ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടച്ചു. ബൈക്കിനു പിന്നാലെയെത്തിയ പൊലീസ് സംഘത്തിന്‍റെ സമയോചിത ഇടപെടല്‍ മൂലം കുടുംബം തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ആഗ്ര എക്സ്പ്രസ് ഹൈ വേയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. അപകടത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ആഗ്ര എക്‌സ്പ്രസ് ഹൈവേയിലൂടെ ടിവിഎസ് അപ്പാഷെ ആര്‍ടിആറില്‍  സഞ്ചരിക്കുകയായിരുന്നു കുടുബം. ബൈക്കോടിച്ചിരുന്ന പുരുഷന്റെ പുറകില്‍ ഒരു സ്ത്രീയും ഒപ്പം കൈക്കുഞ്ഞും ഉണ്ടായിരുന്നു. ബൈക്കില്‍ ആവശ്യത്തിലധികം ലഗേജ് ഉണ്ടായിരുന്നുവെന്നും വീഡിയോ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ബൈക്കിന്‍റെ പുറക് വശത്ത് താഴെ സൈലന്‍സറിനോട് ചേര്‍ന്ന് പ്ലാസ്റ്റിക്ക് കവറുകളിലും ബാഗിലുമായാണ് ലഗേജുകള്‍ ഉണ്ടായിരുന്നത്.

സൈലന്‍സറിനോട് ചേര്‍ന്നുണ്ടായിരുന്ന ഈ ലഗേജുകള്‍ക്കാണ് തീ പിടിച്ചത്. ഏറെ നേരത്തെ യാത്രക്കിടയില്‍ ബൈക്കിന്റെ സൈലന്‍സര്‍ ചൂടായതാണ് ലഗേജുകളില്‍ തീപടരാനുള്ള കാരണമെന്നാണ് കരുതുന്നത്. 

എന്നാല്‍ താഴെ ലഗേജുകള്‍ക്ക് തീപിടിക്കുന്നത് ബൈക്ക് യാത്രികര്‍ അറിഞ്ഞതു പോലുമില്ലെന്നും വീഡിയോയില്‍ വ്യക്തമാണ്. സംഭവം ശ്രദ്ധയില്‍പ്പെട്ട പിന്നാലെ വന്ന  മൊബൈല്‍ പൊലീസ് പട്രോളിംഗ് വാഹനത്തിലുണ്ടായിരുന്ന സംഘം ബൈക്ക് നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു. അപ്പോള്‍ മാത്രമാണ് യാത്രികര്‍ സംഭവം അറിയുന്നത് തന്നെ. 

ബൈക്ക് നിര്‍ത്തിച്ച ഉടന്‍ പൊലീസ് സംഘം  ഫയര്‍ എക്സ്റ്റിംഗ്വിഷറുകളുമായി ബൈക്കിനെ വളയുന്നതും തീ അണയ്ക്കുന്നതും വീഡിയോയില്‍ വ്യക്തമായി കാണാം. മൊബൈല്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ നിന്നും ചിത്രീകരിച്ച വീഡിയോ ആണ് ഇപ്പോള്‍ പ്രചരിക്കുന്നത്. 

ഇവിടെ പൊലീസിന്‍റെ ഇടപെടല്‍ ഒന്നുകൊണ്ട് മാത്രമാണ് ആ കുടുംബം രക്ഷപ്പെട്ടതെന്ന് വ്യക്തം. അപ്പോള്‍ ബൈക്കില്‍ സഞ്ചരിക്കുന്നവര്‍ ഇനിയെങ്കിലും ലഗേജുകളും മറ്റും സൈലന്‍സറിനോട് ചേര്‍ത്ത് തൂക്കിയിടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. കാരണം നമ്മുടെ ചെറിയ പിഴവില്‍ നിന്നും അശ്രദ്ധയില്‍ നിന്നുമുണ്ടാകുന്ന അപകടങ്ങള്‍ക്ക് വലിയ വിലയാവും കൊടുക്കേണ്ടി വരിക.