നിലവില്‍ വില്‍പ്പനയ്ക്ക് എത്തുന്ന VXi വേരിയന്റിനെ അടിസ്ഥാനമാക്കിയാണ് വാഗണ്‍ആര്‍ എക്‌സ്ട്രാ എന്ന ഈ മോഡലിനെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്
ജനപ്രിയ ഹാച്ച് ബാക്കായ വാഗണ്‍ ആറിന് സ്‌പെഷ്യല്‍ എഡിഷന്‍ മോഡല്‍ അവതരിപ്പിച്ച് മാരുതി സുസുക്കി. നിലവില്‍ വില്‍പ്പനയ്ക്ക് എത്തുന്ന VXi വേരിയന്റിനെ അടിസ്ഥാനമാക്കിയാണ് വാഗണ്‍ആര്‍ എക്‌സ്ട്രാ എന്ന ഈ മോഡലിനെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത് എന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. 5.13 ലക്ഷം രൂപയാണ് ഈ പതിപ്പിന്റെ എക്‌സ്‌ഷോറൂം വില.
അധികമായി വേണ്ടിവരുന്ന ആക്സസറികളുടെ വില ഏതാണ്ട് 23,000 രൂപ വരും. അതോടെ എക്സ്ട്രാ എഡിഷന്റെ ആകെ വില 5.36 ലക്ഷം രൂപയായി ഉയരും. ഡീലർ ലെവലിൽ തന്നെ കാറുമായി ബന്ധിപ്പിക്കേണ്ട അധിക ആക്സസറികളോടെയാണ് വാഗൺ ആറിന്റെ ഈ പുതിയ മോഡൽ വിപണിയിലെത്തുന്നത്. വാഹനത്തിന്റെ പുറത്തും അകത്ത് കാബിനിലും ആകർഷകമായ മാറ്റങ്ങൾ ഈ മോഡലിൽ മാരുതി സുസുക്കി വരുത്തിയിട്ടുണ്ട്. ഡ്രൈവർക്കും മറ്റു യാത്രികർക്കും സൗകര്യപ്രദമായ ഈ മാറ്റങ്ങൾ മോഡലിന്റെ ജനപ്രീതി വർദ്ധിപ്പിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഈ പ്രത്യേക പതിപ്പിന് വീല്‍ ആര്‍ച്ച് ക്ലാഡിംഗ്, ബോഡി സൈഡ് മോള്‍ഡിംഗുകള്‍, മുന്നിലും പിന്നിലും ബമ്പര്‍ പ്രൊട്ടക്ടറുകള്‍, സൈഡ് സ്‌കര്‍ട്ടുകള്‍, മുന്നിലും പിന്നിലും ക്രോം ഗാര്‍ണിഷ് എന്നിവ ലഭിക്കും ലഭിക്കുന്നു. മാരുതി ഇന്റീരിയര്‍ സ്‌റ്റൈലിംഗ് കിറ്റും നൽകുന്നു.
1.0 ലിറ്റര്‍ പെട്രോള്‍, 1.2 ലിറ്റര്‍ യൂണിറ്റ് എന്നിങ്ങനെ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളില്‍ വാഗണ്‍ആര്‍ എക്സ്ട്രാ എത്തും. ഇതില്‍ 1.0 ലിറ്റര്‍ യൂണിറ്റ് 5,500 rpm-ല്‍ 67 bhp കരുത്തും 3,500 rpm-ല്‍ 90 Nm ടോർക്കും സൃഷ്ടിക്കുന്നു. 6,000 rpm-ല്‍ 82 bhp കരുത്തും 4,200 rpm-ല്‍ 113 Nm ടോർക്കും ആണ് 1.2 ലിറ്റര്‍ യൂണിറ്റ് സൃഷ്ടിക്കുന്നത്. രണ്ട് എഞ്ചിനുകളും 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 5 സ്പീഡ് എഎംടി എന്നിവ ഉപയോഗിച്ച് വാഗ്ദാനം ചെയ്യുന്നു.
ജനപ്രിയ ഹാച്ച് ബാക്കായ വാഗണ്‍ ആറിന് അടുത്തിടെ 21 വയസ് തികഞ്ഞിരുന്നു. വാഹനം നിരത്തിലെത്തി രണ്ടു പതിറ്റാണ്ടു പിന്നിടുമ്പോൾ 24 ലക്ഷത്തോളം വാഗൻ ആർ ഇതുവരെ ഇന്ത്യയിൽ വിറ്റുപോയെന്നാണു മാരുതി സുസുക്കിയുടെ കണക്ക്. മാത്രമല്ല വാഗണ്‍ ആർ ഉടമസ്ഥരിൽ നാലിലൊന്നും ഇതേ കാർ തേടി തിരിച്ചെത്തുന്നുണ്ടെന്നും കമ്പനി അവകാശപ്പെടുന്നു.
1999ലാണ് മാരുതി സുസുക്കി ടോള്‍ ബോയി വിഭാഗത്തില്‍ വാഗണ്‍ ആറിനെ നിരത്തിലിറക്കുന്നത്. അഞ്ചു വർഷത്തിനൊടുവിൽ 2004ല്‍ വിൽപ്പന ആദ്യ ലക്ഷം തികച്ചു. 2017ൽ 20 ലക്ഷം യൂണിറ്റും പിന്നിട്ടു. 2019 ജനുവരിയിലാണ് വാഗണ്‍ ആറിന്‍റെ പരിഷ്‍കരിച്ച പതിപ്പിനെ മാരുതി അവതരിപ്പിക്കുന്നത്. നിലവില്‍ ഈ മോഡലാണ് വിപണിയിലുള്ളത്.
നിലവില്‍ വിപണിയിലുള്ള പുതുതലമുറ വാഗണ്‍ ആറിന് പഴയ വാഗണ്‍ ആറിനെക്കാള്‍ നീളവും വീതിയും ഉയരവും കൂടുതലുണ്ട്. 3655 എംഎം നീളവും 1620 എംഎം വീതിയും 1675 എംഎം ഉയരവും 2435 എംഎം വീല്‍ബേസുമുണ്ട് പുതിയ വാഗണ്‍ ആറിന്. മുന്‍മോഡലിനെക്കാള്‍ ഭാരം 65 കിലോഗ്രാം കുറവാണ്. L, V, Z എന്നീ മൂന്ന് വേരിയന്റുകളിലായി പേള്‍ പൂള്‍സൈഡ് ബ്ലൂ, പേള്‍ നട്ട്മഗ് ബ്രൗണ്‍, മാഗ്ന ഗ്രേ, പേള്‍ ഓട്ടം ഓറഞ്ച്, സില്‍ക്കി സില്‍വര്‍, സുപ്പീരിയര്‍ വൈറ്റ് എന്നീ ആറ് നിറങ്ങളിലാണ് വാഹനമെത്തുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
