കുമളിയിൽ നിന്ന് മധുരയിലേക്ക് പോയ തമിഴ്‍നാട് ട്രാൻസ്പോർട്ട് കോർപറേഷന്റെ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. 1300 അടിയില്‍ അധികം ആഴമുള്ള കൊക്കയ്ക്ക് തൊട്ടുമുന്നിലാണ് അപകടം. വന്‍ദുരന്തം തലനാരിഴക്ക് ഒഴിവായത് ബസ് ഡ്രൈവറുടെയും യാത്രികരുടെയും മനസാനിധ്യം മൂലമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 

തമിഴ്നാട്ടിലെ ലോവർ ക്യാംപിന് സമീപത്താണ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്. കുമളിയിൽ നിന്നും നാല് കിലോമീറ്ററോളം പിന്നിട്ടപ്പോൾ മാതാകോവിൽ ഭാഗത്ത് വച്ചു ബ്രേക്ക് പോകുകയായിരുന്നു. ഇതോടെ ഡ്രൈവർ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി. ശേഷം റോഡിന് ഒരു ഭാഗത്തുള്ള തിട്ടയിൽ ഇടിപ്പിച്ച് നിർത്താൻ ശ്രമിക്കുന്നതിനിടെ ബസ് റോഡിലേക്ക് മറിയുകയായിരുന്നു.  തൊട്ടുമുന്നിൽ 1300 അടിയിലധികം താഴ്ചയുള്ള കൊക്കയാണ്.  

അപകടത്തില്‍ മൂന്നു യാത്രക്കാർക്ക് നിസാര പരുക്കേറ്റു. 18 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. ഡ്രൈവറുടെ അവസരോചിതമായ ഇടപെടലും യാത്രക്കാരുടെ എണ്ണം കുറവായതും ഉള്ളവർ കരുതലോടെ നിന്നതിനാലുമാണ് വൻദുരന്തം ഒഴിവാക്കിയത്. മുമ്പും ഇവിടെ നടന്ന അപകടങ്ങളിൽ നിരവധി പേര്‍ക്ക് ജീവന്‍ നഷ്‍ടപ്പെട്ടിട്ടുണ്ട്.