ജവാൻമദ്യം നിർമിക്കുന്നതിനാവശ്യമായ എക്‌സ്‌ട്രാ ന്യൂട്രൽ ആൽക്കഹോൾ ആണ് ലോറിയിൽ ഉണ്ടായിരുന്നത്. 

ആലപ്പുഴ: കലവൂരില്‍ കഴിഞ്ഞ ദിവസം ടാങ്കർലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ നഷ്‍ടമായത് മുപ്പതിനായിരം ലിറ്ററോളം സ്‍പിരിറ്റ്. ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസിലേക്ക് സ്‍പിരിറ്റുമായി വരികയായിരുന്ന ലോറിയാണ് മറിഞ്ഞത്. ജവാൻമദ്യം നിർമിക്കുന്നതിനാവശ്യമായ എക്‌സ്‌ട്രാ ന്യൂട്രൽ ആൽക്കഹോൾ ആണ് ലോറിയിൽ ഉണ്ടായിരുന്നത്. 

ദേശീയപാതയിൽ കലവൂർ ബ്ലോക്ക് ജംഗ്ഷനുസമീപം കഴിഞ്ഞ ദിവസം പകല്‍ പതിനൊന്നോടെ ആയിരുന്നു അപകടം. മധ്യപ്രദേശിലെ സോം ഡിസ്റ്റലറീസിൽ നിന്നാണ് സ്പിരിറ്റുമായി ലോറി എത്തിയത്. മുപ്പതിനായിരം ലിറ്റർ സംഭരണശേഷിയുള്ളതായിരുന്നു ഈ ടാങ്കര്‍. 

അപകടത്തിനു ശേഷം മണിക്കൂറോളം ലോറിയിൽനിന്ന് സ്പിരിറ്റ് നഷ്ടപ്പെട്ടുകൊണ്ടിരുന്നു. റോഡരികിലെ പാടത്തേക്കാണ് ലോറിമറിഞ്ഞത്. സ്പിരിറ്റ് ഒഴുകിയത് അപകടം ഉണ്ടാക്കാതിരിക്കാൻ അഗ്നിശമനസേന വെള്ളം പമ്പ് ചെയ്തുകൊണ്ടിരുന്നു. മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ മറിഞ്ഞ സ്പിരിറ്റ് ടാങ്കർ ക്രെയിൻ ഉപയോഗിച്ച് ഉയർത്തി. 

അപകടത്തില്‍ മൂന്നുപേര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. മഞ്ചേശ്വരം എക്‌സൈസ് ചെക്ക്പോസ്റ്റിലെ സിവിൽ എക്‌സൈസ് ഓഫീസർ പാലക്കാട് പുതുക്കോട് മുതയംകോട് ശ്രീജിഷ്(28), ലോറി ഡ്രൈവർ അമിത്കുമാർ, ക്ലീനർ എന്നിവർക്കാണ് പരുക്കേറ്റത്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് സംശയം. അപകടത്തെ തുടർന്ന് ദേശീയപാതയിൽ മൂന്നു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona