Asianet News MalayalamAsianet News Malayalam

കാല് നീട്ടാന്‍ പറ്റുന്നില്ലെന്ന് പറഞ്ഞ് മുന്‍ സ്‍പീക്കര്‍ ഉപേക്ഷിച്ച അരക്കോടിയുടെ ആഡംബര കാര്‍ ഇപ്പോഴും കട്ടപ്പുറത്ത്!

സൗകര്യം കുറവാണെന്ന കാരണത്തില്‍ മുന്‍ ലോക്സഭ സ്പീക്കര്‍ ഉപേക്ഷിച്ചത് ആഢംബര കാര്‍

speaker leave luxury car due to less leg space
Author
New Delhi, First Published Oct 28, 2019, 3:26 PM IST

ദില്ലി: സൗകര്യം കുറവായതു കൊണ്ട് മുന്‍ ലോക്സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍ ഉപേക്ഷിച്ചത് അരക്കോടിയോളം വിലയുള്ള ആഢംബര കാര്‍. സ്പീക്കറിന് ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ വാങ്ങിയ ജാഗ്വറിന്‍റെ ആഢംബരക്കാറാണ് ഇപ്പോള്‍ പാര്‍ലമെന്‍റ് ഗ്യാരേജില്‍ പൊടിപിടിച്ചു കിടക്കുന്നത്. 48.25 ലക്ഷം രൂപ മുടക്കി 2016-ല്‍ വാങ്ങിയ ജാഗ്വര്‍ എക്സ് ഇ ആഢംബര കാര്‍ അന്ന് സുമിത്ര മഹാജന്‍ തന്നെയാണ് തെരഞ്ഞെടുത്തത്.

ലോക്സഭാ സെക്രട്ടറിയേറ്റാണ് വെള്ള നിറത്തിലുള്ള ഈ കാര്‍ വാങ്ങി നല്‍കിയത്. സുരക്ഷ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആഢംബരക്കാര്‍ വാങ്ങിയതെന്നാണ് അന്ന് ലോക്സഭാ സെക്രട്ടറിയേറ്റ് വിശദീകരിച്ചത്. എന്നാല്‍ മൂന്ന് വര്‍ഷത്തിലേറെയായി പാര്‍ലമെന്‍റ് ഗ്യാരേജില്‍ ഉപയോഗമില്ലാതെ കിടക്കുകയാണ് കാര്‍. വിവരാവകാശ നിയമപ്രകാരം ലഭിച്ച വിവരങ്ങള്‍ 'ദി പ്രിന്‍'റാണ് റിപ്പോര്‍ട്ട് ചെയ്തത്. സുമിത്ര മഹാജന്‍ സ്പീക്കര്‍ പദവി വഹിച്ച 2014 -19 കാലഘട്ടത്തില്‍ ചുരുങ്ങിയ യാത്രകള്‍ മാത്രമാണ് അവര്‍ ഈ കാറില്‍ നടത്തിയിട്ടുള്ളത്. പിന്നീട് ജാഗ്വര്‍ സെഡാനിലെ യാത്ര അസൗകര്യമുണ്ടാക്കുന്നെന്ന് പറഞ്ഞ് അവര്‍ കാര്‍ ഉപേക്ഷിക്കുകയായിരുന്നു. കാറിന്‍റെ പിന്നിലെ സീറ്റില്‍ ഇരിക്കുമ്പോള്‍ കാല് നീട്ടി വെക്കാന്‍ കാറില്‍ കുറച്ച് സ്ഥലം മാത്രമെ ഉള്ളെന്നും അതിനാലാണ് വാഹനം ഉപേക്ഷിച്ചതെന്നും സുമിത്ര മഹാജന്‍ പറഞ്ഞു. എന്നാല്‍ സ്വന്തമായി ഓടിക്കുന്നവര്‍ക്ക് കാര്‍ സൗകര്യപ്രദമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

3.91 ലക്ഷത്തിന്‍റെ അംബാസിഡര്‍, 14.7 ലക്ഷത്തിന്‍റെ ഹോണ്ട അക്കോര്‍ഡ്, 21 ലക്ഷം രൂപ വിലയുള്ള ടൊയോട്ട കാമ്രി, 48.25 ലക്ഷത്തിന്‍റെ ജാഗ്വര്‍, 36.74 ലക്ഷത്തിന്‍റെ ടൊയോട്ട കാമ്രി ഹൈബ്രിഡ് എന്നിങ്ങനെ 18 വര്‍ഷത്തിനിടെ അഞ്ച് കാറുകളാണ് ലോക്സഭാ സ്പീക്കര്‍മാര്‍ക്കായി വാങ്ങിയിട്ടുള്ളത്. പുതിയ സ്പീക്കറായി തെര‍ഞ്ഞെടുക്കപ്പെട്ട ഓം ബിര്‍ല ഉപയോഗിക്കുന്നത് 36.74 ലക്ഷത്തിന്‍റെ ടൊയോറ്റ കാമ്രി  ഹൈബ്രിഡാണ്.
 

Follow Us:
Download App:
  • android
  • ios