ആക്സസ് 125, ബർഗ്മാൻ സ്ട്രീറ്റ് മോഡലുകൾക്ക് പുതിയ കളർ ഓപ്ഷനുകൾ അവതരിപ്പിച്ച് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ സുസുക്കി. ആക്സസ് 125 ഇപ്പോൾ മെറ്റാലിക് റോയൽ ബ്രോൺസ്, മാറ്റ് ബ്ലൂ എന്നീ രണ്ട് പുതിയ നിറങ്ങളിൽ ലഭ്യമാണ്. ബർഗ്മാൻ സ്ട്രീറ്റിന് മാറ്റ് ബ്ലൂ എന്ന ഒരു പുതിയ പെയിന്റ് ഓപ്ഷൻ മാത്രമാണ് ലഭിക്കുന്നത്.

84,600 രൂപയാണ് ബർഗ്മാൻ സ്ട്രീറ്റിന്റെ വില. നിലവിൽ സുസുക്കി നിരയിലെ ഈ രണ്ട് മോഡലുകൾക്ക് മാത്രമാണ് ബ്ലൂടൂത്ത് കണക്റ്റിവിറ്റി സവിശേഷത ലഭ്യമാകൂ. മെസേജ് നോട്ടിഫിക്കേഷൻ (ഇൻകമിംഗ് കോളുകൾ, ടേൺ-ബൈ-ടേൺ നാവിഗേഷൻ, വാട്ട്‌സ്ആപ്പ്, എസ്എംഎസ്), കോളർ ഐഡി, മിസ്ഡ് കോൾ അലേർട്ട്, ഫോൺ ബാറ്ററി ലെവൽ, ഓവർ സ്പീഡ് എന്നിവ പോലുള്ള സവിശേഷതകൾ ബ്ലൂടൂത്ത് സാങ്കേതികവിദ്യ വഴി ലഭിക്കും.

ബ്ലൂടൂത്ത് പ്രവർത്തനക്ഷമമാക്കിയ സുസുക്കി ആക്സസ് 125 ഡ്രം ബ്രേക്ക് / അലോയ് വീലുകൾ, ഡിസ്ക് ബ്രേക്ക് / അലോയ് വീലുകൾ കോമ്പിനേഷനുകളിൽ ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാൻ സാധിക്കും. ഡ്രം ബ്രേക്ക് വേരിയന്റിന് 77,700 രൂപയും ഡിസ്ക് ബ്രേക്ക് പതിപ്പിന് 78,600 രൂപയുമാണ് എക്സ്ഷോറൂം വില. ആക്സസ് 125 സ്കൂട്ടറിന്റെ എല്ലാ വേരിയന്റുകളിലും എൽഇഡി പൊസിഷൻ ലാമ്പുകൾ ലഭ്യമാണ്.