പുതിയ ഹെല്‍മറ്റുമായി സ്റ്റീല്‍ബേര്‍ഡ് ഹൈടെക് ഇന്ത്യ ലിമിറ്റഡ്. സ്ത്രീകള്‍ക്കായി പുതിയ ഹെല്‍മെറ്റ് ശ്രേണി വിപണിയിൽ എത്തിക്കാൻ സ്റ്റീല്‍ബേര്‍ഡ് ഒരുങ്ങുകയാണെന്ന് ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

SBH-26 ബെല്ല എന്നാണ് ഈ ഹെല്‍മെറ്റുകളുടെ പേര്. വനിതാ യാത്രക്കാര്‍ക്ക് മാത്രമുള്ള ഈ ഹെല്‍മെറ്റുകള്‍ 2021 ജനുവരി മുതല്‍ ലഭ്യമാകും. ഇറ്റലിയില്‍ രൂപകല്‍പ്പന ചെയ്ത ഇത് ISI, യൂറോപ്യന്‍ മാനദണ്ഡങ്ങള്‍ പാലിക്കുമെന്നും കമ്പനി ഉറപ്പുനല്‍കുന്നു. 1,149 രൂപ മുതലാകും ഹെല്‍മെറ്റിന്റെ വില ആരംഭിക്കുക. 

റെഡ്, വൈറ്റ്, ബ്ലൂ, പര്‍പ്പിള്‍, പിങ്ക്, മജന്ത മുതലായ കളര്‍ ഓപ്ഷനുകളില്‍ ഇത് ലഭ്യമാകും. ഇത് നിരവധി ഡെക്കലുകളില്‍ എത്തുമെന്നാണ് റിപ്പോർട്ട്. 520 mm (XXS), 540 mm (XS), 560 mm (S), 580 mm (M), 600 എംഎം (L) എന്നി വലുപ്പങ്ങളിൽ ഇത് ലഭിക്കും. എയര്‍ വെന്റുകളില്‍ ഒരു എംബ്രോയിഡറി ഡിസൈന്‍ ഉണ്ടെന്നാണ് സൂചന. എയര്‍ വെന്റുകളുടെ ഡിസൈൻ ഒരു ഇലയില്‍ നിന്നോ പുഷ്പത്തില്‍ നിന്നോ പ്രചോദനം ഉള്‍ക്കൊണ്ടാണ് തയ്യാറാക്കിയത്.

SB-39 റോക്‌സ് എന്ന ഹെല്‍മെറ്റ് അടുത്തിടെയാണ് സ്റ്റീല്‍ബേര്‍ഡ് പുറത്തിറക്കിയത്. 1,199 രൂപയാണ് ഹെല്‍മെറ്റിന്റെ വിപണിയിലെ വില. ISI മാനദണ്ഡങ്ങളും യൂറോപ്യന്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നതുമാണ് സണ്‍ വിസറുള്ള ഈ ഫുള്‍-ഫെയ്‍സ് ഹെല്‍മെറ്റ്.