ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ സുസുക്കിയുടെ ഇന്ത്യയിലെ ജനപ്രിയ സ്‍കൂട്ടറായ ആക്സസ് 125-ന്റെ ബിഎസ്6 പതിപ്പ് വിപണിയിൽ അവതരിപ്പിച്ചു. 2020 ഏപ്രില്‍ 1 മുതല്‍ രാജ്യത്ത് പുതിയ മലിനീകരണ മാനദണ്ഡങ്ങൾ നിലവിൽ വരുന്നതിന്റെ ഭാഗമായാണ് സുസുക്കി പുതിയ വാഹനത്തെ അവതരിപ്പിച്ചത്. 

പുതിയ മലിനീകരണ നിയമം അനുസരിച്ചുള്ള എഞ്ചിന്‍ പരിഷ്‍കരണങ്ങൾ കൂടാതെ പ്രീമിയം സ്‍കൂട്ടറിന് നിരവധി പുതിയ സവിശേഷതകളുമുണ്ട്. നിലവിലെ  കാർബ്യൂറേറ്റഡ് 124 സിസി എയർ-കൂൾഡ് എൻജിനിൽ ഫ്യുവൽ ഇൻജെക്ഷൻ സാങ്കേതിക വിദ്യ കൂട്ടിച്ചേർത്താണ് പുതിയ ആക്സസ്സ് 125-നെ അവതരിപ്പിച്ചിരിക്കുന്നത്.  

ഇലക്ട്രോണിക് ഫ്യുവൽ ഇഞ്ചക്ഷൻ സംവിധാനത്തോടെയെത്തുന്ന വാഹനത്തിന് സിവിടിയുമായി ജോഡിയാക്കിയിരിക്കുന്ന 124 സിസി എയർ-കൂൾഡ് എഞ്ചിനാണ് ഹൃദയം. 6,750 ആർ‌പി‌എമ്മിൽ‌ 8.7 എച്ച്പി പവറും 5,500 ആർ‌പി‌എമ്മിൽ‌ 10 എൻ‌എം ടോർക്കും ഈ എഞ്ചിന്‍ ഉത്പാദിപ്പിക്കും. ബിഎസ്6 പതിപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ എഞ്ചിന്റെ ടോര്‍ക്കിൽ അല്‍പ്പം വ്യത്യാസം വരും. നിലവിലെ BS4 കാർബ്യൂറേറ്റഡ് എഞ്ചിനുള്ള ആക്സസ്സ് 125ന്‍റെ എഞ്ചിന്‍ സൃഷ്‍ടിക്കുക 8.7 എച്ച്പി പവറും 10.2 എൻഎം ടോർക്കുമാണ്. എന്നാല്‍ കരുത്തിൽ മാറ്റം വന്നിട്ടില്ല എങ്കിലും പുത്തൻ മോഡലിന്റെ ടോർക്ക് 0.2 എൻഎം കുറഞ്ഞിട്ടുണ്ട്.

മികച്ച ഇന്ധനക്ഷമതയ്ക്കായി ഗ്രീൻ ലൈറ്റ് ഗൈഡായ ഇക്കോ അസിസ്റ്റ് ഇലുമിനേഷനും 2020 ആക്സസിൽ സുസുക്കി വാഗ്‌ദാനം ചെയ്യുന്നു. കൂടുതൽ ഇന്ധനക്ഷമത ലഭിക്കുന്ന വിധം റൈഡ് ചെയ്യുമ്പോൾ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിൽ പച്ച വെളിച്ചം തെളിയിക്കുന്ന സംവിധാനമാണിത്. മെച്ചപ്പെട്ട പ്രകാശത്തിനായി എൽഇഡി ഹെഡ്‌ലാമ്പുകളും സ്‍കൂട്ടറിൽ ഉൾപ്പെടുത്തും.  

പുതിയ മോഡലിന് അൽപ്പം നീളമുള്ള സീറ്റും വലിയ ഫ്ലോർ‌ബോർ‌ഡും കൂടുതൽ സ്പേസ് ഉള്ള അണ്ടർ‌സീറ്റ് സ്റ്റോറേജ് കമ്പാർട്മെന്റും ചേർത്തിട്ടുണ്ട്.  കൂടാതെ എക്‌സ്ടെർണൽ ഫ്യുവൽ ഫില്ലർ ക്യാപ്പ്, യുഎസ്ബി ഡിസി ചാർജിംഗ് സോക്കറ്റ്, ബാറ്ററി അവസ്ഥ സൂചിപ്പിക്കുന്നതിനുള്ള വോൾട്ടേജ് മീറ്റർ എന്നിവയും BS6 ആക്സസ് 125-ലുണ്ട്. 2020 ജനുവരയില്‍ BS6 ആക്സസ് 125-ന്റെ വില സുസുക്കി പ്രഖ്യാപിക്കുക. നിലവിൽ  മൂന്ന് വകഭേദങ്ങളിലായാണ് സുസുക്കി ആക്സസ് 125 വിപണിയിൽ എത്തുന്നത്.

ഇപ്പോൾ വിപണിയിലുള്ള അക്സസ്സ് 125 മോഡലിന് 58,323 രൂപ (ഡ്രം ബ്രെക്ക് + സ്റ്റീൽ വീൽ) മുതൽ 62,892 രൂപ (എസ്ഇ ഡിസ്ക് ബ്രേക്ക്) വരെയാണ് എക്‌സ്-ഷോറൂം വില. പുതിയ ബിഎസ്6 മോഡലിന് ഏകദേശം 7,000 രൂപ വരെ വില വർധിച്ചേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജനുവരിയിൽ ഔദ്യോഗികമായി ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങും.

ആക്ടിവ 125, വെസ്പ, അപ്രിലിയ എസ്ആർ 125, പുതിയ യമഹ റേ Z125 തുടങ്ങിയ മോഡലുകളായിരിക്കും ഇന്ത്യൻ വിപണിയിൽ പുത്തന്‍ സുസുക്കി ആക്സസ് 125ന്‍റെ എതിരാളികൾ.