Asianet News MalayalamAsianet News Malayalam

306 കിമീ മൈലേജ്, കയ്യിലൊതുങ്ങും വില, ഇടിച്ചാല്‍ പപ്പടമാകില്ല; ഈ വണ്ടി സൂപ്പറാ..

നിരവധി പ്രത്യേകതകളോടെയാണ് പുത്തന്‍ ടിഗോര്‍ ഇവി നിരത്തുകളിലേക്ക് എത്തുന്നത്. ഇതാ വാഹനത്തിന്‍റെ ചില പ്രത്യേകതകള്‍ 

Specialties Of New Tata Tigor EV
Author
Trivandrum, First Published Sep 5, 2021, 2:17 PM IST

രിഷ്‍കരിച്ച ടിഗോർ ഇവിയെ കഴിഞ്ഞ ദിവസമാണ് ടാറ്റാ മോട്ടോഴ്‍സ് വിപണിയില്‍ അവതരിപ്പിച്ചത്. നിരവധി പ്രത്യേകതകളോടെയാണ് പുത്തന്‍ ടിഗോര്‍ ഇവി നിരത്തുകളിലേക്ക് എത്തുന്നത്. ഇതാ വാഹനത്തിന്‍റെ ചില പ്രത്യേകതകള്‍ അറിഞ്ഞിരിക്കാം

സിപ്ട്രോൺ പവർട്രെയിൻ 
സിപ്ട്രോൺ പവർട്രെയിൻ ഉപയോഗിക്കുന്നു എന്നതാണ് പുത്തന്‍ ടിഗോര്‍ ഇവിയുടെ ഏറ്റവും വലിയ സവിശേഷത. നെക്​സോൺ ഇവിയിലെ സിപ്​ട്രോൺ കരുത്തുമായിട്ടാണ്  വാഹനം എത്തുന്നത്. നെക്​സോൺ ഇവിയിൽ പ്രവർത്തിക്കുന്ന അതേ സിപ്​ട്രോൺ പവർട്രെയിനാണ്​ ടിഗോറിലും ഉൾപ്പെടുത്തിയിരിക്കുന്നത്. 

Specialties Of New Tata Tigor EV

ഹൃദയം
26 kWh ശേഷിയുള്ള ലിക്വിഡ് കൂള്‍ഡ്, ഐ.പി. 67 റേറ്റഡ് ഹൈ എനര്‍ജി ഡെന്‍സിറ്റി ബാറ്ററിയാണ് ടിഗോര്‍ ഇ.വിയുടെ ഹൃദയം. ഇതിനൊപ്പം 74 ബി.എച്ച്.പി. പവറും 170 എന്‍.എം. ടോര്‍ക്കുമേകുന്ന ഇലക്ട്രിക് മോട്ടോറാണ് ടിഗോര്‍ ഇ.വിയില്‍ ഉണ്ട്.  ബാറ്ററി പാക്കിനും ഇലക്ട്രിക് മോട്ടോറിന് എട്ട് വര്‍ഷം അല്ലെങ്കിലും 1,60,000 കിലോമീറ്റര്‍ വാറണ്ടിയും ഉറപ്പാക്കിയിട്ടുണ്ടെന്നാണ് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചിട്ടുള്ളത്. 

റേഞ്ച്
ഒറ്റത്തവണ ചാര്‍ജ് ചെയ്‍താല്‍ 306 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ പുത്തന്‍ ടിഗോര്‍ ഇവിക്ക് സാധിക്കും എന്നാണ് ടാറ്റ മോട്ടോഴ്‌സ് വ്യക്തമാക്കുന്നത്.  എ.ആര്‍.എ.ഐ. സാക്ഷ്യപ്പെടുത്തിയ റേഞ്ചാണ് 306 കിലോമീറ്റര്‍ റേഞ്ച്. കൂടുതൽ വേഗത്തിലുള്ള ചാർജിങും കൂടുതൽ മൈലേജും ഉറപ്പാക്കിയാണ് ടിഗോർ ഇവി മുഖം മിനുക്കുന്നത്.  

