍ ഒരുങ്ങിയിട്ടുള്ള ടെയ്ല്‍ലാമ്പുമാണ് ഈ വാഹനത്തില്‍ നല്‍കിയിട്ടുള്ളതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
ദില്ലി ഓട്ടോ എക്സ്പോയില്‍ ഏറ്റവുമധികം ശ്രദ്ധനേടിയ കണ്‍സെപ്റ്റ് വാഹനമായിരുന്നു ഇത്. വാഹനം 2021-ന്റെ ആദ്യ പാദത്തില്‍ നിരത്തുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വാഹനത്തിന്റെ യഥാര്‍ഥ പേര് ജനുവരിയില്‍ പ്രഖ്യാപിക്കുമെന്ന് സ്കോഡ മുമ്പ് അറിയിച്ചിരുന്നു. അതേസമയം, മാര്‍ച്ച് മാസത്തോടെയായിരിക്കും ഈ എസ്.യു.വി. നിരത്തുകളില്‍ എത്തുകയെന്നും സൂചനയുണ്ട്.
ഈ വാഹനത്തിന്റെ പേറ്റന്റ് ചിത്രങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. കണ്‍സെപ്റ്റ് മോഡലില്‍നിന്ന് കാര്യമായ മാറ്റം വരുത്താതെയാണ് പ്രൊഡക്ഷന്‍ റെഡി കണ്‍സെപ്റ്റ് ചിത്രങ്ങള്‍ എത്തിയത്. ഈ വാഹനത്തിന് ക്ലിക്ക് എന്ന പേരിനായി പേറ്റന്റ് അപേക്ഷ സമര്‍പ്പിച്ചതായും മുമ്പ് വാര്‍ത്തകള്‍ വന്നിരുന്നു. സ്കോഡയുടെ ഇന്ത്യ 2.0 പദ്ധതിയുടെ കീഴില്‍ ആദ്യമായി ഇന്ത്യയിലെത്തിക്കുന്ന വാഹനമാണ് ഇത്.
ഫോക്സ് വാഗൻ MQB A0 IN പ്ലാറ്റ്ഫോമിലാണ് വിഷൻ ഐഎൻ എത്തുക. റീസൈക്കിൾഡ് പ്ലാസ്റ്റിക് ഉപയോഗിച്ച് റൂഫ് ലൈൻ തുടങ്ങി പ്രകൃതിയോട് ഇണങ്ങിയ നിർമാണരീതികൾ ഉള്ള വിഷൻ ഐഎൻ നാലുപേർക്കു സഞ്ചരിക്കാവുന്ന ചെറു എസ് യുവിയാണ്. സ്കോഡയുടെ MQB AO IN പ്ലാറ്റ്ഫോമില്‍ മിഡ് സൈസ് ഫാമിലി എസ്യുവിയായാണ് വിഷന്‍ ഇന്‍ എത്തുന്നത്. ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, നിസാന്‍ കിക്സ് എന്നീ വാഹനങ്ങളാണ് വിഷന്‍ ഇന്നിന്റെ എതിരാളികള്‍.
148 ബിഎച്ച്പി പവര്‍ ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ ടിഎസ്ഐ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുക. ആറ് സ്പീഡ് മാനുവല്‍ ഏഴ് സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ഗിയര്‍ബോക്സും ഇതില്‍ നല്‍കും. 4256 എംഎം നീളവും 2671 എംഎം വീല്‍ബേസുമാണ് ഈ വാഹനത്തിനുള്ളത്.
സ്കോഡ പുറത്തിറക്കിയിട്ടുള്ള കാമിക് എസ്യുവിയില് നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഡിസൈനാണ് വിഷന്‍ ഇന്നിനുള്ളത്. സ്കോഡ സിഗ്നേച്ചര്‍ ഗ്രില്ല്, ട്വിന്‍ പോഡ് എല്‍ഇഡി ഹെഡ്ലാമ്പ്, ഇതിന് തൊട്ടുതാഴെയായി ഫോഗ്ലാമ്പ്, ഡ്യുവല്‍ ടോണ്‍ ബമ്പര്‍, സ്കിഡ് പ്ലേറ്റ് എന്നിവയാണ് മുന്‍വശത്തുള്ളത്.
വാഹനത്തിന് ചുറ്റിലും നീളുന്ന ക്ലാഡിങ്ങ്, ബ്ലാക്ക് ബി-പില്ലര്‍, വീതി കുറഞ്ഞ റിയര്‍വ്യു മിറര്‍, ക്രോം ഫ്രെയിമുകളുള്ള വിന്‍ഡോ, ക്രോം റൂഫ് റെയില്‍, 19 ഇഞ്ച് അലോയി വീലുകള്‍ എന്നിവയാണ് വശങ്ങളിലെ കാഴ്ച. ഡ്യുവല്‍ ടോണ്‍ ബമ്പറും, എല്‍ഇഡി ലൈറ്റ് സ്ട്രിപ്പ്, നേര്‍ത്ത ടെയ്ല് ലാമ്പ് എന്നിവയാണ് പിന്‍ഭാഗത്തെ അലങ്കരിക്കുന്നത്.
ആഡംബരം നിറഞ്ഞ ഇന്റീരിയറാണ് ഈ വാഹനത്തില്‍. ഓറഞ്ച് നിറമാണ് അകത്തളത്തെ നിറം. 12.3 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ത്രീ സ്പോക്ക് സ്റ്റീയറിങ് വീല്‍, കോക്പിറ്റ് മാതൃകയിലുള്ള സെന്റര്‍ കണ്‍സോള്‍ എന്നിവ ഇന്റീരിയറിന് ആഡംബര ഭാവം നല്‍കും. വാഹനത്തിന്റെ വില പത്ത് ലക്ഷം രൂപയിലായിരിക്കും ആരംഭിക്കുക എന്നും റിപ്പോര്‍ട്ടുകളുണ്ട്.