കാസര്‍കോട്: രാവിലെ ബുള്ളറ്റ് സ്റ്റാര്‍ട്ടാക്കാനെത്തിയ ഉടമ  ഞെട്ടി. സഹയാത്രക്കൊരുങ്ങി ഒരാള്‍ ബൈക്കിന്‍റെ സീറ്റിനടിയില്‍ നിന്നും പുറത്തേക്ക് തല നീട്ടുന്നു. ആള്‍ അത്ര ചില്ലറക്കാരനല്ല. വലിയൊരു മൂര്‍ഖന്‍ പാമ്പ്. നീലേശ്വരത്താണ് സംഭവം. 

നീലേശ്വരം പേരോല്‍ സ്വദേശിയായ രാജേഷ് നമ്പ്യാരുടെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബുള്ളറ്റിലാണ് മൂര്‍ഖന്‍ പാമ്പ് കയറിക്കൂടിയത്. ബുള്ളറ്റിന്‍റെ സീറ്റിനടിയില്‍ ചുരുണ്ടിരിക്കുന്ന നിലയിലായിരുന്നു പാമ്പ്. മനുഷ്യ സാനിധ്യം തിരിച്ചറിഞ്ഞതോടെ പാമ്പ് പുറത്തേക്ക് തല നീട്ടുകയായിരുന്നു. തുടര്‍ന്ന് പാമ്പ് പിടുത്തക്കാരന്‍ പവിത്രന്‍ ഏഴിലോടെത്തിയാണ് പാമ്പിനെ പുറത്തെടുത്തത്. അങ്ങനെ ബുള്ളറ്റില്‍ യാത്ര ചെയ്യാനെത്തിയ മൂര്‍ഖന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലുമായി. 

വാഹനങ്ങളില്‍ പാമ്പ് കയറുമോ?
കാറുകള്‍ ഉള്‍പ്പെടെ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളില്‍ പല കാരണങ്ങളാല്‍ പാമ്പ് കയറാം. വാഹനത്തിന്റെ എൻജിന്റെ ചൂട് തന്നെയാകും പാമ്പുകളെ ആകർഷിക്കുന്നതെന്നാണ് വിദഗ്ദര്‍ പറയുന്നത്. ചെറിയ എലികൾ ചിലപ്പോഴൊക്കെ വാഹനത്തിന്റ എൻജിൻ ബേയിൽ കയറാറുണ്ട് അവയെ പിന്തുടർന്നും ചിലപ്പോൾ പാമ്പു വന്നേക്കാം. 

വാഹനത്തിൽ പാമ്പ് കയറില്ല എന്ന് ഉറപ്പിക്കുന്നതെങ്ങനെ?
പുല്ലുകൾ നിറഞ്ഞ പ്രദേശത്തിനു സമീപത്ത് വാഹനങ്ങള്‍ നിർത്തിയിടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ബൈക്കുകള്‍ നന്നായി പരിശോധിച്ച് യാത്ര ആരംഭിക്കുക. കാർ നിർത്തിയിടുമ്പോൾ വിൻഡോ ഗ്ലാസുകൾ ഉയർത്തിയിട്ടുണ്ടെന്നും ഡോർ ലോക്ക് ചെയ്‍തിട്ടുണ്ടെന്നും ഉറപ്പു വരുത്തുക. 

കാറുകളുടെ ബോണറ്റ് ഇടയ്ക്കിടെ തുറന്ന് പരിശോധിക്കുക. പാർക്ക് ചെയ്‍തിട്ട് പോകുമ്പോൾ വാഹനത്തിന്റെ ഡോറുകളും വിൻഡോകളും അടയ്ക്കാൻ ശ്രദ്ധിക്കുക. അഥവാ വാഹനത്തിനുള്ളിൽ പാമ്പുണ്ടെന്ന് തോന്നുകയാണെങ്കിൽ സർവീസ് സെന്ററുകളെയൊ വനപാലകരേയൊ സമീപിക്കാം. 

എൻജിൻ കംപാർട്ട്മെന്‍റ് വിട്ടു പാമ്പുകൾ കാറുകളിലെ മറ്റിടങ്ങളിലേക്ക് അധികം സഞ്ചരിക്കാറില്ലെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. അപൂർവ്വമാണെങ്കിലും ഡിക്കികളിലും പാമ്പുകളെ കണ്ടു വരാറുണ്ട്. എന്നാല്‍ യാത്രക്കാർ ഇരിക്കുന്ന ഭാഗങ്ങളിലേക്ക് എത്തിനോക്കുന്നതു പോലും പാമ്പുകൾക്ക് ഇഷ്ടമല്ലെന്നാണ് പാമ്പുപിടുത്തക്കാര്‍ പറയുന്നത്. അതുകൊണ്ടു തന്നെ ഒരു പരിധി വരെ ഭയപ്പെടേണ്ട ആവശ്യമില്ലെന്നു ചുരുക്കം.