Asianet News MalayalamAsianet News Malayalam

എഞ്ചിനില്‍ വിറയല്‍; ഈ ബൈക്കുകള്‍ തിരിച്ചുവിളിക്കുന്നു

ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ സുസുക്കി ഇന്ത്യയില്‍ ജിക്‌സര്‍ 250, ജിക്‌സര്‍ എസ്എഫ് 250 മോട്ടോര്‍സൈക്കിളുകള്‍ തിരിച്ചുവിളിച്ചു

Suzuki Gixxer 250 and SF 250  recall in India
Author
Mumbai, First Published May 4, 2021, 3:32 PM IST

ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ സുസുക്കി ഇന്ത്യയില്‍ ജിക്‌സര്‍ 250, ജിക്‌സര്‍ എസ്എഫ് 250 മോട്ടോര്‍സൈക്കിളുകള്‍ തിരിച്ചുവിളിച്ചു. 2019 ഓഗസ്റ്റ് 12 നും 2021 മാര്‍ച്ച് 21 നുമിടയില്‍ നിര്‍മിച്ച ആകെ 199 യൂണിറ്റ് ബൈക്കുകളാണ് സുസുകി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ തിരിച്ചുവിളിച്ചത്. അമിതമായ എന്‍ജിന്‍ വൈബ്രേഷനാണ് തിരിച്ചു വിളിക്കുന്നതിന് കാരണമെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 

നേക്കഡ് സ്ട്രീറ്റ്‌ഫൈറ്റര്‍, ഫുള്ളി ഫെയേര്‍ഡ് എന്നീ രണ്ട് ക്വാര്‍ട്ടര്‍ ലിറ്റര്‍ മോട്ടോര്‍സൈക്കിളുകളിലും ബാലന്‍സര്‍ ഡ്രൈവ് ഗിയര്‍ ശരിയാംവണ്ണം സ്ഥാപിക്കാത്തതാണ് പ്രശ്‌നമായത്. സൊസൈറ്റി ഓഫ് ഇന്ത്യ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ നല്‍കുന്ന വിവരമനുസരിച്ച് ബാലന്‍സര്‍ ഡ്രൈവ് ഗിയറിന്റെ സ്ഥാനങ്ങളുടെ അടയാളപ്പെടുത്തലിലെ തകരാറാണ് പ്രശ്‌നത്തിന് കാരണം. ബാലന്‍സര്‍ ഡ്രൈവ് ഗിയറിന്റെ പൊരുത്തപ്പെടാത്ത സ്ഥാനങ്ങള്‍ കാരണം അമിതമായ വിറയല്‍ എഞ്ചിന് ഉണ്ടാവുകയായിരുന്നു. പരിശോധന നടത്തി പാര്‍ട്ട് സൗജന്യമായി മാറ്റിസ്ഥാപിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. 

249 സിസി, സിംഗിള്‍ ഓവര്‍ഹെഡ് കാം, സിംഗിള്‍ സിലിണ്ടര്‍, ഓയില്‍ കൂള്‍ഡ് എന്‍ജിനാണ് ഇരു ബൈക്കുകളുടെയും ഹൃദയം. 9,300 ആര്‍പിഎമ്മില്‍ 26 ബിഎച്ച്പി കരുത്തും 7,300 ആര്‍പിഎമ്മില്‍ 22.2 എന്‍എം ടോര്‍ക്കും ഈ എഞ്ചിന്‍ പരമാവധി ഉല്‍പ്പാദിപ്പിക്കും.  6 സ്പീഡ് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്‍മിഷന്‍. 

Follow Us:
Download App:
  • android
  • ios