Asianet News MalayalamAsianet News Malayalam

മുംബൈ പൊലീസിനു കുതിച്ചു പായാന്‍ ജിക്സറുകള്‍ നല്‍കി സുസുക്കി

ജിക്സർ എസ്എഫ് 250 മോട്ടോർസൈക്കിളുകൾ മുംബൈ പൊലീസിന് കൈമാറി ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ. 

Suzuki Gixxer 250 added to Mumbai Police fleet
Author
mumbai, First Published Jul 22, 2020, 3:28 PM IST

ജിക്സർ എസ്എഫ് 250 മോട്ടോർസൈക്കിളുകൾ മുംബൈ പൊലീസിന് കൈമാറി ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ. 10 യൂണിറ്റ് ജിക്സറുകളെയാണ് കമ്പനി നല്‍കിയത്. കമ്പനിയുടെ സാമൂഹ്യ സേവന പദ്ധതിയുടെ ഭാഗമായിട്ടാണ് ഇത്തരമൊരു സഹായം. സുസുക്കിയുടെ കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി പദ്ധതിയുടെ ഭാഗമായി വിവിധ സംസ്ഥാന പൊലീസ് വകുപ്പുകൾക്ക് പതിവായി ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്നുണ്ട് കമ്പനി.

പൊലീസിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് മാറ്റങ്ങള്‍ വരുത്തിയാണ് വാഹനം കൈമാറിയത്. മുംബൈ പൊലീസിന് ലഭിച്ച ജിക്സർ SF 250 രാജ്യത്തെ പൊലീസ് വകുപ്പുകൾ ഉപയോഗിക്കുന്ന മറ്റെല്ലാ മോട്ടോർസൈക്കിളുകളെയും പോലെ വെളുത്ത നിറത്തിലാണ്. ഹാൻഡിൽബാറുകൾക്ക് സമീപം വലതുവശത്ത് ചുവന്ന ബീക്കണും ഇടതുവശത്ത് നീല ബീക്കണും നൽകിയിരിക്കുന്നു.

ഉയരമുള്ള അധിക വിൻഡ്‌സ്ക്രീനിൽ ഒരു പൊലീസ് ബോർഡും ഉണ്ട്. ഇന്ധന ടാങ്കിന്റെ ഇരുവശത്തും ചുവപ്പ് നിറത്തിൽ പൊലീസ് എഴുതിയിരിക്കുന്നത്. പിൻഭാഗത്ത് കുറച്ച് സൈഡ് സ്റ്റോറേജ് കമ്പാർട്ടുമെന്റുകളും ഒരു വശത്ത് നിന്ന് ഒരു നീല ബീക്കൺ പോളും കാണാം.

2018-ലാണ് സുസുക്കി കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി പദ്ധതി ആരംഭിക്കുന്നത്. ഗുഡ്‍ഗാവിലെയും സൂറത്തിലെയും പൊലീസ് ഫ്ലീറ്റുകൾ ഇതിനകം സുസുക്കി മോട്ടോർസൈക്കിളുകൾ ഉപയോഗിക്കുന്നുണ്ട്. ഗുരുഗ്രാം പൊലീസിന് ആകെ 20 ബൈക്കുകളും സുറത്ത് പോലീസിന് അഞ്ച് ബൈക്കുകളുമാണ് നല്‍കിയിട്ടുള്ളത്. അടുത്തിടെ കോഴിക്കോട്ടെ ട്രാഫിക് പൊലീസ് സേനയ്ക്കും ഇത്തരം ജിക്സറുകള്‍ കമ്പനി നല്‍കിയിരുന്നു. ഇവയെല്ലാം പൊലീസിനായി പ്രത്യേകമായി കിറ്റ് ചെയ്ത ജിക്സർ SF 250 യൂണിറ്റുകളാണ്.

