Asianet News MalayalamAsianet News Malayalam

ചുവന്ന ബലേനോ; സൂരജ് ചോദിച്ചുവാങ്ങിയ 'വിവാഹസമ്മാനം', പാമ്പ് വന്നതും ഇതേ വണ്ടിയില്‍!

വിവാഹ നിശ്ചയം കഴിഞ്ഞയുടൻ അൾട്ടോ കാർ വാങ്ങി നൽകാമെന്ന്‌ ഉത്രയുടെ മാതാപിതാക്കള്‍ പറഞ്ഞിരുന്നു. എന്നാല്‍ ബലേനോ തന്നെ വേണമെന്ന്‌ സൂരജ്‌ വാശിപിടിക്കുകയായിരുന്നു.  

Story Of Red Maruti Baleno In Kollam Anchal Uthra Snake Bite Murder
Author
Kollam, First Published Oct 12, 2021, 7:13 PM IST

കൊല്ലം (Kollam) അഞ്ചലിലെ (Anchal) ഉത്ര വധക്കേസ് (Uthra Murder Case). പ്രതി ഉത്രയുടെ ഭര്‍ത്താവായ സൂരജ് (Suraj). കേരളം (kerala) ഇതുവരെ കാണാത്ത ആ പൈശാചിക കൃത്യം മലയാളികള്‍ ഒരിക്കലും മറക്കാന്‍ ഇടയില്ല. അതുകൊണ്ടുതന്നെ ഇതുസംബന്ധിച്ച പല വാര്‍ത്തകളും ഇപ്പോഴും സജീവ ചര്‍ച്ചാവിഷയമാണ്. അതിലൊന്നാണ് സൂരജ് പാമ്പിനെ കൊണ്ടുവരാന്‍ ഉപയോഗിച്ച കാര്‍; ഒരു ചുവന്ന മാരുതി ബലേനോ. 

ഈ കാറിന്‍റെ പ്രത്യേകത എന്തെന്നല്ലേ? ഈ വാഹനം ഉത്രയുടെ മാതാപിതാക്കള്‍ നല്‍കിയ വിവാഹ സമ്മാനം ആയിരുന്നു! അതും വിവാഹ സമ്മാനമായി ഈ വണ്ടി തന്നെ വേണമെന്ന് സൂരജ് നിര്‍ബന്ധം പിടിച്ചതുമൂലമായിരുന്നു എന്നതും മറ്റൊരു ഞെട്ടിപ്പിക്കുന്ന കാര്യമാണ്.

ഉത്രയും സൂരജും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞയുടൻ അൾട്ടോ കാർ വാങ്ങി നൽകാമെന്ന്‌ ഉത്രയുടെ മാതാപിതാക്കള്‍ പറഞ്ഞിരുന്നു. എന്നാല്‍ ബലേനോ തന്നെ വേണമെന്ന്‌ സൂരജ്‌ വാശിപിടിക്കുകയായിരുന്നു.  ഇങ്ങനെ വിവാഹ സമ്മാനമായി ഉത്രയുടെ വീട്ടുകാരോട് ചോദിച്ചുവാങ്ങിയ കാറിലാണ് ഉത്തരയെ കൊല്ലാനുള്ള പാമ്പിനെ സൂരജ് കൊണ്ടു വന്നത് എന്ന വാര്‍ത്തകള്‍ ഉത്തര കൊല്ലപ്പെട്ട 2020 മെയ് മാസത്തില്‍ തന്നെ പുറത്തുവന്നിരുന്നു.

ഉത്രയുടെ മരണശേഷം ഏറത്തെ വീട്ടിലെ ഷെഡിൽ സൂക്ഷിച്ചിരിക്കുകയായിരുന്ന ഈ കാര്‍ കൊലപാതകം നടന്ന 2020 മെയ് മാസത്തില്‍ തന്നെ വിരലടയാള വിദഗ്‌ധർ പരിശോധിച്ചിരുന്നു. ഇതിനു‌ പിന്നാലെ  വാഹനം അന്വേഷണ സംഘം കസ്റ്റഡിയിലുമെടുത്തിരുന്നു. ഒപ്പം സൂരജിന്റെ ഡ്രൈവിങ്‌ ലൈസൻസ്, കാറിന്റെ  ആർസി ബുക്ക്, ഇൻഷുറൻസ് പേപ്പർ എന്നിവയും കണ്ടെടുത്തിരുന്നു.

