ലോകത്ത്​ ഏറ്റവും കൂടുതൽ ഡ്രൈവർമാര്‍ക്ക് ഡ്രൈവിംഗില്‍ സമ്മര്‍ദ്ദം ഉണ്ടാകുക ഈ ഇന്ത്യൻ നഗരത്തില്‍ വണ്ടിയോടിക്കുമ്പോള്‍ എന്ന് പഠനം

മാനസിക സമ്മർദം മൂലം മനുഷ്യനുണ്ടാകുന്ന രോഗങ്ങൾ നിരവധിയാണ്​. അതിൽ ഏറ്റവും പ്രധാനമാണ്​ ഹൃദയസംബന്ധിയായ രോഗങ്ങൾ. ഇതിനുസരിച്ചാണെങ്കില്‍ ​ലോകത്ത്​ ഏറ്റവും കൂടുതൽ ഡ്രൈവർമാര്‍ക്ക് മാനസീക സമ്മര്‍ദ്ദം ഉണ്ടാവുക ഈ ഇന്ത്യൻ നഗരത്തില്‍ വണ്ടിയോടിക്കുമ്പോഴായിരിക്കും എന്നാണ് പുതിയൊരു പഠന റിപ്പോര്‍ട്ട് പറയുന്നത്. നമ്മുടെ വാണിജ്യ തലസ്​ഥാനമായ മുംബൈ ആണ്​ ആ നഗരം. യു കെ ആസ്ഥാനമായ ഹിയാകാർ എന്ന കമ്പനി നടത്തിയ സർവേയിലാണ് ഇക്കാര്യം വ്യക്തമായതെന്ന് ഡിഎന്‍എ ഡോട്ട് കോം ഉള്‍പ്പെടെ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള 36 നഗരങ്ങളിലാണ്​ പഠനംനടത്തിയത്​. ഡ്രൈവർമാർക്ക് ഏറ്റവും വെല്ലുവിളി നിറഞ്ഞ റോഡുകളുള്ള സ്​ഥലം കണ്ടെത്തുകയായിരുന്നു ലക്ഷ്യം. ഇന്ത്യയുടെ ദേശീയ തലസ്ഥാനമായ ദില്ലി, ബംഗളൂരു എന്നിവയും പട്ടികയിലുണ്ടെങ്കിലും ഡ്രൈവ് ചെയ്യാൻ ഏറ്റവും സമ്മർദ്ദമുള്ള നഗരമായി സർവേയില്‍ കണ്ടെത്തിയത്​ മുംബൈയെയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍​. 

നിരവധി ഘടകങ്ങളും ചില മാനദണ്ഡങ്ങളും അടിസ്ഥാനമാക്കിയാണ് യുകെ കാർ ഷെയറിംഗ് കമ്പനിയായ ഹിയാകാർ സര്‍വേ നടത്തിയത്. ലോകത്തിലെ മറ്റ് നഗരങ്ങള്‍ക്കൊപ്പം ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള 36 നഗരങ്ങൾക്കൂടി സര്‍വേയില്‍ ഉള്‍പ്പെടുത്തിയിരുന്നു. നഗരങ്ങളിലെ പ്രതിശീർഷ കാറുകളുടെ എണ്ണം, നഗരത്തിലെ മൊത്തം വാഹനങ്ങളുടെ എണ്ണം, ട്രാഫിക് തിരക്ക്, റോഡുകളുടെ ഗുണനിലവാരം, പൊതുഗതാഗത മാര്‍ഗ്ഗങ്ങള്‍, പ്രതിവർഷമുള്ള റോഡപകടങ്ങളുടെ എണ്ണം എന്നിവയെല്ലാം കണക്കിലെടുത്തായിരുന്നു സര്‍വേ. 

അവസാനം ഓരോ നഗരത്തിനും സ്കോർ നൽകിയിട്ടുണ്ട്​. 10 ആയിരുന്നു ഒരു നഗരത്തിന് നേടാൻ കഴിയുന്ന പരമാവധി സ്കോര്‍. പട്ടികയിൽ മുംബൈ 7.4 സ്കോർ നേടിയപ്പോൾ ദില്ലിയുടേത്​ 5.9 ആണ്​. അതേസമയം 4.7 എന്ന മൊത്തം സ്‌കോറുമായി ബെംഗളൂരു 11 -ാം സ്ഥാനത്താണ്. പെറുവിന്‍റെ തലസ്ഥാന നഗരമായ ലിമയാണ്. വാഹനം ഓടിക്കാൻ ഏറ്റവും സമ്മർദ്ദം കുറവുള്ള നഗരം. ലിമയുടെ സ്​കോര്‍ 2.1 ആണ്. 

ഹിയാകാർ സർവേ പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് ഈ 10 നഗരങ്ങളാണ് ഡ്രൈവിംഗിന് ഏറ്റവും സമ്മർദ്ദമുള്ള നഗരങ്ങൾ: -

  • മുംബൈ, ഇന്ത്യ: 7.4 
  • പാരീസ്, ഫ്രാൻസ്: 6.4
  • ജക്കാർത്ത, ഇന്തോനേഷ്യ: 6.0
  • ദില്ലി, ഇന്ത്യ: 5.9
  • ന്യൂയോർക്ക്, യുണൈറ്റഡ് സ്റ്റേറ്റ്സ്: 5.6
  • ക്വലാലംപൂർ, മലേഷ്യ: 5.3
  • നാഗോയ, ജപ്പാൻ: 5.1
  • ലണ്ടൻ, യുണൈറ്റഡ് കിംഗ്ഡം : 5.0
  • മെക്സിക്കോ സിറ്റി, മെക്സിക്കോ: 4.9 
  • ഒസാക്ക, ജപ്പാൻ: 4.9

ഏറ്റവും അനായാസമായി ഡ്രൈവ് ചെയ്യാന്‍ സാധിക്കുന്ന നഗരങ്ങള്‍

  • സാവോ പോളോ, ബ്രസീൽ: 2.7
  • ഹാങ്‌ഷോ, ചൈന: 2.6
  • ടിയാൻജിൻ, ചൈന: 2.6
  • ഡോങ്‌ഗുവാൻ, ചൈന: 2.4
  • ലിമ, പെറു: 2.1

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona