Asianet News MalayalamAsianet News Malayalam

TVS Ntorq 125 : ടിവിഎസ് എൻടോർക്ക് 125 സൂപ്പർ സ്‌ക്വാഡ് ശ്രേണിയിലേക്ക് സ്‌പൈഡർമാൻ, തോർ പതിപ്പുകൾ

പുതിയ മാർവൽ സ്പൈഡർമാൻ, തോർ പ്രചോദിത സ്റ്റൈലിംഗോടു കൂടി എത്തുന്ന രണ്ട് പതിപ്പുകളെ കൂടിയാണ് കമ്പനി അവതരിപ്പിച്ചത്.  

Spider Man and Thor versions of the TVS Ntorq 125 Super Squad series
Author
Mumbai, First Published Dec 18, 2021, 4:54 PM IST

ടിവിഎസ് മോട്ടോർ (TVS Motor) കമ്പനി പുതിയ സ്‍കൂട്ടറുകള്‍ പുറത്തിറക്കി. ടിവിഎസ് എന്‍ടോര്‍ഖ് 125 സൂപ്പര്‍ സ്‍ക്വാഡിന് ( TVS Ntorq 125 Super Squad) കീഴിലാണ് പുതിയ മോഡലുകളുടെ അവതരണം എന്ന് ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ മാർവൽ സ്പൈഡർമാൻ, തോർ പ്രചോദിത സ്റ്റൈലിംഗോടു കൂടി എത്തുന്ന രണ്ട് പതിപ്പുകളെ കൂടിയാണ് കമ്പനി അവതരിപ്പിച്ചത്.  പുതുതായി വിപണിയിൽ എത്തുന്ന മാർവൽ സ്പൈഡർമാൻ, തോർ എഡിഷനുകൾക്ക് 84,850 രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. നേരത്തെയുണ്ടായിരുന്ന എൻടോർഖ് അയൺ മാൻ, ബ്ലാക്ക് പാന്തർ, ക്യാപ്റ്റൻ അമേരിക്ക എന്നീ മാർവൽ സൂപ്പർ ഹീറോകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിലവിലുള്ള സൂപ്പർസ്‌ക്വാഡ് എഡിഷൻ വേരിയന്റ് നിരയിലേക്കാണ് പുത്തൻ സ്കൂട്ടർ മോഡലുകളും ചേരുന്നത്.

ടിവിഎസ് എന്‍ടോര്ഖ് 125-ന്റെ സൂപ്പർസ്‌ക്വാഡ് പതിപ്പിനായി ടിവിഎസ് മോട്ടോർ കമ്പനി ഡിഡ്‍നി ഇന്ത്യയുടെ ഉപഭോക്തൃ ഉൽപ്പന്ന ബിസിനസുമായി ബന്ധപ്പെട്ടിരിക്കുന്നു. സ്‌കൂട്ടറുകളിലെ രണ്ട് സൂപ്പർ ഹീറോകളുടെയും പ്രധാന സവിശേഷതകൾ ഉൾക്കൊള്ളുന്ന ഡിസൈൻ ഘടകങ്ങളുമായാണ് പുതിയ സ്‌പൈഡർമാനും തോറും പ്രചോദനം ഉൾക്കൊണ്ട സ്‌കൂട്ടറുകൾ വരുന്നത്.

മാർവൽ സൂപ്പർ ഹീറോകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് രണ്ട് പുതിയ കൂട്ടിച്ചേർക്കലുകൾ അവതരിപ്പിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും ആവേശകരമായ ഓഫറുകൾ കൊണ്ട് സന്തോഷിപ്പിക്കാനും സേവിക്കാനുമാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും ടിവിഎസ് പറയുന്നു. ഈ പുതിയ മോഡലുകളിലൂടെ, ഇന്നത്തെ യുവാക്കൾക്കിടയിൽ TVS NTORQ 125-ന് ഉള്ള സുപ്രധാന ഫ്രാഞ്ചൈസി നിർമ്മിക്കാൻ ആത്മവിശ്വാസമുണ്ടെന്ന് വ്യക്തമാക്കിയ കമ്പനി, ഈ ലോഞ്ചിനൊപ്പം തങ്ങളുടെ ഉപഭോക്താക്കൾ 'പ്ലേ സ്‌മാർട്ടായി' തുടരുമെന്ന ശുഭാപ്‍തി വിശ്വാസവും പ്രകടപ്പിച്ചു.

ടിവിഎസ് എൻടോർഖ് സൂപ്പർസ്‌ക്വാഡ് എഡിഷൻ ആദ്യമായി ഇന്ത്യയിൽ അവതരിപ്പിച്ചത് 2020-ൽ ആണ്. RT-Fi സാങ്കേതികവിദ്യയുള്ള ഇന്ത്യയിലെ ആദ്യത്തെ ബ്ലൂടൂത്ത് കണക്റ്റഡ് സ്കൂട്ടറായി പുറത്തിറങ്ങുന്ന എൻടോർഖ് 125 സൂപ്പർസ്‌ക്വാഡ് പതിപ്പിന്റെ ലോഞ്ചിനായി ടിവിഎസ് ഡിസ്നി ഇന്ത്യയുമായി പ്രത്യേകം കരാറുണ്ടാക്കിയിട്ടുമുണ്ട്. ടിവിഎസ് സൂപ്പർസ്‌ക്വാഡ് എഡിഷൻ ശ്രേണിയിൽ പുതുതായി പ്രവേശിക്കുന്ന വേരിയന്റുകൾ സ്റ്റൈലിംഗ് പരിഷ്ക്കാരങ്ങൾ മാത്രമാണ് അവതരിപ്പിക്കുന്നത്. ബാക്കി മെക്കാനിക്കൽ സവിശേഷതകളും കാര്യങ്ങളുമെല്ലാം എൻടോർഖിൽ അതേപടി നിലനിർത്തിയിരിക്കുകയാണ് കമ്പനി.

