Asianet News MalayalamAsianet News Malayalam

കാണാതായ ഹെല്‍മറ്റ് ഓണ്‍ലൈനില്‍ വില്‍പ്പനക്ക് കണ്ട് ബൈക്കുടമ ഞെട്ടി, ഒറ്റരാത്രി കൊണ്ട് കള്ളനെ പൊക്കി പൊലീസ്!

മോഷണം നടന്ന് രണ്ട് ദിവസങ്ങള്‍ക്കു ശേഷം ഒഎല്‍എക്സ് സന്ദര്‍ശിച്ച ജെറിന്‍ ഞെട്ടി. 3000 രൂപ വിലയിട്ട്  തന്‍റെ ഹെല്‍മറ്റ് വില്‍പനയ്ക്ക് വച്ചിരിക്കുന്നു

Stolen helmet sales in olx
Author
Trivandrum, First Published Mar 6, 2020, 9:22 AM IST

തിരുവനന്തപുരം: നിര്‍ത്തിയിട്ടിരുന്ന ബൈക്കില്‍ നിന്നും മോഷ്‍ടിച്ച ഹെല്‍മറ്റ് ഓണ്‍ലൈന്‍ വില്‍പന വെബ്സൈറ്റായ  ഒഎല്‍എക്സില്‍ വില്‍ക്കാന്‍ വച്ചു. ഇത് ശ്രദ്ധയില്‍പ്പെട്ട ഉടമ പൊലീസില്‍ പരാതിപ്പെട്ടതോടെ ഒറ്റരാത്രികൊണ്ട് പൊലീസ് ഹെല്‍മറ്റ് വീണ്ടെടുത്ത് ഉടമസ്ഥന് തിരികെ നല്‍കി.

കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം ടെക്നോപാര്‍ക്ക് ജീവനക്കാരന്‍റെ ഇരുചക്രവാഹനത്തില്‍ നിന്ന് ഹെല്‍മറ്റ് കാണാതാകുന്നത്. ടെക്നോപാര്‍ക്ക് ജീവനക്കാരനും തമിഴ്നാട് സ്വദേശിയുമായ ജെറിന്‍ ആല്‍ബര്‍ട്ടിന്‍റെ  വിലകൂടിയ ഹെല്‍മറ്റാണ് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേജിയത്തിനു സമീപത്തു നിന്നും കാണാതായത്. കമ്പനിയുടെ വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഇദ്ദേഹം. 

സ്റ്റേഡിയത്തിന്‍റെ പാര്‍ക്കിംഗ് സ്ഥലത്ത് ബൈക്കില്‍ തന്നെ ഹെല്‍മറ്റ് വെച്ചിട്ട് പരിപാടിക്ക് പോയി. പരിപാടിക്കു ശേഷം രാത്രി തിരികെ വാഹനത്തിന് സമീപത്തെത്തിയപ്പോഴാണ് ഹെല്‍മറ്റ് നഷ്‍ടമായതായി മനസിലാക്കുന്നത്. 

രണ്ട് ദിവസങ്ങള്‍ക്കു ശേഷം ഒഎല്‍എക്സ് സന്ദര്‍ശിച്ച ജെറിന്‍ ഞെട്ടി. 3000 രൂപ വിലയിട്ട്  തന്‍റെ ഹെല്‍മറ്റ് വില്‍പനയ്ക്ക് വച്ചിരിക്കുന്നു. അതോടെ വെബ്സൈറ്റില്‍ നിന്നും ലഭ്യമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ജെറിന്‍ കഴക്കൂട്ടം പൊലീസില്‍ പരാതി നല്‍കി.

അടുത്തദിവസം രാവിലെ തന്നെ സ്റ്റേഷനിലെത്തി ഹെല്‍മറ്റ് പരിശോധിക്കാന്‍ പറഞ്ഞ് പൊലീസ് സ്റ്റേഷനില്‍ നിന്ന് വിളിയെത്തി. ഇത്ര വേഗം ഹെല്‍മറ്റ് തിരികെ ലഭിക്കുമെന്ന് കരുതാതിരുന്ന ജെറിന്‍ അവിശ്വസനീയതയോടെ സ്റ്റേഷനിലെത്തി പരിശോധിച്ച് തന്‍റേത് തന്നെയെന്ന് ബോധ്യപ്പെട്ട് ഹെല്‍മറ്റ് കൈപ്പറ്റി. ഹെല്‍മറ്റിലുണ്ടായിരുന്ന ഉരവിന്‍റെ പാടുകളാണ് കൃത്യമായി തിരിച്ചറിയാന്‍ ജെറിന് തുണയായത്. 

കൃത്യമായ അന്വേഷണം നടത്തിയതിനാലാണ് രണ്ട് ദിവസത്തിനുളളില്‍ മൂന്ന് കൈമറിഞ്ഞ ഹെല്‍മറ്റ് ഒറ്റ രാത്രി കൊണ്ട് സ്റ്റേഷനിലെത്തിക്കാന്‍ പോലീസിനായത്. വാഹനം പാര്‍ക്ക് ചെയ്തിരുന്ന സ്ഥലത്ത് സിസിടിവി ദൃശ്യങ്ങളില്ലാതിരുന്നിട്ടും കിട്ടിയ ഫോണ്‍ നമ്പരുകള്‍ പിന്തുടര്‍ന്നാണ് പോലീസ് ഹെല്‍മറ്റ് കണ്ടെത്തിയത്.

കേരള പൊലീസിന്‍റെ തക്കസമയത്തുളള പ്രവര്‍ത്തന മികവാണ് തനിക്ക് നഷ്ടമായ സാധനം ഇത്രവേഗം തിരികെ ലഭിക്കാന്‍ കാരണമായതെന്ന് ജെറിന്‍ പിന്നീട് ഫെയ്സ് ബുക്കില്‍ കുറിച്ചു. 
 

Follow Us:
Download App:
  • android
  • ios