തിരുവനന്തപുരം: കാറിൽ പോയ എഡിജിപിയെ സല്യൂട്ട് ചെയ്‍തില്ലെന്ന പേരിൽ 20 പൊലീസുകാരെ സ്ഥലം മാറ്റിയത് കഴിഞ്ഞ ദിവസമാണ്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയെ ഇന്നലെ രാവിലെ പത്തോടെ രാജ്ഭവനു മുന്നിലൂടെ കടന്നുപോയപ്പോള്‍ അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പേരൂർക്കട എസ്എപി ക്യാംപിലെ പൊലീസുകാർ സല്യൂട്ട് ചെയ്‍തില്ലെന്നാണ് ആരോപണം. തുടര്‍ന്ന് ഇവരെ മലപ്പുറം പാണ്ടിക്കാട്ട് ശിക്ഷാ പരിശീലനത്തിന് അയച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ എഡിജിപി കടന്നുപോയത് കണ്ടില്ലെന്നാണ് പൊലീസുകാര്‍ പറയുന്നത്. സമരക്കാരെ തടയാനായിരുന്നു ഇവരെ നിയോഗിച്ചിരുന്നത്. എന്തായാലും ഇതോടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഗതാഗതനിയമലംഘനങ്ങളാണ് ഇപ്പോള്‍ തലസ്ഥാനത്തെ ചര്‍ച്ച. മിക്ക ഐപിഎസ് ഉദ്യോഗസ്ഥരും നിയമം ലംഘിച്ച് ഔദ്യോഗിക വാഹനങ്ങളിൽ കറുത്ത ഫിലിം പതിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് പരസ്യമായ രഹസ്യമാണെന്ന് നഗരത്തിലെ പല ഡ്രൈവര്‍മാരും സാക്ഷ്യപ്പെടുത്തുന്നു.

സണ്‍ ഫിലിം ഒട്ടിക്കാത്ത ഉദ്യോഗസ്ഥര്‍ വാഹനത്തിനകത്ത് കർട്ടൻ ഇട്ട് അകക്കാഴ്ച മറയ്ക്കുന്നു. പിന്നെങ്ങനെ അകത്തിരിക്കുന്ന മേലുദ്യോഗസ്ഥനെ കാണാനാകുമെന്നും സല്യൂട്ടടിക്കുമെന്നുമാണ് പൊലീസുകാര്‍ ചോദിക്കുന്നത്. പലപ്പോഴും ഈ ഉദ്യോഗസ്ഥരുടെ ഗൺമാനോ ഡ്രൈവറോ മേലുദ്യോഗസ്ഥന്റെ വീട്ടുസാധനങ്ങൾ വാങ്ങാൻ പോകുന്നതും നക്ഷത്രം പതിച്ച കാറിലാണെന്നും ആരോപണമുണ്ട്. 

എന്തായാലും സംസ്ഥാനവ്യാപകമായി വാഹന പരിശോധന കര്‍ശനമാക്കുന്ന സാഹചര്യത്തിലാണ് നിയമപാലകരുടെ ഈ നിയമലംഘനം എന്നതാണ് കൗതുകകരം. ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ ഇത്തരം നിയമലംഘനങ്ങള്‍ നടത്തുന്നതിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.