മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ സാങ്യോങ് പുതിയ E100 ഇലക്ട്രിക് എസ്‍യുവിയെ അന്താരാഷ്ട്ര വിപണിയില്‍ പുറത്തിറക്കാന്‍ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ട്. കൊറിയൻ വിപണിയിലാകും പുതിയ വാഹനം ആദ്യം അവതരിപ്പിക്കുക.

ഇലക്ട്രിക് ടിവോലി എസ്യുവിയുടെ ഇവി പതിപ്പാണ് E100. 2020 ഓട്ടോ എക്സ്പോയില്‍ പുറത്തിറക്കിയ മഹീന്ദ്ര XUV300 ഇലക്ട്രിക് കണ്‍സെപ്റ്റുമായി ഇത് നിരവധി ഉപകരണങ്ങളും സവിശേഷതകളും പങ്കിടുന്നു എന്നത് ശ്രദ്ധേയമാണ്.

ഇലക്ട്രിക് കണ്‍സെപ്റ്റിന് പുതുക്കിയ അടച്ച ഗ്രില്‍, ഹെഡ്ലാമ്പുകള്‍, ഫോഗ് ലാമ്പുകള്‍ എന്നിവ ലഭിക്കുന്നു. E100 സബ്-4 മീറ്റർ എസ്‌യുവിയാണോ അതോ വലിയ മോഡലാണോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.  E100 ഇലക്ട്രിക്കിന്റെ സാങ്കേതിക വിശദാംശങ്ങളൊന്നും സാങ്യോങ് പുറത്തുവിട്ടിട്ടില്ല.

eXUV300 ഇവിക്ക് അടിസ്ഥാനമാകുന്ന മഹീന്ദ്ര ഇലക്ട്രിക് സ്‌കേലബിള്‍ ആന്‍ഡ് മോഡുലാര്‍ ആര്‍ക്കിടെക്ചര്‍ (MESMA) പ്ലാറ്റ്‌ഫോം ആകും പുതിയ മോഡലിന് അടിസ്ഥാനമാകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊറിയന്‍ വിപണിയിലാകും പുതിയ വാഹനം ആദ്യം അവതരിപ്പിക്കുക. MESMA പ്ലാറ്റ്‌ഫോമിൽ അധിഷ്ഠിതമായ ആദ്യത്തെ മോഡലായിരിക്കും ഇത്. കുറഞ്ഞ ഗുരുത്വാകർഷണ കേന്ദ്രം നേടുന്നതിനും ലിഥിയം അയൺ ബാറ്ററി പായ്ക്ക് തറയിലേക്ക് താഴ്ത്തുന്നതിനും ഇത് അനുവദിക്കുന്നു. പരമാവധി ക്യാബിൻ ഇടവും ഇതിലൂടെ ലഭ്യമാക്കും.

മഹീന്ദ്രയില്‍ നിന്നുള്ള പുതിയ ഇലക്ട്രിക് എസ്യുവി സ്റ്റാന്‍ഡേര്‍ഡ് 40 കിലോവാട്ട്, 60 കിലോവാട്ട് ലോംഗ് റേഞ്ച് ബാറ്ററി ഓപ്ഷനുകളുമായി വരും. ബേസ് വേരിയന്റ് 370 കിലോമീറ്ററിലധികം മൈലേജ് വാഗ്ദാനം ചെയ്യുമ്പോള്‍ ഏറ്റവും ഉയര്‍ന്ന വകഭേദം 450 കിലോമീറ്ററില്‍ കൂടുതല്‍ മൈലേജാകും നല്‍കുക.

2019 ഫെബ്രുവരി 14നായിരുന്നു ഇന്ത്യന്‍ വിപണിയില്‍ എക്സ് യു വി 300 അരങ്ങേറിയത്. മഹീന്ദ്ര ഏറ്റെടുത്ത കൊറിയൻ കമ്പനിയായ സാങ്‌യോങിന്റെ ടിവോളിയാണ് രൂപമാറ്റത്തോടെ എക്‌സ് യുവി 300 ആയി എത്തിയത്.