അമിതവേഗതയിലെത്തി നിയന്ത്രണം നഷ്‍ടമായ സ്‌കൂള്‍ ബസ് വാഹനങ്ങളെയും ആളുകളെയും  ഇടിച്ച് തെറിപ്പിക്കുന്നതിന്‍രെ വീഡിയോ ദൃശ്യങ്ങള്‍ വൈറലാകുന്നു. വിജയവാഡയിലാമ് സംഭവം. ശ്രീ ചൈതന്യ സ്‌കൂളിന്‍റെ ബസാണ് അപകടത്തില്‍പ്പെട്ടത്. 

ട്രാഫിക്ക് സിഗ്നലിലെ സിസിടിവിയിലാണ് അപകടത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞത്.  റോഡിലെ ഡിവൈഡറിനെ ബസ് ഇടിച്ചിടുന്നതും തുടര്‍ന്ന് മറ്റ് വാഹനങ്ങളുടെ നേരെ പാഞ്ഞു കയറുന്നതും വീഡിയോയില്‍ വ്യക്തമാണ്. മൂന്നു വാഹനങ്ങളെയും നാല് ആളുകളെയുമാണ് ബസ് ഇടിച്ച് തെറിപ്പിച്ചത്. ബൈക്ക് യാത്രികനായ വയോധികന്‍ ബസിന്‍റെ ചക്രങ്ങള്‍ക്കിടയില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെടുന്നതും വീഡിയോയില്‍ വ്യക്തമായി കാണാം. 

ബസില്‍ ഏകദേശം 30 വിദ്യാര്‍ഥികളുണ്ടായിരുന്നു. വിദ്യാര്‍ഥികള്‍ക്കാര്‍ക്കും പരിക്കേറ്റിട്ടില്ല. അമിതവേഗത്തില്‍ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണം. അപകടശേഷം ബസ് നിര്‍ത്താതെ ഓടിച്ചുപോകാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ തടഞ്ഞു നിര്‍ത്തുകയായിരുന്നു. ഡ്രൈവര്‍ ദുര്‍ഗാ റാവുവിനെ പൊലീസ് അറസ്റ്റ് ചെയ്‍തെന്നാണ് റിപ്പോര്‍ട്ടുകള്‍.