അമിത വേഗതയില്‍, ലോക്ക് ഡൌണ്‍ നിയന്ത്രണങ്ങൾ ലംഘിച്ച് പാഞ്ഞെത്തി കാർ പൊലീസുകാരനെ ഇടിച്ചു തെറിപ്പിച്ചു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

അമിത വേഗതയില്‍, ലോക്ക് ഡൌണ്‍ നിയന്ത്രണങ്ങൾ ലംഘിച്ച് പാഞ്ഞെത്തി കാർ പൊലീസുകാരനെ ഇടിച്ചു തെറിപ്പിച്ചു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 

ഭോപ്പാലിലെ ഒരു ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനെയാണ് അമിതവേഗതയില്‍ എത്തിയ കാര്‍ ഇടിച്ച് തെറിപ്പിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ലോക്ക് ഡൌണ്‍ കാരണം അടച്ച റോഡിന്‍റെ ഒരു ഭാഗത്തുകൂടിയാണ് കാര്‍ എത്തിയത്. തെറ്റായ ദിശയിൽ നിന്ന് വരുന്ന കാർ കണ്ട ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർ വാഹനം തടയാൻ ശ്രമിച്ചു. എന്നാൽ വേഗത കുറയ്ക്കുകയോ നിർത്തുകയോ ചെയ്യാതെ ഉദ്യോഗസ്ഥനെ ഇടിച്ചു തെറിപ്പിച്ച ശേഷം പോലീസ് ബാരിക്കേഡിനെ വലം വച്ച് സംഭവസ്ഥലത്ത് നിന്ന് അപ്രത്യക്ഷമാവുകയും ചെയ്തു.

തലനാരിഴയ്ക്കാണ് പൊലീസുകാരന്‍ രക്ഷപ്പെടുന്നതെന്ന് വീഡിയോയില്‍ വ്യക്തമാണ്. തുടര്‍ന്ന് പൊലീസുകാരൻ തൊട്ടുപുറകെ വന്ന ജീപ്പിൽ കയറി കാറിനെ പിന്തുടർന്നുവെങ്കിലും പിടിക്കാനായില്ല. സംഭവത്തിൽ കാറിനും ഡ്രൈവർക്കുമായി തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് പറയുന്നു. സിസിടിവി ദൃശ്യങ്ങൾ കൂടുതല്‍ പരിശോധിച്ച് പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അധികൃതർ വ്യക്തമാക്കുന്നു. 

YouTube video player

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona