പുതിയ മാക്സി-സ്കൂട്ടർ പുറത്തിറക്കി ചൈനീസ് ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളായ സൂപ്പർ സോക്കോ. 

പുതിയ മാക്സി-സ്കൂട്ടർ പുറത്തിറക്കി ചൈനീസ് ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളായ സൂപ്പർ സോക്കോ. യൂറോപ്യൻ വിപണികൾക്കായി എത്തുന്ന ഈ സ്‍കൂട്ടറിന്‍റെ പേര് സൂപ്പർ സോക്കോ CPx എന്നാണ്. 3,599 ബ്രിട്ടീഷ് പൗണ്ടാണ് (ഏകദേശം 3.53 ലക്ഷം രൂപ) അടിസ്ഥാന സിംഗിൾ ബാറ്ററി വേരിയന്റിന്റെ വില. 4,699 പൗണ്ട് അല്ലെങ്കിൽ 4.61 ലക്ഷം രൂപ ആയിരിക്കും ഉയർന്ന ഡ്യുവൽ ബാറ്ററി പതിപ്പിന് വില. 

സൂപ്പർ സോക്കോ CPx സിൽവർ, ബ്ലാക്ക്, ഗ്രേ എന്നീ മൂന്ന് കളർ ഓപ്ഷനിൽ ലഭ്യമാണ്. സവിശേഷവും രസകരവുമായ ഡിസൈൻ ഭാഷ്യമാണ് ഓൾ ബ്ലാക്ക് കളറിനെ അടിസ്ഥാനമാക്കി ഒരുങ്ങിയിരിക്കുന്ന ഓൾ-ഇലക്ട്രിക് മാക്സി-സ്കൂട്ടർ പരിചയപ്പെടുത്തുന്നത്. സൂപ്പർ സോക്കോയുടെ സ്വന്തം BMOS V3.3 സെൻട്രൽ കൺട്രോൾ സിസ്റ്റമാണ് ഇലക്ട്രോണിക്സ് നിയന്ത്രിക്കുന്നത്.

പുതിയ ഇലക്‌ട്രിക് മാക്സി-സ്കൂട്ടർ ഇലക്ട്രിക് കമ്മ്യൂട്ടർ മോട്ടോർസൈക്കിളുകൾ അടങ്ങുന്ന പുതിയ CPx ലൈനപ്പിലെ ഏറ്റവും വില കൂടിയ രണ്ടാമത്തെ മോഡലാണ് എന്നാണ് റിപ്പോർട്ട്. CUx, CUx Ducati പതിപ്പ്, TSx, TC, CPx, TC Max എന്നിങ്ങനെ ആറ് ഉൽപ്പന്നങ്ങളാണ് യുകെയിൽ സൂപ്പർ സോക്കോയുടെ ശ്രേണിയിൽ അണിനിരക്കുന്നത്.

ഈ ഇലക്ട്രിക് സ്കൂട്ടർ 125 സിസി പെട്രോൾ-സിവിടി ഇതരമാർഗങ്ങൾക്ക് മികച്ചൊരു ബദലാകും എന്നാണ് കമ്പനി അവകാശപ്പെടുന്നത്.