2019 ജൂണിലാണ് സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ ജിക്സർ SF 250-യെ വിപണിയിലെത്തിച്ച് 250സിസി ഇരുചക്ര വാഹനങ്ങളുടെ വിഭാഗത്തിലേക്ക് ചുവടുവച്ചത്. പ്രീമിയം സ്റ്റൈലിങ്ങിനൊപ്പം ഒരു സ്‌പോര്‍ട് ടൂറിങ് ബൈക്കിന്റെ സ്വഭാവവും കൂടിച്ചേർന്നതാണ് ജിക്സർ SF 250. സ്പോർടിയായ വലിപ്പം കൂടിയ ഫെയറിങ്, ഡ്യൂവല്‍ എക്‌സ്‌ഹോസ്റ്റ് മഫ്‌ളര്‍, ഭംഗിയേറിയെ അലോയ് വീലുകൾ, എല്‍ഇഡി ഹെഡ് ലൈറ്റ് എന്നിവയാണ് ജിക്സർ SF 250-യുടെ പ്രധാന ആകർഷണങ്ങൾ. 26 ബിഎച്ച്പി പവറും 22.6 എന്‍എം ടോര്‍ക്കുമേകുന്ന SOSS (സുസുക്കി ഓയിൽ കൂളിംഗ് സിസ്റ്റം) ഉള്ള ബിഎസ് VI 249 സിസി FI SOHC സിംഗിള്‍ സിലിണ്ടര്‍ ഫോര്‍ സ്‌ട്രോക്ക് എന്‍ജിനാണ് ജിക്‌സര്‍ SF 250യുടെ ഹൃദയം. സുഗമമായ അക്സിലറേഷൻ, മികച്ച ഔട്ട്പുട്ട്, ഉയർന്ന ഇന്ധനക്ഷമത എന്നിവ വാഗ്ദാനം ചെയ്യുന്നു. 9300 rpm -ൽ 26.14 bhp കരുത്തും, 7300 rpm -ൽ 22.2 Nm ടോര്‍ക്കും ഈ എഞ്ചിന്‍ സൃഷ്‍ടിക്കും. സ്റ്റാൻഡേർഡായി ഇരട്ട-ചാനൽ ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS) സവിശേഷതകളിൽ ഉൾപ്പെടുന്നു. ആറ് സ്പീഡ് ഗിയർ‌ബോക്‌സാണ് ട്രാന്‍സ്‍മിഷന്‍. 

ബിഎസ് 6ലേക്ക് പരിഷ്‍കരിച്ച ജികസ്ര്‍ ശ്രേണി 2020 മെയ് മാസത്തിലാണ് കമ്പനി പുറത്തിറക്കിയത്. മെറ്റാലിക് മാറ്റ് പ്ലാറ്റിനം സില്‍വര്‍, മെറ്റാലിക് മാറ്റ് ബ്ലാക്ക് എന്നിങ്ങനെ രണ്ട് നിറങ്ങളിൽ ആണ് ജിക്സർ 250-യും ജിക്സർ എസ്എഫ് 250-യും വിപണിയിലെത്തുക.  സ്ട്രീറ്റ് ഫൈറ്റർ മോഡൽ ആണ് ജിക്സർ 250. ജിക്സർ 250 എസ്എഫ് ഫുൾ ഫെയേഡ് മോഡലും. 

എൽഇഡി ഹെഡ്‌ലാമ്പുകൾ, പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, ക്രോം ടച്ചുള്ള ഡ്യൂവല്‍ എക്‌സ്‌ഹോസ്റ്റ് മഫ്‌ളര്‍, സ്പ്ലിറ്റ് സീറ്റുകൾ, ഡ്യുവൽ-ചാനൽ എബിഎസ്, ഭംഗിയേറിയെ അലോയ് വീലുകൾ എന്നീ ഫീച്ചറുകൾ ബിഎസ്6 ജിക്സർ 250 ശ്രേണിയിലും മാറ്റമില്ലാതെ തുടരുന്നു. ഉയരവും വീതിയുമുള്ള ഹാൻഡിൽബാർ, വലിയ ടാങ്ക് ഷ്രോഡുകൾ എന്നിവ ജിക്സർ 250-യുടെ മാറ്റ് കൂട്ടുമ്പോൾ, ഉയരം കുറഞ്ഞ ഹാൻഡിൽ ബാർ, മസിലൻ ഫെയറിംഗ്, വിൻഡ്ഷീൽഡ് എന്നിവയുമായാണ് ജിക്സർ എസ്എഫ് 250 വരുന്നത്.

Follow Us:
Download App:
  • android
  • ios