Asianet News MalayalamAsianet News Malayalam

നൂറ് വര്‍ഷം പൂര്‍ത്തിയാക്കി സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്‍

ആഗോള വിപണിയില്‍ നൂറ് വര്‍ഷം പൂര്‍ത്തിയാക്കി ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്‍. 

Suzuki Motor Corporation 100 Years
Author
Mumbai, First Published Mar 21, 2020, 3:14 PM IST

ആഗോള വിപണിയില്‍ നൂറ് വര്‍ഷം പൂര്‍ത്തിയാക്കി ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്‍. 1920 മാര്‍ച്ച് 15 നാണ് സുസുക്കി ലൂം മാനുഫാക്ച്ചറിംഗ് കമ്പനി എന്ന നെയ്ത്തുയന്ത്ര കമ്പനി മിച്ചിയോ സുസുകി സ്ഥാപിച്ചത്. പിന്നീടങ്ങോട്ട് നെയ്ത്തുയന്ത്രങ്ങള്‍ മുതല്‍ മോട്ടോര്‍സൈക്കിളുകള്‍, കാറുകള്‍, ഔട്ട്‌ബോര്‍ഡ് മോട്ടോറുകള്‍, എടിവികള്‍ എന്നിവ നിര്‍മിക്കുന്ന കമ്പനിയായി സുസുകി മോട്ടോര്‍ കോര്‍പ്പറേഷന്‍ വളര്‍ന്നു. നൂറ് വര്‍ഷമെന്ന നാഴികക്കല്ല് താണ്ടല്‍ സുസുകി മോട്ടോര്‍ കോര്‍പ്പറേഷന് എളുപ്പമായിരുന്നില്ല. പ്രതിസന്ധികള്‍ ഏറെയുണ്ടായിരുന്നു. എന്നാല്‍ അവയെല്ലാം മറികടന്നു.

ഇന്ന് കാറുകളുടെ പേരിലാണ് സുസുകി പ്രധാനമായും അറിയപ്പെടുന്നത്. 1954 ല്‍ ആണ് സുസുകി മോട്ടോര്‍ കമ്പനി ലിമിറ്റഡ് എന്ന പേര് സ്വീകരിക്കുന്നത്. ഇതേതുടര്‍ന്ന് 1955 ല്‍ സുസുലൈറ്റ് എന്ന ചെറുവാഹനം ജാപ്പനീസ് വിപണിയില്‍ അവതരിപ്പിച്ചു. സുസുകി വലിയ തോതില്‍ ഉല്‍പ്പാദനം നടത്തിയ ആദ്യ കാറാണ് സുസുലൈറ്റ്. 1990 ലാണ് സുസുകി മോട്ടോര്‍ കോര്‍പ്പറേഷന്‍ എന്ന പേരിലേക്ക് മാറിയത്. ആഗോളവല്‍ക്കരണ കാലത്ത് ബിസിനസ് വിപുലീകരണമെന്ന ലക്ഷ്യത്തോടെയായിരുന്നു ഈ പേരുമാറ്റം.

ആഭ്യന്തര, ആഗോള വിപണികളിലെ അതാതു കാലത്തെ പ്രവണതകള്‍ക്കനുസരിച്ച് ബിസിനസ് മുന്നോട്ടുനീക്കാന്‍ കമ്പനി വൈദഗ്ധ്യം കാണിച്ചു. കഴിഞ്ഞ നാല് പതിറ്റാണ്ടോളമായി സുസുകിയുടെ ഐശ്വര്യം മാരുതി സുസുക്കി ഇന്ത്യ എന്ന ഇന്ത്യയിലെ ഉപകമ്പനിയാണ്. 1982 ല്‍ സുസുകി മോട്ടോര്‍ കോര്‍പ്പറേഷനും ഭാരത സര്‍ക്കാരും ചേര്‍ന്നാണ് മാരുതി സുസുകി ഇന്ത്യ എന്ന സംയുക്ത സംരംഭം സ്ഥാപിച്ചത്.

സുസുകി മോട്ടോര്‍ കോര്‍പ്പറേഷനിലെ ഓരോരുത്തര്‍ക്കും ഇത് സുപ്രധാന നിമിഷമാണെന്ന് ചെയര്‍മാന്‍ ഒസാമു സുസുകി, പ്രസിഡന്റ് തോഷിഹിരോ സുസുകി എന്നിവര്‍ പറഞ്ഞു. പുതിയ നൂറ്റാണ്ടില്‍ ഇപ്പോഴത്തേക്കാള്‍ മികച്ച ബിസിനസ് പെര്‍ഫോമന്‍സാണ് ലക്ഷ്യമെന്ന് ഇരുവരും കൂട്ടിച്ചേര്‍ത്തു.

സുസുകി മോട്ടോര്‍ കോര്‍പ്പറേഷന്റെ ഐശ്വര്യം മാരുതി സുസുകി ഇന്ത്യയാണെന്ന് പറഞ്ഞല്ലോ. സുസുകി മോട്ടോര്‍ കോര്‍പ്പറേഷന്‍ ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ നിര്‍മിക്കുന്നത് ഇന്ത്യയിലാണ്. മാത്രമല്ല, സുസുകി മോട്ടോര്‍ കോര്‍പ്പറേഷന്റെ ആകെ വില്‍പ്പനയില്‍ ഏറ്റവും കൂടുതല്‍ സംഭാവന ചെയ്യുന്നത് ഇന്ത്യയിലെ പാസഞ്ചര്‍ വാഹന വിപണിയിലെ മാര്‍ക്കറ്റ് ലീഡറായ മാരുതി സുസുകിയാണ്.

മാരുതി സുസുകിയുടെ ഉല്‍പ്പാദനവും വില്‍പ്പനയും സുസുകി മോട്ടോര്‍ കോര്‍പ്പറേഷനും ഇന്ത്യന്‍ പാസഞ്ചര്‍ വാഹന വിപണിക്കും നിര്‍ണായകമാണ്. ഇന്ത്യയിലെ പാസഞ്ചര്‍ വാഹന വിപണിയില്‍ മാരുതി സുസുകി അനിഷേധ്യമായ ആധിപത്യം പുലര്‍ത്തുന്നു. വിപണി വിഹിതം വളരെ ഉയര്‍ന്നതാണ്. ഇന്ത്യയില്‍ വില്‍ക്കുന്ന ഓരോ രണ്ടാമത്തെയും യാത്രാ വാഹനം മാരുതിയുടേതാണ്. മാരുതി തുമ്മിയാല്‍ സുസുകി മോട്ടോര്‍ കോര്‍പ്പറേഷനും ഇന്ത്യന്‍ പാസഞ്ചര്‍ വാഹന വിപണിക്കും ജലദോഷം പിടിക്കുമെന്നതാണ് സ്ഥിതി. മാരുതി സുസുകിയുടെ 56.21 ശതമാനം ഓഹരിയാണ് സുസുകി മോട്ടോര്‍ കോര്‍പ്പറേഷന്‍ കൈവശം വെയ്ക്കുന്നത്. ചൈന, ഇന്തോനേഷ്യ, പാകിസ്ഥാന്‍, തായ്‌ലന്‍ഡ്, വിയറ്റ്‌നാം, ഫിലിപ്പീന്‍സ്, ഹംഗറി എന്നീ രാജ്യങ്ങളില്‍ സുസുകി മോട്ടോര്‍ കോര്‍പ്പറേഷന്റെ പാസഞ്ചര്‍ വാഹന അസംബ്ലി പ്ലാന്റുകള്‍ പ്രവര്‍ത്തിക്കുന്നു.

നിലവില്‍ ഇന്ത്യയിലെ പാസഞ്ചര്‍ വാഹന വിപണിയില്‍ 50.83 ശതമാനമാണ് മാരുതി സുസുകിയുടെ വിപണി വിഹിതം. 

Follow Us:
Download App:
  • android
  • ios