ശ്രീനഗര്‍: ശ്രീനഗര്‍ ഇപ്പോള്‍ മഞ്ഞില്‍ പുതഞ്ഞിരിക്കുകയാണ്. ഈ മഞ്ഞുകാലത്തെ ഏറ്റവും മനോഹരമായി എങ്ങനെ വിനിയോഗിക്കാമെന്ന് ആലോചിക്കുന്നവര്‍ക്ക് മാതൃകയാണ് സുബൈര്‍ അഹ്മദ്. തന്‍റെ കഴിവിനെ മഞ്ഞില്‍ തീര്‍ത്ത ശില്‍പ്പമാക്കിയിരിക്കുകയാണ് സുബൈര്‍. 

മഞ്ഞ് ഉപയോഗിച്ച് കാര്‍ ഉണ്ടാക്കിയിരിക്കുകയാണ് ആ ചെറുപ്പക്കാരന്‍. ഇതോടെ ഈ പ്രദേശം സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട ഇടവുമായി മാറിക്കഴിഞ്ഞു. മഞ്ഞുകാറിനൊപ്പം നിന്ന് സെല്‍ഫി എടുക്കാനുള്ള തിരക്കാണ് ഇപ്പോഴവിടെ. ''കുട്ടിക്കാലം മുതലേ ഞാനിത് ചെയ്യാറുണ്ട്. മഞ്ഞുപയോഗിച്ച് എനിക്ക് എന്തുമുണ്ടാക്കാനാകും, താജ്‍മഹല്‍ പോലും. '' - സുബൈര്‍ അഹമ്മദ് പറഞ്ഞു.

കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ റിപ്പോര്‍ട്ട് പ്രകാരം മൂന്ന് ഡിഗ്രി സെല്‍ഷ്യസാണ് ഇവിടുത്തെ താപനില. മഴയും കൊടുങ്കാറ്റും ഉണ്ടാവാന്‍ സാധ്യതയുള്ളതായും റിപ്പോര്‍ട്ട് പറയുന്നു. ഡിസംബര്‍ 21 ന് ആരംഭിച്ച തണുപ്പ് ജനുവരി 31 വരെ തുടരുമെന്നാണ് റിപ്പോര്‍ട്ട്.