Asianet News MalayalamAsianet News Malayalam

കേരളാ പൊലീസ് ഇനി പറന്നെത്തും, കിടിലന്‍ ബൈക്കുകള്‍ സമ്മാനിച്ച് ഒരു വണ്ടിക്കമ്പനി!

നഗരത്തിലെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിനായാണ് ഈ ബൈക്കുകള്‍ ഉപയോഗിക്കുക. 

Suzuki Motors Handover Gixxer 250 To Kerala Police
Author
Kozhikode, First Published Mar 6, 2020, 3:05 PM IST

വിദേശ രാജ്യങ്ങളിലെ പൊലീസ് സേനയെപ്പോലെ കോഴിക്കോട്ടെ ട്രാഫിക്ക് പൊലീസുകാരും ഇനി സ്‍പോര്‍ട്‍സ് ബൈക്കുകളില്‍ പറന്നെത്തും. ജാപ്പനീസ് ബൈക്ക് നിര്‍മ്മാതാക്കളായ സുസുക്കിയാണ് ട്രാഫിക് പൊലീസിന് അഞ്ച് ജിക്‌സര്‍ 250 ബൈക്കുകള്‍ സമ്മാനിച്ചത്. സുസുക്കിയുടെ കോര്‍പറേറ്റ് റെസ്‌പോണ്‍സിബിലിറ്റി പദ്ധതിയുടെ ഭാഗമായാണ് ബൈക്കുകള്‍ നല്‍കിയത്. 

നഗരത്തിലെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിനായാണ് ഈ ബൈക്കുകള്‍ ഉപയോഗിക്കുക. പൊലീസിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് മാറ്റങ്ങള്‍ വരുത്തിയാണ് വാഹനം കൈമാറിയത്. മൈക്കും ഉച്ചഭാഷിണിയും പ്രത്യേക ലൈറ്റും സൈറനും ബൈക്കുകളില്‍ ഘടിപ്പിച്ചിട്ടുണ്ട്. തിരക്കുള്ള സ്ഥലങ്ങളില്‍ പൊതുജനങ്ങള്‍ക്ക് അറിയിപ്പുകള്‍ നല്‍കാനാണിത്. ചുവപ്പ്, നീല നിറങ്ങളിലുള്ള ബീക്കണ്‍ ലൈറ്റുകള്‍, സൈഡ് ബോക്സുകള്‍, വിന്‍ഡ് ഷീല്‍ഡ് എന്നിവ ഈ ബൈക്കുകളില്‍ ഘടിപ്പിച്ചിട്ടുണ്ട്. വിന്‍ഡ് ഷീല്‍ഡ്, സൈഡ് ബോക്സ്, പെട്രോള്‍ ടാങ്ക് എന്നിവടങ്ങളില്‍ പോലീസ് സ്റ്റിക്കറും പതിപ്പിച്ചിട്ടുണ്ട്.

വെള്ള നിറത്തിലുള്ള ജിക്സര്‍ 250-യാണ് പോലീസിന് നല്‍കിയത്.  249 സിസി സിംഗിള്‍ സിലിണ്ടര്‍ ഓയില്‍ കൂള്‍ഡ് എന്‍ജിനാണ് ജിക്സര്‍ എസ്എഫിന്‍റെ ഹൃദയം. ആറ് സ്പീഡ് ഗിയര്‍ബോക്സാണ് ട്രാന്‍സ്‍മിഷന്‍. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഈസി സ്റ്റാര്‍ട്ട് സിസ്റ്റവും വാഹനത്തിലുണ്ട്. ഡ്യുവല്‍ ഡിസ്‌ക് ബ്രേക്കും ഇരട്ട ചാനല്‍ എബിഎസുമാണ് സുരക്ഷ. 

ഡെപ്യൂട്ടി കമ്മിഷണര്‍ എ.കെ. ജമാലുദ്ദീന് സുസൂക്കി മാനേജിങ് ഡയറക്ടര്‍ സി.പി. അബ്ദുള്ള, സുസൂക്കി റീജണല്‍ മാനേജര്‍മാരായ കൃഷ്ണപ്രശാന്ത്, ദിലീപ് എന്നിവര്‍ ബൈക്കുകളുടെ താക്കോല്‍ കൈമാറി.  2019ല്‍ സൂറത്ത് പൊലീസിനും ഗുരുഗ്രാം പോലീസിനും സുസുക്കി ഇതേ ബൈക്കുകള്‍ സമ്മാനിച്ചിരുന്നു. 2018-ലാണ് സുസുക്കി ഈ ഉദ്യമം ആരംഭിക്കുന്നത്. ഗുരുഗ്രാം പോലീസിന് ആകെ 20 ബൈക്കുകളും സുറത്ത് പോലീസിന് അഞ്ച് ബൈക്കുകളുമാണ് നല്‍കിയിട്ടുള്ളത്.

2019 ജൂണിലാണ് സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ ജിക്സർ SF 250-യെ വിപണിയിലെത്തിച്ച് 250സിസി ഇരുചക്ര വാഹനങ്ങളുടെ വിഭാഗത്തിലേക്ക് ചുവടുവച്ചത്. പ്രീമിയം സ്റ്റൈലിങ്ങിനൊപ്പം ഒരു സ്‌പോര്‍ട് ടൂറിങ് ബൈക്കിന്റെ സ്വഭാവവും കൂടിച്ചേർന്നതാണ് ജിക്സർ SF 250. സ്പോർടിയായ വലിപ്പം കൂടിയ ഫെയറിങ്, ഡ്യൂവല്‍ എക്‌സ്‌ഹോസ്റ്റ് മഫ്‌ളര്‍, ഭംഗിയേറിയെ അലോയ് വീലുകൾ, എല്‍ഇഡി ഹെഡ് ലൈറ്റ് എന്നിവയാണ് ജിക്സർ SF 250-യുടെ പ്രധാന ആകർഷണങ്ങൾ. 26 ബിഎച്ച്പി പവറും 22.6 എന്‍എം ടോര്‍ക്കുമേകുന്ന 249 സിസി സിംഗിള്‍ സിലിണ്ടര്‍ ഫോര്‍ സ്‌ട്രോക്ക് എന്‍ജിനാണ് ജിക്‌സര്‍ SF 250ക്ക് കരുത്തേകുക. ജിക്സർ, ജിക്സർ SF എന്നിവയുടെ ബിഎസ്6 പതിപ്പുകളെ അടുത്തിടെയാണ് കമ്പനി വിപണിയില്‍ അവതരിപ്പിച്ചത്. 

Follow Us:
Download App:
  • android
  • ios