Asianet News MalayalamAsianet News Malayalam

മാരുതി ജിംനിക്ക് 50 വയസ്!

സുസുക്കിയുടെ ജനപ്രിയ മിനി എസ്‍യുവിയായ ജിംനിക്ക് അമ്പത് വയസ് തികയുന്നു

Suzuki Jimny 50 Years
Author
Mumbai, First Published May 1, 2020, 2:26 PM IST

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ സുസുക്കിയുടെ ജനപ്രിയ മിനി എസ്‍യുവിയായ ജിംനിക്ക് അമ്പത് വയസ് തികയുന്നു. ലൈറ്റ് ജീപ്പ് മോഡല്‍ എന്ന പേരില്‍ 1970ല്‍ ഏപ്രില്‍ മാസത്തിലാണ് ജപ്പാനീസ് നിരത്തുകളില്‍ ജിംനി പ്രത്യക്ഷപ്പെടുന്നത്. 1981 ല്‍ രണ്ടാം തലമുറയും 1998 ല്‍ മൂന്നാം തലമുറയും വന്നു. ഇപ്പോള്‍ നാലാം തലമുറയാണ് നിരത്തില്‍. ലോകമാകെ 194 നഗരങ്ങളിലായി 28.50 ലക്ഷം യൂണിറ്റ് സുസുകി ജിംനികളാണ് ഇതുവരെ വിറ്റത്. 

ഒരു വാഹന ബ്രാന്‍ഡ് അമ്പത് വര്‍ഷം പിന്നിടുന്നത് അസാധാരണമല്ലെങ്കിലും ഇത്രയും കാലത്തിനിടെ യഥാര്‍ത്ഥ പ്രകൃതം
നിലനിര്‍ത്താന്‍ സുസുകി ജിംനിക്ക് കഴിഞ്ഞുവെന്നത് പ്രശംസനീയമാണ്. ഇപ്പോഴും ലാഡര്‍ ഫ്രെയിം പ്ലാറ്റ്‌ഫോമിലാണ് സുസുകി ജിംനി നിര്‍മിക്കുന്നത്. അതേസമയം സസ്‌പെന്‍ഷന്‍ സംവിധാനം കാലാനുസൃതമായി പരിഷ്‌കരിച്ചു. എന്നാല്‍ റീസര്‍ക്കുലേറ്റിംഗ് ബോള്‍ മെക്കാനിസം, പാര്‍ട്ട് ടൈം 4 വീല്‍ ഡ്രൈവ് സിസ്റ്റം എന്നിവ ഇപ്പോഴും തുടരുന്നു.

കാഴ്ച്ചയില്‍, ആദ്യ തലമുറ സുസുകി ജിംനിക്ക് ആദ്യ തലമുറ ടൊയോട്ട ലാന്‍ഡ് ക്രൂസറുമായി ചെറിയ സാമ്യം ഉണ്ടായിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ മെഴ്‌സേഡസ് ജിഎല്‍എസ് ക്ലാസ് പോലുള്ള വിലയേറിയ കാറുകളുമായി മുട്ടിനില്‍ക്കുംവിധം കൂടുതല്‍ പ്രീമിയം മോഡലായി ലാന്‍ഡ് ക്രൂസര്‍ പരിണമിച്ചു. അപ്പോഴും ലളിതമായ രൂപകല്‍പ്പന, റഗഡ് ലുക്ക്, മികച്ച ഓഫ് റോഡിംഗ് കഴിവുകള്‍ എന്നിവയുമായി സുസുകി ജിംനി തുടര്‍ന്നു.

2018ല്‍ നാലാം തലമുറ അടിമുടി മാറ്റങ്ങളുമായിട്ടാണ് പുറത്തിറങ്ങിയത്. 660 സിസി മൂന്ന് സിലണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ നല്‍കിയിരിക്കുന്ന ജിംനി അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സിലും നാല് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സിലുമെത്തുന്നുണ്ട്.  ജാപ്പനീസ് ലാളിത്യം വിളിച്ചോതുന്നതാണ് ജിംനിയുടെ എക്സ്റ്റീരിയർ ഇന്റീരിയർ ഡിസൈൻ. പരമ്പരാഗത എസ്‌യുവി സങ്കല്പങ്ങൾക്ക് യോജിക്കും വിധം ബോക്‌സി ഡിസൈൻ ആണ് ജിംനിയ്ക്ക്. പുറകിലെ ഡോറിൽ ക്രമീകരിച്ചിരിക്കുന്ന സ്പെയർ വീൽ, കറുപ്പ് നിറത്തിലുള്ള അഞ്ച്-സ്ലാട്ട് മുൻ ഗ്രിൽ, വൃത്താകൃതിയിലുള്ള ഹെഡ്‍ലാംപ്, സൈഡ് ക്ലാഡിങ്ങുകൾ എന്നിവയും എസ്‌യുവി ഭാഷ്യം ഊട്ടിയുറപ്പിക്കുന്നു. പിൻ ബമ്പറിൽ ഘടിപ്പിച്ചിരിക്കുന്ന ടെയിൽ ലാംപ് ക്ലസ്റ്റർ, ഡ്യുവൽ ടോൺ എക്സ്റ്റീരിയർ എന്നിവയും ജിംനിയുടെ ക്ലാസിക് ഭംഗി വർദ്ധിപ്പിക്കുന്നു. ഇന്റീരിയറും ലളിതമാണ് . അതെ സമയം എം‌ഐ‌ഡി (മൾട്ടി-ഇൻഫർമേഷൻ ഡിസ്‌പ്ലേ), വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് എസി, ടോഗിൾ സ്വിച്ചുകൾ എന്നിവയുള്ള സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് പാനൽ ജിംനിയുടെ ഇന്റീരിയറിൽ ഇടം പിടിച്ചിട്ടുണ്ട്.

102 പിസ് പവറും 130 എന്‍എം ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് ഗ്ലോബല്‍ സ്പെക്ക് ജിംനിയുടെ ഹൃദയം. ഉല്‍പ്പാദിപ്പിക്കുന്ന കരുത്തും ലഭിക്കുന്ന ഇന്ധനക്ഷമതയും മികച്ചതാണ്. മൂന്നാം തലമുറ മോഡല്‍ മുതല്‍ കോയില്‍ സ്പ്രിംഗ് യൂണിറ്റിലേക്ക് സസ്‌പെന്‍ഷന്‍ മാറിയിരുന്നു. കൂടാതെ വാക്വം ലോക്കിംഗ് ഹബ്ബുകള്‍ ഇലക്ട്രോണിക് 4 വീല്‍ ഡ്രൈവ് സംവിധാനത്തിലേക്ക് മാറി. ഒറിജിനല്‍ എസ് യുവിയുടെ റെട്രോ ഭംഗി നിലനിര്‍ത്തിയതിനൊപ്പം തന്നെ സുസുകി ജിം‌നിയുടെ രൂപകല്‍പ്പന മുമ്പെന്നത്തേക്കാളും ആധുനികമായി.

ജിംനി സ്റ്റാന്റേര്‍ഡ്, ജിംനി സിയേറ എന്നീ രണ്ട് വകഭേദങ്ങളാണ് ജപ്പാനില്‍ ജിംനിക്കുള്ളത്.  2018ല്‍ യൂറോ എന്‍സിഎപി വിഭാഗം നടത്തിയ ക്രാഷ് ടെസ്റ്റില്‍ അഞ്ചില്‍ മൂന്ന് സ്റ്റാര്‍ റേറ്റിങ്ങ് ജിംനി സ്വന്തമാക്കിയിരുന്നു. ജിംനിയെ അടിസ്ഥാനമാക്കി 2019ല്‍ ഒരു മോണ്‍സ്റ്റര്‍ ട്രക്കും പിക്കപ്പ് കണ്‍സെപ്റ്റും കമ്പനി അവതരിപ്പിച്ചിരുന്നു.  42 ഇഞ്ച് സൂപ്പര്‍ സൈസ്ഡ് ടയര്‍, ഡെഡ്‌ലോക്ക് വീലുകള്‍, കരുത്തേറിയ മെറ്റല്‍ സസ്‌പെന്‍ഷന്‍, ഫ്‌ളാഷി കളര്‍ സ്‌കീം എന്നിവ നല്‍കിയാണ് ഈ വാഹനം ഒരുക്കിയിട്ടുള്ളത്. 

സുസുക്കി ജിംനിയുമായി ഇന്ത്യ ബന്ധം തുടങ്ങിയത് 1980 കളിലാണ്. ജാപ്പനീസ് വിപണിയിലുള്ള ജിംനിയുടെ രണ്ടാം തലമുറയുടെ പരിഷ്‌കരിച്ച രൂപമാണ് 1985ല്‍ ജിപ്‌സി എന്ന പേരില്‍ ഇന്ത്യയില്‍ എത്തിയത്.  എന്നാല്‍ മുപ്പത് വര്‍ഷം നീണ്ട ഇന്ത്യന്‍ ജീവിതത്തിനിടെ ജിപ്‌സി നിരവധി പരിഷ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. പുതിയ സുരക്ഷാ മാനദണ്ഡങ്ങളും ബിഎസ് 6 ബഹിര്‍ഗമന മാനദണ്ഡങ്ങളും പാലിക്കുംവിധം പരിഷ്‌കരിക്കില്ലെന്ന് മാരുതി സുസുക്കി തീരുമാനിച്ചതോടെ ഇന്ത്യയില്‍ നിന്നും അടുത്തിടെ ജിപ്‌സി പിന്‍വാങ്ങുകയും ചെയ്‍തു. 

എന്നാല്‍ ഇതാദ്യമായി പുതുതലമുറ സുസുക്കി ജിംനി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് മാരുതി സുസുക്കി. 2020 ഫെബ്രുവരിയില്‍ നടന്ന ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ ഈ എസ് യുവി പ്രദര്‍ശിപ്പിച്ചിരുന്നു. എന്നാല്‍ മറ്റ് വിപണികളില്‍ വില്‍ക്കുന്നതില്‍നിന്ന് വ്യത്യസ്തമായിരിക്കും ഇന്ത്യാ സ്‌പെക് ജിമ്‌നി. വീൽ ബേസ് കൂടുതലുള്ള അഞ്ച് ഡോർ അഥവാ രണ്ടാം നിര സീറ്റുള്ള ജിംനി സിയറ മോഡൽ ആയിരിക്കും ഇന്ത്യയിൽ ലോഞ്ച് ചെയ്യുക. നിർമ്മാണം പുരോഗമിക്കുന്ന അഞ്ച് ഡോർ ജിംനി ഇന്ത്യൻ സാഹചര്യങ്ങൾക്ക് അനുസരിച്ച് കൂടുതൽ പ്രായോഗിക മാറ്റങ്ങൾ വരുത്തിയാവും വില്പനക്ക് എത്തുക. ഗുജറാത്തിലുള്ള സുസുക്കി പ്ലാന്റിലായിരിക്കും പുത്തന്‍ ജിംനിയുടെ നിർമ്മാണം. 

Follow Us:
Download App:
  • android
  • ios