വിവാഹ നിശ്ചയം കഴിഞ്ഞയുടൻ അൾട്ടോ കാർ വാങ്ങി നൽകാമെന്ന്‌ ഉത്രയുടെ മാതാപിതാക്കള്‍ പറഞ്ഞിരുന്നു. എന്നാല്‍ ബൊലേനോ തന്നെ വേണമെന്ന്‌ സൂരജ്‌ വാശിപിടിക്കുകയായിരുന്നു.  അങ്ങനെയാണ് ഉത്രയുടെ പേരില്‍ ബലേനോ കാർ വാങ്ങിക്കൊടുക്കുന്നത്. ഉത്രയ്ക്ക് ഡ്രൈവിംഗ്‌ അറിയാത്തതിനാൽ സൂരജ്‌ തന്നെയായിരുന്നു വാഹനം ഉപയോഗിച്ചിരുന്നത്‌. 

2020 മെയ് ആറിനു രാത്രിയാണ്‌ ഈ ചുവന്ന ബൊലേനോയിൽ പാമ്പിനെ പ്ലാസ്റ്റിക്‌ ജാറിലാക്കി സൂരജ് ഉത്രയുടെ വീട്ടില്‍ കൊണ്ടുവന്നത്‌. ഏഴാം തീയ്യതി രാവിലെ ഇതേ  കാറില്‍ തന്നെയാണ്‌ ഉത്രയെ  ആശുപത്രിയിൽ കൊണ്ടുപോയതും. പാമ്പ് കടിയേറ്റ് കട്ടില്‍ കിടന്നിരുന്ന ഉത്രയെ സൂരജും ഉത്രയുടെ മാതാപിതാക്കളും സഹോദരനും ചേർന്ന്‌ അഞ്ചലിലെ സ്വകാര്യ  ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. എന്നാൽ ഈ സമയം കാറോടിക്കാൻ തനിക്കാകില്ലെന്നു‌ പറഞ്ഞ്‌ സൂരജ്‌ ഒഴിഞ്ഞുമാറിയിരുന്നു. തുടര്‍ന്ന് ഉത്രയുടെ സഹോദരൻ വിഷുവാണ്‌ വാഹനം ഓടിച്ചത്‌.  

ആശുപത്രിയില്‍ ഡോക്ടറുടെ മുറിയിലേക്കു ചെന്ന സൂരജ് 'കൈയില്‍ പാടുണ്ട്, നോക്കണേ' എന്നുപറഞ്ഞു. ഇറങ്ങിവന്നിട്ട് പാമ്പുകടിച്ചതാണെന്ന് ഡോക്ടര്‍ പറഞ്ഞെന്ന് ഉത്രയുടെ മാതാപിതാക്കളോടു പറഞ്ഞു. ഉത്രയുടെ സഹോദരന്‍ വിഷുവിനെയും കൂട്ടി വീട്ടിലേക്കു പോയി. കിടപ്പുമുറിയില്‍ കയറി വിഷുവിനോട് അലമാരയുടെ താഴെ പാമ്പുണ്ടെന്ന് പറഞ്ഞ് ഇറങ്ങിപ്പോയി. തുടര്‍ന്ന് വിഷുവാണ് പാമ്പിനെ തല്ലിക്കൊന്നത്.

സൂരജിന്‍റെ ഡ്രൈവിങ്‌ ലൈസൻസിനും കാറിന്‍റെ  ആർസി ബുക്കിനും ഇൻഷുറൻസ് പേപ്പറിനും ഒപ്പം ഉത്രയ്ക്ക് നല്‍കിയ ടാബ് ലറ്റിന്റെ സ്ട്രിപ്പും പൊലീസ് കണ്ടെടുത്തിരുന്നു. പത്ത് ടാബ് ലറ്റിന്റെ സ്ട്രിപ്പിൽ  എട്ടെണ്ണം ഉപയോഗിച്ച നിലയിലായിരുന്നു. ഈ ടാബ‍്ലെറ്റ് വാങ്ങിയ മെഡിക്കല്‍ സ്റ്റോറിലും പൊലീസ് സംഘം  തെളിവെടുപ്പ് നടത്തിയിരുന്നു. പാമ്പിനെ കൊണ്ടുവന്ന ബാഗ്, പ്ലാസ്റ്റിക് കുപ്പി എന്നിവ നേരത്തെ  കണ്ടെത്തിയിരുന്നു. ഉത്ര പാമ്പുകടിയേറ്റു കിടന്ന കട്ടിലിലെ ബെഡ് ഷീറ്റ്,  പാമ്പിനെ അടിച്ചുകൊന്ന വടി എന്നിവ തെളിവായി ശേഖരിച്ചിരുന്നു. 

പിന്നാലെ 2020 ജൂണ്‍ മാസം ആദ്യം സൂരജിന്റെ അച്ഛന്‍ സുരേന്ദ്രന്‍ പണിക്കരുടെ വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സുരേന്ദ്രന്റെ പിക്കപ്പ് വാനാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ഉത്രയുടെ കുടുംബത്തിന്റെ സാമ്പത്തിക സഹായം ഉപയോഗിച്ചാണ് സുരേന്ദ്രന്‍ ഈ വാഹനം വാങ്ങിയത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. 

പിതാവിനു ജോലിയില്ലാത്തതിനാൽ ഓട്ടോറിക്ഷ വാങ്ങാൻ പണം നൽകണമെന്നു സൂരജ് നിർബന്ധം പിടിച്ചിരുന്നു. മകളുടെ വിഷമം മനസ്സിലാക്കിയ ഉത്രയുടെ മാതാപിതാക്കൾ സൂരജിന്റെ പിതാവിന് പിക്കപ്പ് ഓട്ടോറിക്ഷ വാങ്ങി നൽകുകയായിരുന്നു.  മൂന്നു ലക്ഷത്തോളം രൂപ വിലയുള്ള വാഹനമാണ് ഇത്. കേസില്‍ ഈ വാഹനവും തൊണ്ടിമുതലാകുമെന്നാണ് അന്വേഷണ സംഘം അന്ന് സൂചന നല്‍കിയിരുന്നു.

അതേസമയം ഉത്ര വധക്കേസില്‍ പ്രതി സൂരജിനും കുടുംബാംഗങ്ങള്‍ക്കും എതിരായ ഗാര്‍ഹിക പീഡനക്കേസില്‍ ക്രൈംബ്രാഞ്ച് നല്‍കിയ കുറ്റപത്രത്തിന്റെ വിചാരണ പ്രത്യേകം നടക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. പുനലൂര്‍ കോടതിയിലാണ് കേസ്. സൂരജ്, പിതാവ് അടൂര്‍ പറക്കോട് ശ്രീസൂര്യയില്‍ സുരേന്ദ്രന്‍, അമ്മ രേണുക, സഹോദരി സൂര്യ എന്നിവരെ പ്രതികളാക്കിയാണ് ഗാര്‍ഹിക പീഡനം, വിശ്വാസവഞ്ചന, തെളിവ് നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തി കുറ്റപത്രം സമര്‍പ്പിച്ചത്.

മൂന്നര ഏക്കര്‍ വസ്തുവും നൂറുപവന്‍ സ്വര്‍ണവും കാറും പത്തുലക്ഷം രൂപയും സൂരജിന് സ്ത്രീധനമായി നല്‍കി. എന്നിട്ടും പണം ആവശ്യപ്പെട്ടുകൊണ്ടേയിരുന്നു. ഒടുവില്‍ 8000 രൂപവീതം മാസം ചെലവിന് നല്‍കി. സൂരജ് ഇടയ്ക്കിടെ ഉത്രയെ മര്‍ദിക്കുമായിരുന്നുവെന്നതും രണ്ടാം കുറ്റപത്രത്തില്‍ പറയുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
 

Follow Us:
Download App:
  • android
  • ios