സ്പൈഡർമാൻ പതിപ്പിൽ സൂപ്പർ ഹീറോയുമായി ബന്ധപ്പെട്ട ഐക്കണിക് റെഡ്, ബ്ലൂ നിറങ്ങളാണ് കമ്പനി ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ സ്‌കൂട്ടറിന്റെ ഒട്ടുമിക്ക ബോഡി പാനലുകളിലും ഒരു വെബ് പോലെയുള്ള ഡെക്കലും സൈഡ് പാനലുകളിൽ സ്പൈഡർ ഡെക്കലും മനോഹരമായി ടിവിഎസ് കൂട്ടിയോജിപ്പിച്ചിട്ടുമുണ്ട്. മറുവശത്ത് ക്രിസ് ഹെംസ്വർത്ത് അനശ്വരമാക്കിയ തോർ സൂപ്പർ സ്ക്വാഡ് വേരിയന്റിൽ ബ്ലാക്ക്, സിൽവർ നിറങ്ങളുടെ സംയോജനമാണ് കാണാനാവുക. കൂടാതെ തോറിന്റെ ഹാമറിന്റെ ഒരു ഡെക്കലും എൻടോർഖിന്റെ ഈ സ്പെഷ്യൽ എഡിഷൻ മോഡലുകൾക്ക് ലഭിക്കുന്നുമുണ്ട്.

ഇന്ത്യയിലെ ആദ്യത്തെ ബ്ലൂടൂത്ത് ബന്ധിത സ്‌കൂട്ടറെന്ന സവിശേഷതയോടെ 2018ല്‍ പുറത്തിറങ്ങിയ ടിവിഎസ് എന്‍ടോര്‍ക്ക് 125, ഇതിന് ശേഷം സമാനതകളില്ലാത്ത രൂപഭംഗിയും മികച്ച റേസിങ് പ്രകടനവും ഈ രംഗത്തെ ആദ്യ സാങ്കേതികവിദ്യയും വാഗ്ദാനം ചെയ്ത് മറ്റാരും നേടാത്ത സ്ഥാനമാണ് നേടുന്നതെന്നും പുതുമാറ്റത്തിന്റെ പര്യായമായി ബ്രാന്‍ഡ് മാറിയെന്നും കമ്പനി വ്യക്തമാക്കുന്നു.  2014ലെ ഓട്ടോ എക്‌സ്‌പോയില്‍ ടിവിഎസ് അവതരിപ്പിച്ച ഗ്രാഫൈറ്റ് കോണ്‍സെപ്റ്റ് സ്‌കൂട്ടറിനെ അടിസ്ഥാനപ്പെടുത്തി ഒരുക്കിയ എന്‍ടോര്‍ഖിനെ 2018 ഫെബ്രുവരിയിലായിരുന്നു ടിവിഎസ് വിപണിക്ക് ആദ്യമായി പരിചയപ്പെടുത്തുന്നത്. ഇന്ത്യന്‍ യുവതലമുറയെ ലക്ഷ്യമിട്ടെത്തിയ ഈ വാഹനം നിരത്തിലെത്തി ഏഴ് മാസത്തിനുള്ളില്‍ ഒരുലക്ഷം യൂണിറ്റുകള്‍ വിറ്റഴിച്ച് നിര്‍ണായക നേട്ടം സ്വന്തമാക്കിയിരുന്നു.

ശ്രേണിയിലെ തന്നെ ആദ്യ എല്‍സിഡി സ്‌ക്രീനുമായി എത്തിയ മോഡലാണ് എന്‍ടോര്‍ഖ്. ബ്ലൂടൂത്ത് അധിഷ്‍ഠിതമായ പൂര്‍ണ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ടിവിഎസ് സ്‍മാര്‍ട്ട് കണക്റ്റ് ബ്ലൂടൂത്ത് സിസ്റ്റം, നാവിഗേഷന്‍ അസിസ്റ്റ്, ഇന്‍കമിംഗ് കോള്‍ അലേര്‍ട്ട്, മിസ്ഡ് കോള്‍ അലേര്‍ട്ട്, ഓട്ടോ എസ്എംഎസ്, റൈഡ് സ്ഥിതി വിവരങ്ങള്‍, 0-60 കിലോമീറ്റര്‍ / മണിക്കൂര്‍ ആക്‌സിലറേഷന്‍ ടൈമര്‍, ലാപ് ടൈമര്‍, പവര്‍ / ഇക്കോ മോഡ് ഇന്‍ഡിക്കേറ്റര്‍ തുടങ്ങിയ ഫീച്ചറുകളും എന്‍ടോര്‍ഖിനെ വേറിട്ടതാക്കുന്നു.

Follow Us:
Download App:
  • android
  • ios