Specialties Of New Tata Tigor EV

ചാര്‍ജ്ജിംഗ്
സാധാരണ ഹോം ചാർജർ ഉപയോഗിച്ച്​ വാഹനം ചാർജ് ചെയ്​താൽ 80 ശതമാനം എത്താൻ 8.5 മണിക്കൂർ എടുക്കും. എന്നാൽ ഡി.സി ഫാസ്​റ്റ്​ ചാർജർ ഉപയോഗിച്ച്​ ഒരു മണിക്കൂർകൊണ്ട്​ 80 ശതമാനം ചർജ്​ നിറയ്ക്കാം.  നെക്‌സണി​ലെ റീജനറേറ്റീവ് ബ്രേക്കിങും സിപ്‌ട്രോൺ ടെകിന്‍റെപ്രത്യേകതയാണ്​. ഇതും ടിഗോറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്​. കേവലം 5.7 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 60 കിലോമീറ്റര്‍ വേഗത കൈവരിക്കാനും ഈ ഇലക്ട്രിക് സെഡാന് കഴിയും. ഡ്യുവല്‍ എയര്‍ബാഗ്, എ.ബി.എസ്, ഇ.ബി.ഡി, കോര്‍ണര്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍ തുടങ്ങിയ സുരക്ഷ സംവിധാനങ്ങളും ഇതിലുണ്ട്.

എക്സ്റ്റീരിയര്‍
കഴിഞ്ഞ വർഷത്തിന്റെ തുടക്കത്തിൽ മുഖം മിനുക്കിയെത്തിയ ടിഗോറിന് സമാനമായി മുൻവശത്ത് മാറ്റങ്ങൾ വരുത്തിയാണ് പുത്തൻ ടിഗോർ ഇവിയുടെയും വരവ്. ഗ്രില്ലിന്റെ ഭാഗത്ത് ഗ്ലോസി ബ്ലാക്ക് നിറത്തിലുള്ള പാനൽ ഇലക്ട്രിക്ക് ടിഗോർ പതിപ്പിൽ ശ്രദ്ധക്കപെടാതിരിക്കില്ല. ഇലക്ട്രിക്ക് ബ്ലൂ നിറത്തിലുള്ള ഹൈലൈറ്റുകളാണ് ടിഗോർ ഇവിയെ പെട്രോൾ, ഡീസൽ ടിഗോർ മോഡലിൽ നിന്നും വ്യത്യസ്തമാക്കുന്ന പ്രധാന എക്സ്റ്റീരിയർ ഘടകം. ഹെഡ്‍ലാംപിന് താഴെയും ഫോഗ് ലാംപ് ഹൗസിങ്ങിലും, 15 അലോയ് വീലുകളിൽ വരെ ഇലക്ട്രിക്ക് ബ്ലൂ നിറത്തിലുള്ള ഹൈലൈറ്റുകളുണ്ട്. 

Specialties Of New Tata Tigor EV

അകത്തളം
പ്രീമിയം ഭാവത്തിലാണ് ഇന്റീരിയറും. ഇലക്ട്രിക്ക് ബ്ലൂ നിറത്തിലുള്ള ഹൈലൈറ്റുകൾ ഇന്റീരിയറിലും ഉൾപെടുത്തിയിട്ടുണ്ട്. ബ്ലാക്ക്-ബേഡ് നിറങ്ങളിലാണ് അകത്തളം അലങ്കരിച്ചിരിക്കുന്നത്. ഹര്‍മന്‍ വികസിപ്പിച്ചിട്ടുള്ള ഏഴ് ഇഞ്ച്  ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ സംവിധാനം, എന്‍ജിന്‍ സ്റ്റാര്‍ട്ട് സ്‌റ്റോപ്പ് ബട്ടണ്‍, വിവിധ ഡ്രൈവ് മോഡുകള്‍ എന്നിവയാണ് അകത്തളത്തിന് മാറ്റ് കൂട്ടുന്നത്. റിമോട്ട് കമാന്റ് ഉള്‍പ്പെടെ 30-ല്‍ അധികം കണക്ടഡ് കാര്‍ ഫീച്ചറുകളാണ് ഈ വാഹനത്തെ ഫീച്ചര്‍ സമ്പന്നമാക്കുന്നത്. സിഗ്നേച്ചർ ടീൽ ബ്ലൂ, ഡെയ്‌ടോണ ഗ്രേ എന്നീ രണ്ട് നിറങ്ങളിൽ 2021 ടാറ്റ ടിഗോർ ഇവി വാങ്ങാം. അതേസമയം പുതിയ വാഹനം ഡീലര്‍ഷിപ്പുകളിലേക്ക് എത്തിത്തുടങ്ങിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 

സുരക്ഷ
സുരക്ഷയുടെ കാര്യത്തില്‍ ടാറ്റയുടെ ഉരക്കുറപ്പിന്‍റെ കരുത്തുമായാണ് പുത്തന്‍ ടിഗോര്‍ ഇവി എത്തുന്നത്. ഗ്ലോബര്‍ എന്‍ക്യാപ് ക്രാഷ് ടെസ്റ്റില്‍ ഫോര്‍ സ്റ്റാര്‍ റേറ്റിങ്ങ് നേടിയാണ് ടിഗോര്‍ ഇവി സുരക്ഷ തെളിയിച്ചത്.  സേഫര്‍ കാര്‍സ് ഫോര്‍ ഇന്ത്യ ഉദ്യമത്തിന്റെ ഭാഗമായാണ് ടിഗോര്‍ ഇ.വി. ക്രാഷ് ടെസ്റ്റിനിറങ്ങിയത്. 

കുട്ടികളുടെയും മുതിര്‍ന്നവരുടെയും സുരക്ഷയില്‍ ഫോര്‍ സ്റ്റാര്‍ റേറ്റിങ്ങാണ് ഈ വാഹനത്തിന് ലഭിച്ചിട്ടുള്ളത്. പെട്രോള്‍ എന്‍ജിന്‍ ടിഗോറിനെക്കാള്‍ മികച്ച റിസള്‍ട്ടാണ് ഇലക്ട്രിക് മോഡല്‍ ക്രാഷ് ടെസ്റ്റില്‍ നേടി. കുട്ടികള്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ 37.24 മാര്‍ക്ക് നേടിയാണ് ഫോര്‍ സ്റ്റാര്‍ റേറ്റിങ്ങിന് അര്‍ഹമായത്. കുട്ടികളുടെ സുരക്ഷയില്‍ 34.14 പോയന്റാണ് റെഗുലര്‍ ടിഗോറിന് ലഭിച്ചിട്ടുള്ളത്. മുതിര്‍ന്നവരുടെ സുരക്ഷയില്‍ 12 പോയന്റ് ടിഗോര്‍ ഇ.വി. നേടിയപ്പോള്‍ റെഗുലര്‍ മോഡലില്‍ ഇത് 12.52 പോയന്റായിരുന്നു. ടിഗോര്‍ ഇ.വിയുടെ അടിസ്ഥാന മോഡലാണ് ക്രാഷ് ടെസ്റ്റിനായി ഇറക്കിയിരുന്നത്. നെക്‌സോണ്‍, അള്‍ട്രോസ് തുടങ്ങിയ വാഹനങ്ങള്‍ ക്രാഷ് ടെസ്റ്റില്‍ നടത്തിയ ഗംഭീര വിജയത്തിന് പിന്നാലെയാണ് പുത്തന്‍ ടിഗോര്‍ ഇവിയുടെ ഈ നേട്ടവും. ആദ്യമായി ക്രാഷ് ടെസ്റ്റിന് വിധേയമാകുന്ന ഇലക്ട്രിക് വാഹനമാണ് ടിഗോര്‍ ഇവിയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 

Specialties Of New Tata Tigor EV

മോഹവില
നാല് വേരിയന്റുകളില്‍ എത്തുന്ന ഈ മോഡലിന് 11.99 ലക്ഷം രൂപ മുതല്‍ 12.99 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറും വില. കുറഞ്ഞ വിലയില്‍ ലഭിക്കുന്ന കൂടുതല്‍ റേഞ്ച് നല്‍കുന്ന ഇലക്ട്രിക് വാഹനം എന്ന വിശേഷണവും ഇതോടെ ടിഗോറിന് സ്വന്തമാകും. രാജ്യത്ത്​ ലഭ്യമാകുന്ന ഏറ്റവും കാര്യക്ഷമതയുള്ള വിലകുറഞ്ഞ ഇവി കാർ എന്ന പ്രത്യേകതയുമായാണ്​ ടിഗോർ നിരത്തിലെത്തുക.

Specialties Of New Tata Tigor EV

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios