തിരുവനന്തപുരം: വാഹനങ്ങളുടെ ഫിറ്റ്‍നെസ് ടെസ്റ്റിന്‍റെ പേരില്‍ വഴിയാത്രക്കാരുടെ അവകാശങ്ങളെ ലംഘിക്കരുതെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. തിരുവനന്തപുരത്തെ കൊച്ചുവേളി–ടൈറ്റാനിയം റോഡിലെ വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റിനെതിരെയാണ് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ രംഗത്തെത്തിയിരിക്കുന്നത്. 

ഫിറ്റ്നെസ് ടെസ്റ്റ് നടത്താനെത്തുന്ന വാഹനങ്ങളുടെ പാർക്കിങ് കാരണം കാൽനട യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകുന്നെന്നു ചൂണ്ടിക്കാട്ടിയുള്ള പരാതി പരിഗണിക്കുകയായിരുന്നി കമ്മീഷന്‍. 

ഇതുമാലം വഴിയാത്രികര്‍ക്കുണ്ടാകുന്ന അസൗകര്യങ്ങൾ പരമാവധി ഒഴിവാക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് വ്യക്തമാക്കി. ഇതുസംബന്ധിച്ച് കമ്മീഷന്‍ ഗതാഗത കമ്മീഷണറില്‍ നിന്നും റിപ്പോര്‍ട്ട് വാങ്ങി. 

കഴിഞ്ഞ ആറു വർഷമായി കൊച്ചുവേളി–ടൈറ്റാനിയം റോഡിലാണ് ടെസ്റ്റ് നടത്തുന്നതെന്നും ടെസ്റ്റ് നടത്താന്‍  മോട്ടോർ വാഹന വകുപ്പിനു സ്വന്തമായി സ്ഥലമോ സൗകര്യമോ നിലവിലില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഏറ്റവും തിരക്കു കുറഞ്ഞ റോഡായതിനാലാണ് ഇവിടം തിരഞ്ഞെടുത്തതെന്നും ഫിറ്റ്നസ് ടെസ്റ്റ് കാരണം റോഡിൽ ഒരപകടവും സംഭവിച്ചിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ടിലെ വാദം. 

എന്നാൽ ടെസ്റ്റിങ് സ്റ്റേഷൻ ഇല്ലെന്നതിന്റെ പേരിൽ വഴി നടക്കാനുള്ള മൗലികാവകാശം ഇല്ലാതാക്കുന്നതു ശരിയല്ലെന്നും പരാതി വകുപ്പ് ഗൗരവമായി എടുക്കണമെന്നും ആവശ്യപ്പെട്ട കമ്മിഷൻ വെഹിക്കിൾ ടെസ്റ്റിങ് സ്റ്റേഷൻ കാലതാമസം കൂടാതെ പ്രവർത്തനം ആരംഭിക്കണമെന്നും നിര്‍ദ്ദേശിച്ചു.