ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യയുടെ വെബ്‌സൈറ്റില്‍നിന്ന് വി സ്‌ട്രോം 650 എക്‌സ്ടി ഒഴികെ മറ്റെല്ലാ വലിയ ബൈക്കുകളും നീക്കം ചെയ്തു. ജിഎസ്എക്‌സ് എസ്750, ജിഎസ്എക്‌സ് ആര്‍1000, ജിഎസ്എക്‌സ് എസ്1000, ജിഎസ്എക്‌സ് എസ്1000എഫ്, വി സ്‌ട്രോം 1000 എന്നീ മോഡലുകളാണ് ഒഴിവാക്കിയത്. ബിഎസ് 6 പാലിക്കുന്ന വി സ്‌ട്രോം 650 എക്‌സ്ടി വൈകാതെ വിപണിയില്‍ അവതരിപ്പിക്കും.

വെബ്‌സൈറ്റില്‍നിന്ന് നീക്കം ചെയ്ത ബിഗ് ബൈക്കുകളെല്ലാം ബിഎസ് 4 പാലിക്കുന്നവയാണ്. ബിഎസ് 6 പ്രാബല്യത്തിലായതിനാല്‍ ബിഎസ് 4 വാഹനങ്ങള്‍ ഇനി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ല. ഇപ്പോള്‍ നീക്കം ചെയ്ത ബിഗ് ബൈക്കുകളില്‍ ഏതെല്ലാം മോഡലുകള്‍ ബിഎസ് 6 പാലിക്കുന്ന വാഹനങ്ങളായി തിരിച്ചെത്തുമെന്ന് വ്യക്തമല്ല. 

അന്താരാഷ്ട്ര വിപണികളിലെ യൂറോ 5 ബഹിര്‍ഗമന മാനദണ്ഡങ്ങള്‍ക്ക് തുല്യമാണ് ഇന്ത്യയിലെ ബിഎസ് 6. സുസുകിയുടെ മിക്ക വലിയ ബൈക്കുകളും ഇനിയും യൂറോ 5 പാലിക്കുന്നവിധം പരിഷ്‌കരിച്ചിട്ടില്ല. 2021 ജനുവരി ഒന്നിനാണ് യൂറോ 5 പ്രാബല്യത്തില്‍ വരുന്നത്. ഈ സമയം അടുക്കുമ്പോഴേക്കും യൂറോ 5 മോഡലുകള്‍ സുസുകി അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം. അതുകൊണ്ടുതന്നെ യൂറോ 5 മോഡലുകള്‍ക്ക് തുല്യരായ ബിഎസ് 6 ബിഗ് ബൈക്കുകള്‍ അടുത്ത വര്‍ഷത്തിനുമുമ്പ് ഇന്ത്യയിലെത്താന്‍ ഇടയില്ല.

സുസുക്കി വി സ്‌ട്രോം 1000 മോട്ടോര്‍സൈക്കിളാണ് ഇതിനൊരു അപവാദം. ഈ മോട്ടോര്‍സൈക്കിളിന് പകരമായി അന്താരാഷ്ട്ര വിപണികളിലെത്തുന്നത് യൂറോ 5 പാലിക്കുന്ന വി സ്‌ട്രോം 1050 മോഡലാണ്. ഡിസൈന്‍, ഫീച്ചറുകള്‍, ഹാര്‍ഡ് വെയര്‍ എന്നിവയില്‍ മാറ്റങ്ങളോടെയാണ് സുസുകി വി സ്‌ട്രോം 1050 വരുന്നത്. ബിഎസ് 6 പാലിക്കുന്ന വി സ്‌ട്രോം 650 എക്‌സ്ടി മോട്ടോര്‍സൈക്കിളിനുശേഷം മറ്റ് മോഡലുകളേക്കാള്‍ വേഗത്തില്‍ ലിറ്റര്‍ ക്ലാസ് അഡ്വഞ്ചര്‍ ടൂറര്‍ ഇന്ത്യയിലെത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍.