ഇന്ത്യയില്‍ 50 ലക്ഷം ഇരുചക്ര വാഹനങ്ങളെ പുറത്തിറക്കിയെന്ന് ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ. ഗുരുഗ്രാമിലെ നിർമാണ കേന്ദ്രത്തിൽ നിന്നും പുതിയ സുസുക്കി ജിക്സർ എസ്എഫ് 250 പുറത്തിറക്കിയതോടെയാണ് 50 ലക്ഷം എന്ന നാഴികക്കല്ല കമ്പനി പിന്നിട്ടത്. കമ്പനി നൂറാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് ഈ നേട്ടം. മാത്രമല്ല  2018-19 ലെ വിൽപ്പനയേക്കാൾ 2019-20ൽ 5.7 ശതമാനം വരെ വിൽപ്പന വർധിച്ചതായി കമ്പനി രേഖപ്പെടുത്തിയ സമയത്താണ് ഈ നാഴികക്കല്ല് പിന്നിട്ടെതന്നും ശ്രദ്ധേയമാണ്. 

ഈ വർഷം സുസുക്കി മോട്ടോർ കോർപ്പറേഷൻ നൂറാം വാർഷികം ആഘോഷിക്കുകയാണെന്നും ആ സാഹചര്യത്തിൽ തങ്ങളുടെ പ്രധാന വിപണികളിൽ ഒന്നായ ഇന്ത്യയിൽ 50 ലക്ഷം ഇരുചക്രവാഹന ഉൽ‌പന്നങ്ങൾ പുറത്തിറക്കാൻ സാധിച്ചത് കമ്പനിയുടെ വിജയഗാഥയിലേക്ക് കൂട്ടിച്ചേർക്കാൻ സാധിക്കുന്ന മറ്റൊരു പൊൻതൂവൽ കൂടിയാണെന്നും സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ മാനേജിംഗ് ഡയറക്ടർ കൊയിചിരോ ഹിറാവു പറഞ്ഞു. ഉപഭോക്താക്കൾ സുസുക്കി ഉൽ‌പ്പന്നങ്ങളിൽ കാണിക്കുന്ന അപാരമായ സ്നേഹത്തിനും വിശ്വാസത്തിനും ഇത് സാക്ഷ്യം വഹിക്കുന്നുവെന്നും ഈ നേട്ടം എല്ലാ ഉപഭോക്താക്കൾക്കും ഡീലർ പങ്കാളികൾക്കും ജീവനക്കാർക്കുമായി സമർപ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിൽ, 530 ലധികം ഡീലർഷിപ്പുകൾ കമ്പനിക്ക് ഇന്ത്യയിൽ തന്നെയുണ്ട്. രാജ്യത്തെ നിലവിലെ പാൻഡെമിക് സാഹചര്യം കണക്കിലെടുത്ത്, സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ അടുത്തിടെ സുസുക്കി അറ്റ് യുവർ ഡോർസ്റ്റെപ്പ് പ്രോഗ്രാമും അവതരിപ്പിച്ചിരുന്നു. ഡീലർഷിപ്പ് സന്ദർശിക്കാനുള്ള ആവശ്യകത കുറയ്ക്കുന്നതിലൂടെ പുതിയ സംരംഭം ഡോർസ്റ്റെപ്പ് വിൽപ്പനയും സേവനവും പ്രാപ്‍തമാക്കുന്നു. ഉപയോക്താക്കൾക്ക് ടെസ്റ്റ് റൈഡുകളും വിൽപ്പനാനന്തര സേവനങ്ങളും തിരഞ്ഞെടുക്കാം. ഈ ഓൺലൈൻ സേവനം രാജ്യത്തെ 112 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

സുസുക്കി ജിക്സർ എസ്‌എഫ് 250 ബി‌എസ് 6 നെക്കുറിച്ച് പറയുമ്പോൾ, ഇത് കമ്പനിയുടെ മുൻ‌നിര ഉൽ‌പ്പന്നമാണ്. ഈ വർഷം തുടക്കത്തിൽ 2020 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച വാഹനം മെറ്റാലിക് മാറ്റ് ബ്ലാക്ക്, മെറ്റാലിക് മാറ്റ് ബ്ലാക്ക് എന്നിവയോടുകൂടിയ മെറ്റാലിക് മാറ്റ് സിൽവറിന്റെ രണ്ട് ഷേഡുകളിലാണ് എത്തുന്നത്. 

249 സിസി സിംഗിൾ-സിലിണ്ടർ ഓയിൽ-കൂൾഡ് ഫ്യുവൽ ഇൻജെക്ടഡ് എൻജിനാണ് ജിക്സർ 250 ശ്രേണിയെ ചലിപ്പിക്കുന്നത്. പരിഷ്‌ക്കാരങ്ങൾക്ക് ശേഷം ഈ എൻജിൻ 9300 ആർപിഎമ്മിൽ 26 ബിഎച്പി പവറും 7300 അർപിഎമ്മിൽ 22.2 എൻഎം ടോർക്കും ആണ് നിർമ്മിക്കുന്നത്. ബിഎസ്4 എൻജിന്റെ ഔട്പുട്ടുമായി താരതമ്യം ചെയ്യുമ്പോൾ പവറിൽ മാറ്റം വന്നിട്ടില്ല അതേസമയം ടോർക്കിൽ 0.4 എൻഎം കുറവ് വന്നിട്ടുണ്ട്. 6 സ്പീഡ് ഗിയർബോക്‌സുമായാണ് പരിഷ്കരിച്ച എൻജിൻ ബന്ധിപ്പിച്ചിരിക്കുന്നത്.

എൽഇഡി ഹെഡ്‌ലാമ്പുകൾ, പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, ക്രോം ടച്ചുള്ള ഡ്യൂവല്‍ എക്‌സ്‌ഹോസ്റ്റ് മഫ്‌ളര്‍, സ്പ്ലിറ്റ് സീറ്റുകൾ, ഡ്യുവൽ-ചാനൽ എബിഎസ്, ഭംഗിയേറിയെ അലോയ് വീലുകൾ എന്നീ ഫീച്ചറുകൾ ബിഎസ്6 ജിക്സർ 250 ശ്രേണിയിലും മാറ്റമില്ലാതെ തുടരുന്നു. ഉയരവും വീതിയുമുള്ള ഹാൻഡിൽബാർ, വലിയ ടാങ്ക് ഷ്രോഡുകൾ എന്നിവ ജിക്സർ 250-യുടെ മാറ്റ് കൂട്ടുന്നു.